പൊട്ടിത്തെറിയില്‍ യുവാവ് 'മരിച്ചു'; ശവസംസ്‌കാരത്തിന് പിന്നാലെ ഭാര്യ ജീവനൊടുക്കി, ഭര്‍ത്താവ് 'ജീവനോടെ' ആശുപത്രിയില്‍, സംഭവം ഇങ്ങനെ 

ഭര്‍ത്താവ് മരിച്ചെന്ന് കരുതി, മനോവിഷമത്തില്‍ യുവതി ജീവനൊടുക്കിയതിന് പിന്നാലെ ഭര്‍ത്താവ് 'ജീവനോടെ'.
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ഭുവനേശ്വര്‍: ഭര്‍ത്താവ് മരിച്ചെന്ന് കരുതി, മനോവിഷമത്തില്‍ യുവതി ജീവനൊടുക്കിയതിന് പിന്നാലെ ഭര്‍ത്താവ് 'ജീവനോടെ'. മൃതദേഹം തിരിച്ചറിയുന്നതില്‍ ആശുപത്രി അധികൃതര്‍ക്ക് പറ്റിയ തെറ്റുമൂലമാണ് ഭര്‍ത്താവ് മരിച്ചെന്ന് വിശ്വസിച്ചത് എന്ന് കുടുംബം ആരോപിക്കുന്നു. ആശുപത്രിയില്‍ ഉണ്ടായ പൊട്ടിത്തെറിയില്‍ രണ്ടുപേര്‍ മരിക്കുകയും ഒരാള്‍ക്ക് ഗുരുതരമായി പൊള്ളലേല്‍ക്കുകയും ചെയ്തിരുന്നു. ശരീരമാസകലം പൊള്ളലേറ്റതിനാല്‍ മരിച്ചവരെ കൃത്യമായി തിരിച്ചറിയാന്‍ സാധിച്ചിരുന്നില്ല. ഇതില്‍ ഒരാള്‍ ഭര്‍ത്താവ് ആണ് എന്ന ആശുപത്രി അധികൃതരുടെ വിശദീകരണത്തില്‍ വിശ്വസിച്ചാണ് യുവതി ആത്മഹത്യ ചെയ്തതെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഒഡിഷ തലസ്ഥാനമായ ഭുവനേശ്വറിലെ ആശുപത്രിയിലാണ് സംഭവം. 34കാരനായ ദിലീപ് മരിച്ചെന്ന് കരുതി, ആശുപത്രി അധികൃതര്‍ വിട്ടുനല്‍കിയ മറ്റൊരു ജീവനക്കാരന്റെ മൃതദേഹമാണ് കുടുംബം സംസ്‌കരിച്ചത്. ഇതിന് പിന്നാലെയാണ് ദിലീപിന്റെ ഭാര്യ ജീവനൊടുക്കിയത്. വീഴ്ച സംഭവിച്ച ആശുപത്രിക്കെതിരെ കുടുംബം പ്രതിഷേധിച്ചു. 

ദിലീപ് അടക്കം മൂന്ന് എസി ടെക്‌നീഷ്യന്മാര്‍ എസി സര്‍വീസ് ചെയ്യുന്നതിനിടെയാണ് ആശുപത്രിയില്‍ പൊട്ടിത്തെറി ഉണ്ടായത്. മൂന്ന് പേര്‍ക്കും ഗുരുതരമായി പൊള്ളലേറ്റു. പൊട്ടിത്തെറിയില്‍ ശ്രീതം, ജ്യോതിരഞ്ജന്‍ എന്നവരാണ് മരിച്ചത്. എന്നാല്‍ ജ്യോതിരഞ്ജന് പകരം മരിച്ചത് ദിലീപ് ആണെന്നാണ് ആശുപത്രി അധികൃതര്‍ നല്‍കിയ വിവരം. ശരീരം മുഴുവന്‍ പൊള്ളലേറ്റ നിലയിലായതിനാല്‍ മൃതേഹം ആരുടേത് എന്ന് എളുപ്പം തിരിച്ചറിയാന്‍ കഴിഞ്ഞിരുന്നില്ല. ആശുപത്രി അധികൃതരുടെ വാക്ക് കേട്ട് മൃതദേഹം സംസ്‌കരിച്ചു. ഇതിന് പിന്നാലെയാണ് ഭര്‍ത്താവ് മരിച്ചതിന്റെ മനോവിഷമത്തില്‍ സോന ജീവനൊടുക്കിയത്.

നിലവില്‍ ദിലീപ് അതേ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ്. പരിക്കില്‍ നിന്ന് മുക്തി നേടിയ ദിലീപ് ആണ് മരിച്ചത് എന്ന് കരുതി ജ്യോതിരഞ്ജന്റെ മൃതദേഹമാണ് കുടുംബത്തിന് കൈമാറിയത്. ആശുപത്രി അധികൃതരുടെ വാക്ക് വിശ്വസിച്ച് പൊലീസാണ് മൃതദേഹം കുടുംബത്തിന് കൈമാറിയത്. ആശുപത്രിയുടെ വീഴ്ച കാരണം മരുമകള്‍ മരിച്ചെന്ന് ആരോപിച്ച് കുടുംബം ആശുപത്രിക്ക് മുന്നില്‍ പ്രതിഷേധിച്ചു.

തന്റെ ഭര്‍ത്താവ് മരിച്ച് പോയത് അറിയാതെ, പൊള്ളലേറ്റ് ചികിത്സയില്‍ കഴിയുന്നത് ജ്യോതിരഞ്ജന്‍ ആണെന്ന് കരുതി ആശുപത്രിയില്‍ കൂട്ടിരുന്ന ഭാര്യ അര്‍പിതയെ എങ്ങനെ ആശ്വസിപ്പിക്കുമെന്ന് അറിയാതെ വിഷമിച്ചിരിക്കുകയാണ് അവരുടെ കുടുംബം. എന്നാല്‍ ആശുപത്രി ആരോപണം നിഷേധിച്ചു. എസി ടെക്‌നീഷ്യന്മാര്‍ സ്വകാര്യ കമ്പനിയില്‍ നിന്ന് വന്നവരാണ്. കമ്പനിയുടെ കോണ്‍ട്രാക്ടര്‍ പറഞ്ഞത് അനുസരിച്ചാണ് ഓരോരുത്തരെയും തിരിച്ചറിഞ്ഞതെന്നും ആശുപത്രി അധികൃതര്‍ പറയുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com