പാസ്‌പോര്‍ട്ടില്ലാതെ യാത്രക്കാര്‍ ബംഗ്ലാദേശില്‍!; മുംബൈ - ഗുവാഹത്തി വിമാനത്തിന് ധാക്കയില്‍ അടിയന്തര ലാന്‍ഡിങ്

യാത്രക്കാരെല്ലാം വിമാനത്തില്‍ തന്നെ തുടരുകയാണെന്നാണ് ലഭിക്കുന്ന വിവരം.
ഇന്‍ഡിഗോ വിമാനത്തില്‍ യാത്രക്കാര്‍/ എക്‌സ്
ഇന്‍ഡിഗോ വിമാനത്തില്‍ യാത്രക്കാര്‍/ എക്‌സ്

ന്യൂഡല്‍ഹി: മോശം കാലാവസ്ഥയെ തുടര്‍ന്ന് മുംബൈ - ഗുവാഹത്തി ഇന്‍ഡിഗോ വിമാനം ബംഗ്ലാദേശ് തലസ്ഥാനമായ ധാക്കയില്‍ അടിയന്തരമായി ഇറക്കി. കനത്ത മൂടല്‍മഞ്ഞ് കാഴ്ച മറച്ചതോടെ വിമാനത്തിന്  ഗുവാഹത്തി വിമാനത്താവളത്തില്‍ ഇറങ്ങാന്‍ സാധിച്ചിരുന്നില്ല. തുടര്‍ന്ന് ശനിയാഴ്ച പുലര്‍ച്ചയോടെ വിമാനം ധാക്കയില്‍ അടിയന്തരമായി ഇറക്കുകയായിരുന്നു. യാത്രക്കാരെല്ലാം വിമാനത്തില്‍ തന്നെ തുടരുകയാണെന്നാണ് ലഭിക്കുന്ന വിവരം.

മുംബൈയില്‍നിന്നും ഗുവാഹത്തിയിലേക്കുള്ള ഇന്‍ഡിഗോയുടെ 6ഇ 5319 വിമാനമാണ് അടിയന്തരമായി ലാന്‍ഡ് ചെയ്തത്. വിമാനം വഴിതിരിച്ചുവിട്ടതിന് പിന്നാലെ യാത്രക്കാര്‍ സാമൂഹ്യമാധ്യമങ്ങളില്‍ നിരാശ പങ്കുവെച്ചു.

മുംബൈ യൂത്ത് കോണ്‍ഗ്രസ് മുന്‍ നേതാവ് സൂരജ് സിങ് ഠാക്കൂര്‍ എക്സ് പോസ്റ്റില്‍ യാത്രക്കാര്‍ മണിക്കൂറുകളോളം വിമാനത്തില്‍ കുടുങ്ങിയതായി പറഞ്ഞു. 'പാസ്‌പോര്‍ട്ട് ഇല്ലാതെ തന്നെ ഞങ്ങള്‍ ബംഗ്ലാദേശിലെത്തി' സൂരജ് സിങ് ഠാക്കൂര്‍ എക്‌സില്‍ കുറിച്ചു.  ഇംഫാലില്‍ കോണ്‍ഗ്രസിന്റെ ഭാരത് ജോഡോ ന്യായ യാത്രയില്‍ പങ്കെടുക്കാന്‍ പോകുകയായിരുന്നു സൂരജ് സിങ്‌.

അതേസമയം ധാക്കയില്‍നിന്ന് ഗുവാഹത്തിയിലേക്ക് യാത്രക്കാരെ എത്തിക്കുന്നതിനാവശ്യമായ സജ്ജീകരണങ്ങള്‍ നടത്തിവരികയാണെന്നും യാത്രക്കാര്‍ക്ക് ആവശ്യമായ പ്രാഥമിക സഹായങ്ങളൊക്കെ ചെയ്തുവരുന്നുണ്ടെന്നും ഇന്‍ഡിഗോ കുറിപ്പില്‍ അറിയിച്ചു.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com