ബാബരി മസ്ജിദ് തുറന്നുകൊടുത്തതിന് ഉത്തരവാദി കോണ്‍ഗ്രസ്; രാജീവ് ഗാന്ധിയല്ലെന്ന് മണിശങ്കര്‍ അയ്യര്‍

നരസിംഹ റാവുവിന്റെ സ്ഥാനത്ത് രാജീവ് ആയിരുന്നു പ്രധാനമന്ത്രിയെങ്കില്‍ മസ്ജിദ് ഇപ്പോഴും ഉണ്ടാവുമായിരുന്നുവെന്ന് അയ്യര്‍
മണിശങ്കര്‍ അയ്യര്‍/ ഫയല്‍
മണിശങ്കര്‍ അയ്യര്‍/ ഫയല്‍

ന്യൂഡല്‍ഹി: ബാബരി മസ്ജിദിന്റെ വാതിലുകള്‍ ഹിന്ദുക്കള്‍ക്ക് ആരാധനയ്ക്കു തുറന്നു നല്‍കിയതിന് ഉത്തരവാദി മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയല്ല, മറിച്ച് കോണ്‍ഗ്രസാണെന്ന്, പാര്‍ട്ടി നേതാവ് മണി ശങ്കര്‍ അയ്യര്‍. കോണ്‍ഗ്രസില്‍ ബിജെപി പ്ലാന്റ് ചെയ്ത അരുണ്‍ നെഹ്‌റുവാണ് അതിനു പിന്നില്‍ പ്രവര്‍ത്തിച്ചതെന്ന് അയ്യര്‍ പറഞ്ഞു.

നരസിംഹ റാവുവിന്റെ സ്ഥാനത്ത് രാജീവ് ആയിരുന്നു പ്രധാനമന്ത്രിയെങ്കില്‍ മസ്ജിദ് ഇപ്പോഴും ഉണ്ടാവുമായിരുന്നുവെന്ന് അയ്യര്‍ പറഞ്ഞു. മസ്ജിദ് നിലനില്‍ക്കണം, ക്ഷേത്രവും പണിയണം എന്നായിരുന്നു രാജീവിന്റെ ഉള്ളില്‍. വര്‍ഷങ്ങള്‍ക്കിപ്പുറം സുപ്രീം കോടതി എത്തിയ നിലപാടിലേക്ക് രാജീവ് അന്നുതന്നെ എത്തിയിരുന്നുവെന്ന് അയ്യര്‍ പറഞ്ഞു. രാജീവിനെക്കുറിച്ചുള്ള പുതിയ പുസ്തകത്തിന്റെ പ്രകാശന ചടങ്ങില്‍ ആയിരുന്നു മണിശങ്കര്‍ അയ്യറുടെ തുറന്നുപറച്ചില്‍.

1986ല്‍ രാജീവ് ഗാന്ധിക്ക് ലോക്‌സഭയില്‍ നാനൂറിലേറെ സീറ്റുകളുടെ പിന്തുണയുണ്ടായിരുന്നു. അതുകൊണ്ടുതന്നെ മുസ്ലിംകളെ പ്രീണിപ്പിക്കേണ്ട കാര്യമോ ഹിന്ദു വികാരം മുതലെടുക്കേണ്ട കാര്യമോ ഉണ്ടായിരുന്നില്ല. ബാബരി മസ്ജിദിന്റെ പൂട്ട് തുറക്കാനുള്ള തീരുമാനത്തിനു പിന്നില്‍ പ്രവര്‍ത്തിച്ചത് അരുണ്‍ നെഹ്‌റുവാണ്. അദ്ദേഹം ലക്‌നൗവില്‍ പഠിച്ചയാളാണ്, അവിടത്തെ ഒരു പ്രാദേശിക പ്രശ്‌നം മാത്രമായിരുന്നു അത്. എന്നാല്‍ അരുണ്‍ നെഹ്‌റുവിന്റെ ഉള്ളില്‍ അതിങ്ങനെ കിടക്കുന്നുണ്ടായിരുന്നു. പാര്‍ട്ടിയിലെ തന്റെ സ്വാധീനം ഉപയോഗിച്ച്, അധികമൊന്നും അറിയപ്പെടാത്ത വീര്‍ ബഹാദൂര്‍ സിങ്ങിനെ മുഖ്യമന്ത്രിയാക്കിയത് അരുണ്‍ നെഹറുവാണ്. സ്ഥാനമേറ്റ ശേഷം സിങ് ആദ്യം ചെയ്തത് അയോധ്യയില്‍ പോയി വിഎച്ച്പി നേതാവ് ദേവകി നന്ദന്‍ അഗര്‍വാളിനെ കാണുകയാണ്. അഗര്‍വാള്‍ നല്‍കിയ നിവേദനത്തിന്റെ പേരിലാണ് പൂട്ടു തുറന്നത്- മണിശങ്കര്‍ അയ്യര്‍ പറഞ്ഞു.

വിഷയം ഫൈസാബാദ് ജില്ലാ കോടതിക്കു മുമ്പില്‍ വന്നപ്പോള്‍ പൂട്ട് അത്യാവശ്യമല്ലെന്ന നിലപാടാണ് ജില്ലാ കലക്ടറും എസ്പിയും സ്വീകരിച്ചത്. രാജിവിന് അതൊന്നും അറിയുമായിരുന്നില്ല. രാജീവ് അറിഞ്ഞാല്‍ സമ്മതിക്കില്ലെന്ന് ഉറപ്പുണ്ടായിരുന്നതിനാല്‍ ഇതെല്ലാം അദ്ദേഹത്തില്‍നിന്നു മറച്ചുവച്ചു. അരുണ്‍ നെഹ്‌റു പിന്നീട് ബിജെപിയില്‍ ചേര്‍ന്നു. നെഹ്‌റുവിനെ ബിജെപി കോണ്‍ഗ്രസില്‍ പ്ലാന്റ് ചെയ്തതാണെന്ന് അയ്യര്‍ പറഞ്ഞു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com