ചണ്ഡീഗഡ് മേയര്‍ തെരഞ്ഞെടുപ്പ്: ഇന്ന് നിര്‍ണായകം, സുപ്രീംകോടതിയില്‍ റീ കൗണ്ടിങ്, വരണാധിക്കാരിക്കെതിരായ നടപടിയിലും തീരുമാനമുണ്ടാകും

എഎപി-കോണ്‍ഗ്രസ് സഖ്യത്തിന്റെ 8 വോട്ടുകള്‍ വരണാധികാരി അസാധുവാക്കി
സുപ്രീംകോടതി
സുപ്രീംകോടതിഫയൽ

ന്യൂഡല്‍ഹി: ചണ്ഡീഗഡ് മേയര്‍ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കേസില്‍ സുപ്രീംകോടതിയുടെ നിര്‍ണായക തീരുമാനം ഇന്നുണ്ടാകും. മേയര്‍ തെരഞ്ഞെടുപ്പിലെ ബാലറ്റ് പേപ്പറുകളും വീഡിയോ ദൃശ്യങ്ങളും കോടതി ഇന്ന് നേരിട്ടു പരിശോധിക്കും. രാവിലെ 10.30 ന് മുമ്പ് ബാലറ്റ് പേപ്പറുകള്‍ കോടതിയില്‍ ഹാജരാക്കണമെന്ന് ചീഫ് ജസ്റ്റിസ് നിര്‍ദേശം നല്‍കിയിരുന്നു.

മേയര്‍ തെരഞ്ഞെടുപ്പില്‍ നിലവില്‍ രേഖപ്പെടുത്തിയ വോട്ടുകള്‍ പുതിയ റിട്ടേണിങ് ഓഫീസര്‍ എണ്ണി ഫലം അറിയിക്കാനാണ് കോടതി നിര്‍ദേശിച്ചിട്ടുള്ളത്. ഒരു രാഷ്ട്രീയപാര്‍ട്ടിയുമായും ബന്ധമില്ലാത്ത ഉദ്യോഗസ്ഥനെ വരണാധികാരിയാക്കണമെന്നാണ് കോടതി നിര്‍ദേശം. വോട്ടെണ്ണല്‍ നിരീക്ഷിക്കാന്‍ ജൂഡീഷ്യല്‍ ഓഫീസറെ നിയോഗിക്കാന്‍ പഞ്ചാബ്-ഹരിയാന ഹൈക്കോടതിയോടും സുപ്രീംകോടതി ആവശ്യപ്പെട്ടിട്ടുണ്ട്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

എഎപി-കോണ്‍ഗ്രസ് സഖ്യത്തിന്റെ 8 വോട്ടുകള്‍ വരണാധികാരി അനില്‍ മാസിഹ് അസാധുവാക്കിയതിനെത്തുടര്‍ന്നാണ് ബിജെപി സ്ഥാനാര്‍ത്ഥി മനോജ് സോങ്കര്‍ മേയര്‍ തെരഞ്ഞെടുപ്പില്‍ വിജയിച്ചത്. ജനുവരി 30 ന് നടന്ന മേയര്‍ തെരഞ്ഞെടുപ്പില്‍ ഇന്ത്യ മുന്നണി സ്ഥാനാര്‍ത്ഥിയായി മത്സരിച്ച എഎപിയുടെ കുല്‍ദീപ് സിങ്ങിനെയാണ് പരാജയപ്പെടുത്തിയത്. തെരഞ്ഞെടുപ്പില്‍ ക്രമക്കേട് നടന്നുവെന്ന് ചൂണ്ടിക്കാട്ടി എഎപി സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു.

സുപ്രീംകോടതി
ജമ്മു കശ്മീരില്‍ മണിക്കൂറുകള്‍ക്കിടെ വീണ്ടും ഭൂചലനം; 3.7 തീവ്രത

എട്ടു ബാലറ്റ് പേപ്പറുകളില്‍ X മാര്‍ക്ക് ഇട്ടതായി വരണാധികാരിയായിരുന്ന അനില്‍ മാസിഹ് ഇന്നലെ കോടതിയില്‍ സമ്മതിച്ചിരുന്നു. തെരഞ്ഞെടുപ്പില്‍ ഇടപെട്ടുവെന്ന് ചൂണ്ടിക്കാട്ടിയ സുപ്രീംകോടതി, വരണാധികാരിയെ പ്രോസിക്യൂട്ട് ചെയ്യുമെന്നും പ്രസ്താവിച്ചിരുന്നു. പ്രിസൈഡിങ് ഓഫീസറായ അനില്‍ മാസിഹിനെതിരെ എന്തു നടപടി സ്വീകരിക്കും എന്നതിലും സുപ്രീം കോടതി ഇന്ന് തീരുമാനമെടുത്തേക്കും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com