ഇലക്ട്രിക് സ്‌കൂട്ടര്‍ പൊട്ടിത്തെറിച്ചു; ഉപഭോക്താവിന് 10 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവ്

 കമ്മീഷന്‍ പ്രസിഡന്റ് ഗജ്ജല വെങ്കിടേശ്വരലുവും അംഗം മാക്കം വിജയ് കുമാറും ആണ് ഇത് സംബന്ധിച്ച ഹര്‍ജി പരിശോധിച്ചത്.
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ഹൈദരാബാദ്: തെലങ്കാനയില്‍ ഇലക്ട്രിക് സ്‌കൂട്ടര്‍ പൊട്ടിത്തെറിച്ച് അപകടമുണ്ടായതിനെത്തുടര്‍ന്ന് ഉപഭോക്താവിന് 10 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ ജില്ലാ ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷന്‍ ഉത്തരവിട്ടു.  കമ്മീഷന്‍ പ്രസിഡന്റ് ഗജ്ജല വെങ്കിടേശ്വരലുവും അംഗം മാക്കം വിജയ് കുമാറും ആണ് ഇത് സംബന്ധിച്ച ഹര്‍ജി പരിശോധിച്ചത്. ഇലക്ട്രിക് സ്‌കൂട്ടര്‍ നിര്‍മാതാക്കളായ ബെന്‍ലിംഗാണ് തുക നല്‍കേണ്ടത്. 

പൊട്ടിത്തെറിച്ചതിന്റെ കാരണങ്ങള്‍ മനസിലാക്കേണ്ടത് നിര്‍മാതാവിന്റെ ഉത്തരവാദിത്തമാണ്. മനസിലാക്കിയാല്‍ മാത്രം പോര പരാതിക്കാര്‍ക്ക് നേരിടേണ്ടി വന്ന നാശനഷ്ടങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കേണ്ടതും കടമയാണെന്നും എന്നാല്‍ ഇക്കാര്യത്തിലൊന്നും നിര്‍മാതാക്കള്‍ മെനക്കെടുന്നില്ലെന്നുമാണ് കോടതി പരാമര്‍ശം. 

ബെന്‍ലിങ്ങില്‍ നിന്ന് 2021 ഏപ്രിലില്‍ വാങ്ങിയ ഇലക്ട്രിക് സ്‌കൂട്ടര്‍ 2023 ഫെബ്രുവരിയില്‍ പൊട്ടിത്തെറിച്ചെന്നാണ് പരാതിയില്‍ പറയുന്നത്. 13.5 ലക്ഷം രൂപ നഷ്ടപരിഹാരവും 40,000 രൂപ വ്യവഹാരച്ചെലവും നല്‍കണമെന്നായിരുന്നു പരാതിക്കാര്‍ ആവശ്യപ്പെട്ടത്. നഷ്ടപ്പെട്ടതിന് പകരമായി ഒരു സ്‌കൂട്ടര്‍ നല്‍കാന്‍ കഴിഞ്ഞില്ലെങ്കില്‍ തുല്യമായ വില നല്‍കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടു. പരാതികള്‍ നല്‍കിയിട്ടും വാഹന നിര്‍മ്മാതാക്കളോ വാഹന ഡീലറോ മറുപടി നല്‍കാത്തതിനെത്തുടര്‍ന്നാണ് കോടതിയെ സമീപിച്ചതെന്ന് പരാതിക്കാര്‍ കമ്മീഷനെ അറിയിച്ചത്. വാഹന നിര്‍മാതാക്കള്‍ക്കും ഡീലര്‍മാര്‍ക്കും കമ്മീഷന്‍ നോട്ടീസ് അയച്ചെങ്കിലും ഹാജരായില്ല. തുടര്‍ന്നാണ് എക്‌സ്പാര്‍ട്ടി ഉത്തരവ് പുറപ്പെടുവിച്ചത്. നാശനഷ്ടങ്ങള്‍ക്ക് 10 ലക്ഷം രൂപയും വ്യവഹാര ചെലവുകള്‍ക്കായി 10,000 രൂപയും നല്‍കാനുമാണ് കമ്മീഷന്‍ നിര്‍ദ്ദേശം. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com