'ഇന്ത്യ'യുടെ നേതൃത്വം തട്ടിയെടുക്കാന്‍ കോണ്‍ഗ്രസ് ശ്രമിച്ചു; ഖാര്‍ഗെയുടെ പേര് ഉയര്‍ന്നത് ഗൂഢാലോചന: ആരോപണവുമായി ജെഡിയു

'ബിജെപിയെ നേരിടാന്‍ കൃത്യമായ പദ്ധതിയോ മാര്‍ഗരേഖയോ കൊണ്ടുവരുന്നതില്‍ ഇന്ത്യ സഖ്യം പരാജയപ്പെട്ടു'
ഖാർ​ഗെയും രാഹുൽ​ഗാന്ധിയും ഇന്ത്യ മുന്നണി യോ​ഗത്തിൽ
ഖാർ​ഗെയും രാഹുൽ​ഗാന്ധിയും ഇന്ത്യ മുന്നണി യോ​ഗത്തിൽ പിടിഐ-ഫയൽ

പട്‌ന: പ്രതിപക്ഷ പാര്‍ട്ടികളുടെ സഖ്യമായ ഇന്ത്യാ മുന്നണിയുടെ നേതൃത്വം തട്ടിയെടുക്കാന്‍ കോണ്‍ഗ്രസ് ശ്രമിച്ചെന്ന ആരോപണവുമായി ജനതാദള്‍ യുണൈറ്റഡ്. മഹാസഖ്യം ഉപേക്ഷിച്ച് നിതീഷ് കുമാര്‍ ബിഹാര്‍ മുഖ്യമന്ത്രി സ്ഥാനം രാജിവെച്ചതിന് പിന്നാലെയാണ് ജെഡിയു നേതാവ് കെസി ത്യാഗി കോണ്‍ഗ്രസിനെതിരെ ആരോപണവുമായി രംഗത്തു വന്നത്. സീറ്റു വിഭജന ചര്‍ച്ചകള്‍ കോണ്‍ഗ്രസ് വലിച്ചു നീട്ടിക്കൊണ്ടുപോകുകയായിരുന്നുവെന്നും ത്യാഗി ആരോപിച്ചു.

ലോക്‌സഭ തെരഞ്ഞെടുപ്പില്‍ നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള ബിജെപി സര്‍ക്കാരിനെ തോല്‍പ്പിക്കാന്‍ ഒറ്റലക്ഷ്യത്തോടെ പ്രവര്‍ത്തിക്കുക എന്ന ഉദ്ദേശത്തോടെയാണ് 28 പ്രതിപക്ഷ പാര്‍ട്ടികള്‍ ചേര്‍ന്ന് ഇന്ത്യാ മുന്നണി രൂപീകരിക്കുന്നത്. മുംബൈയില്‍ ചേര്‍ന്ന യോഗത്തില്‍ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയെ തീരുമാനിക്കാതെ, ബിജെപിയെ തോല്‍പ്പിക്കുക എന്ന പ്രധാന അജണ്ട ലക്ഷ്യമാക്കി ഒരുമിച്ചു പ്രവര്‍ത്തിക്കാനാണ് ഏകകണ്ഠമായി തീരുമാനിച്ചത്.

എന്നാല്‍ ഡിസംബര്‍ 19 ന് നടന്ന യോഗത്തില്‍ ഇന്ത്യ സഖ്യത്തിന്റെ നേതൃത്വം തട്ടിയെടുക്കാന്‍ കോണ്‍ഗ്രസ് ആഗ്രഹിച്ചു. ഇതിന്റെ ഗൂഢാലോചനയുടെ ഭാഗമായാണ്, യോഗത്തില്‍ വെച്ച് മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെപേര് പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിത്വത്തിലേക്ക് ഉയര്‍ന്നു വന്നത്. മമത ബാനര്‍ജി ഖാര്‍ഗെയുടെ പേര് നിര്‍ദേശിക്കുകയും അരവിന്ദ് കെജരിവാള്‍ പിന്താങ്ങുകയുമാണ് ചെയ്തത്.

ഖാർ​ഗെയും രാഹുൽ​ഗാന്ധിയും ഇന്ത്യ മുന്നണി യോ​ഗത്തിൽ
ബിഹാറില്‍ വീണ്ടും എന്‍ഡിഎ; അവകാശവാദം ഉന്നയിച്ച് ഗവര്‍ണര്‍ക്ക് കത്ത്; നിതീഷിന്റെ സത്യപ്രതിജ്ഞ വൈകീട്ട് അഞ്ചിന് ?

സീറ്റ് വിഭജന ചര്‍ച്ചകള്‍ക്കായി ജെഡിയു ആദ്യം സമ്മര്‍ദ്ദം ചെലുത്തിയപ്പോള്‍, കോണ്‍ഗ്രസ് ചര്‍ച്ചകള്‍ വൈകിപ്പിക്കുകയായിരുന്നു. ബിജെപിയെ നേരിടാന്‍ കൃത്യമായ പദ്ധതിയോ മാര്‍ഗരേഖയോ കൊണ്ടുവരുന്നതില്‍ ഇന്ത്യ സഖ്യം പരാജയപ്പെട്ടുവെന്നും കെ സി ത്യാഗി കുറ്റപ്പെടുത്തി. അതേസമയം ഇന്ത്യ മുന്നണി ബന്ധം ഉപേക്ഷിച്ച് വീണ്ടും എന്‍ഡിഎ ക്യാമ്പിലെത്തിയ നിതീഷ് കുമാറിനെയും ജെഡിയുവിനെയും ബിജെപി അഭിനന്ദിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com