ആരോ കവര്‍ തന്നു, തുറന്നു നോക്കിയപ്പോള്‍ 10 കോടിയുടെ ഇലക്ടറല്‍ ബോണ്ട്; വിശദീകരിച്ച് ജെഡിയു, വെളിപ്പെടുത്തിയത് പത്തു പാര്‍ട്ടികള്‍

10 പാര്‍ട്ടികള്‍ മാത്രമാണ് ആരില്‍ നിന്നാണ് സംഭാവന ലഭിച്ചതെന്നു തെരഞ്ഞെടുപ്പ് കമ്മീഷനെ അറിയിച്ചത്.
നിതീഷ് കുമാര്‍
നിതീഷ് കുമാര്‍ ഫയൽ

ന്യൂഡല്‍ഹി: ഇലക്ടറല്‍ ബോണ്ടില്‍ ഓരോ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും ആരൊക്കെ പണം നല്‍കിയെന്നത് അവ്യക്തമായ സാഹചര്യത്തില്‍ ജെഡിയു നല്‍കിയ വിശദീകരണം വിചിത്രം. ആരോ ഒരു കവര്‍ തന്നിട്ടു പോയി, തുറന്നു നോക്കിയപ്പോള്‍, 10 കോടിയുടെ ഇലക്ടറല്‍ ബോണ്ടായിരുന്നുവെന്ന് ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ പാര്‍ട്ടിയായ ജെഡിയു തെരഞ്ഞെടുപ്പു കമ്മീഷനു നല്‍കിയ കത്തില്‍ പറയുന്നത്. 2019 ഏപ്രില്‍ മൂന്നിനു പട്‌നയില്‍ പാര്‍ട്ടി ആസ്ഥാനത്ത് അജ്ഞാതന്‍ ഒരു കവര്‍ നല്‍കി. അതില്‍ ഒരു കോടിയുടെ വീതം 10 ഇലക്ടറല്‍ ബോണ്ടുകളായിരുന്നു എന്നാണ് കത്തിലുള്ളത്. തങ്ങള്‍ക്കു സംഭാവന നല്‍കിയ മറ്റു ചിലരുടെ വിവരങ്ങള്‍ ജെഡിയു വെളിപ്പെടുത്തിയിട്ടുമുണ്ട്.

നിതീഷ് കുമാര്‍
ഇലക്ടറല്‍ ബോണ്ടില്‍ എസ്ബിഐ സീരിയല്‍ നമ്പറുകള്‍ കൈമാറുമോ? സുപ്രീംകോടതിയില്‍ ഇന്ന് നിര്‍ണായകം

അതേസമയം ആരൊക്കെ പണം നല്‍കിയെന്ന് അറിയില്ലെന്നാണ് ബിജെപിയും കോണ്‍ഗ്രസും പറയുന്നത്. 10 പാര്‍ട്ടികള്‍ മാത്രമാണ് ആരില്‍ നിന്നാണ് സംഭാവന ലഭിച്ചതെന്നു തെരഞ്ഞെടുപ്പ് കമ്മീഷനെ അറിയിച്ചത്. തപാല്‍ വഴിയാണു ബോണ്ടുകള്‍ ലഭിച്ചതെന്നും അതിനാല്‍ സംഭാവന നല്‍കിയവരുടെ പേര് അറിയില്ലെന്നും വരെ വിശദീകരണം നല്‍കിയ പാര്‍ട്ടികളുണ്ട്.

എന്‍സിപി, ആംആദ്മി പാര്‍ട്ടി, എസ്പി, ജെഡിയു എന്നീ പാര്‍ട്ടികള്‍ 2019വരെയുള്ള വിവരങ്ങളും ഡിഎംകെ, ജെഡിഎസ്, അണ്ണാ ഡിഎംകെ, സിക്കിം ഡെമോക്രാറ്റിക് ഫ്രണ്ട്, നാഷനല്‍ കോണ്‍ഫറന്‍സ്, ഗോവയിലെ എംജിപി എന്നീ കക്ഷികള്‍ 2023 വരെയുള്ള വിവരങ്ങളും കമ്മിഷനെ അറിയിച്ചു. ലഭിച്ച തുക പറയുന്നുണ്ടെങ്കിലും പല പാര്‍ട്ടികളും നല്‍കിയ കത്തുകളില്‍ വിവരങ്ങള്‍ അപൂര്‍ണമാണ്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ഇലക്ടറല്‍ ബോണ്ട് കേസില്‍ തെരഞ്ഞെടുപ്പു കമ്മിഷന്‍ 2019ലും 2023ലും രണ്ട് ഘട്ടമായി സുപ്രീംകോടതിയില്‍ രഹസ്യ രേഖയായി നല്‍കിയ വിവരങ്ങളാണ് ഇന്നലെ കമ്മീഷന്‍ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചത്. ബോണ്ടുകളുടെ സീരിയല്‍ നമ്പറുകളുള്‍പ്പെടെ സമ്പൂര്‍ണ വിവരങ്ങള്‍ എസ്ബിഐ ഇന്ന് സുപ്രീംകോടതിയില്‍ നല്‍കിയേക്കും.

ബോണ്ട് വഴി ഏറ്റവുമധികം സംഭാവന നല്‍കിയ ഫ്യൂച്ചര്‍ ഗെയിമിങ് ആന്‍ഡ് ഹോട്ടല്‍ സര്‍വീസസ് ഡിഎംകെയ്ക്കു 509 കോടി രൂപ നല്‍കിയിട്ടുണ്ട്. എന്നാല്‍ കമ്പനി ആകെ സംഭാവന ചെയ്ത 1,368 കോടി രൂപയില്‍ ബാക്കി തുക ഏതു പാര്‍ട്ടിക്കാണു കിട്ടിയതെന്നു വ്യക്തമല്ല.

ഉയര്‍ന്ന സംഭാവന നല്‍കിയവരുടെ പട്ടികയില്‍ രണ്ടാമതുള്ള മേഘ എന്‍ജിനീയറിങ് ആന്‍ഡ് ഇന്‍ഫ്രാസ്ട്രക്ചര്‍ ഡിഎംകെയ്ക്ക് 105 കോടി രൂപയും ജെഡിഎസിന് 50 കോടിയും നല്‍കിയെന്ന് പാര്‍ട്ടികള്‍ നല്‍കിയ കണക്കുകളില്‍ നിന്ന് വ്യക്തമായിട്ടുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com