ലൈംഗികാതിക്രമം ജീവിതകാലം മുഴുവന്‍ പിന്തുടരുന്ന ട്രോമ; യാന്ത്രികമായി കാണരുതെന്ന് ഹൈക്കോടതി

അവര്‍ കടന്നുപോയ ട്രോമ  കടലാസില്‍ എഴുതി ഫലിപ്പിക്കാന്‍ കഴിയണമെന്നില്ല
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ന്യൂഡല്‍ഹി: പ്രായപൂര്‍ത്തിയാവാത്തവര്‍ക്കു നേരെയുള്ള ലൈംഗികാതിക്രമവുമായി ബന്ധപ്പെട്ട കേസുകള്‍ കോടതികള്‍ തീര്‍ത്തും യാന്ത്രികമായി കൈകാര്യം ചെയ്യരുതെന്ന് ഡല്‍ഹി ഹൈക്കോടതി. അതിക്രമത്തിന് ഇരയാവുന്നവര്‍ ജീവിതകാലം മുഴുവന്‍ അനുഭവിക്കേണ്ടിവരുന്ന മാനസിക സംഘര്‍ഷം പരിഗണിക്കണമെന്ന് ജസ്റ്റിസ് സ്വര്‍ണ കുമാര്‍ ശര്‍മ നിര്‍ദേശിച്ചു. 

മൊഴിയിലെ തീയതികള്‍ തമ്മില്‍ പൊരുത്തക്കേടുണ്ടെന്നു ചൂണ്ടിക്കാട്ടി, ഇരയുടെ ഹര്‍ജി തള്ളിയ വിചാരണക്കോടതി ഉത്തരവ് റദ്ദാക്കിക്കൊണ്ടാണ് ഹൈക്കോടതിയുടെ നിരീക്ഷണം. ജീവിതകാലം മുഴുവന്‍ പിന്തുടരുന്ന ട്രോമ അനുഭവിക്കുന്നവര്‍ വിശദാംശങ്ങളെ കൃത്യതയോടെ പുനസൃഷ്ടിക്കുമെന്നു പ്രതീക്ഷിക്കരുതെന്ന് കോടതി പറഞ്ഞു.

സഹോദരീഭര്‍ത്താവും സുഹൃത്തുക്കളും ചേര്‍ന്നു ബലാത്സംഗം ചെയ്‌തെന്ന കേസിലെ ഇരയായ പെണ്‍കുട്ടിയാണ്, സിസിടിവി ദൃശ്യങ്ങളും കോള്‍ രേഖകളും പരിശോധിക്കണമെന്ന് ആവശ്യപ്പെട്ടു കോടതിയെ സമീപിച്ചത്. എന്നാല്‍ പൊലീസിനു നല്‍കിയ മൊഴിയില്‍ തീയതിയില്‍ പൊരുത്തക്കേടുണ്ടെന്നു ചൂണ്ടിക്കാട്ടി കോടതി ഹര്‍ജി തള്ളുകയായിരുന്നു. മാനസിക ആഘാതത്തെത്തുടര്‍ന്നു ചികിത്സയിലായിരുന്ന പെണ്‍കുട്ടി, ചികിത്സ പൂര്‍ത്തിയാക്കിയ ശേഷമാണ് കോടതിയില്‍ ഹര്‍ജി നല്‍കിയത്. ആദ്യം നല്‍കിയ മൊഴിയിലെ തീയതി പിശകായിരുന്നെന്നു ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടി. പുതുതായി പരാമര്‍ശിക്കുന്ന തീയതികളിലെ സിസിടിവി ദൃശ്യവും കോള്‍ രേഖയും പരിശോധിക്കണമെന്നാണ് ഹര്‍ജിയില്‍ ആവശ്യപ്പെട്ടത്.

ആദ്യം പറഞ്ഞ തീയതി മാറ്റിപ്പറഞ്ഞെന്ന കാരണം ചൂണ്ടിക്കാട്ടി പെണ്‍കുട്ടിയുടെ ആവശ്യം നിരസിച്ച വിചാരണക്കോടതി ഉത്തരവിനെ ഹൈക്കോടതി വി്മര്‍ശിച്ചു. കുട്ടികള്‍ക്കു നേരെയുള്ള ലൈംഗിക അതിക്രമ കേസുകളിലെ എഫ്‌ഐആറുകള്‍ കേവലം അച്ചടിച്ച കടലാസ് മാത്രമല്ല, അത് അവര്‍ കടന്നുപോയ ട്രോമയുടെ വിവരണമാണ്. അതിനെ കടലാസില്‍ എഴുതി ഫലിപ്പിക്കാന്‍ കഴിയണമെന്നില്ല. ജീവിതകാലം മുഴുവന്‍ പിന്തുടരുന്ന ട്രോമയിലൂടെയാണ് അവര്‍ കടന്നുപോവുന്നത്. ഇത്തരമൊരു സാഹചര്യത്തെ തീര്‍ത്തും യാന്ത്രികമായി സമീപിക്കരുത്- ഹൈക്കോടതി പറഞ്ഞു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com