നയപരമായ വിഷയമാണ്, ഇടപെടരുത്; റോഹിംഗ്യന്‍ മുസ്ലീങ്ങളുടെ അഭയാര്‍ഥി പദവിയില്‍ കേന്ദ്രം സുപ്രീംകോടതിയോട്

'മനുഷ്യക്കടത്ത്, വിധ്വംസക പ്രവര്‍ത്തനങ്ങള്‍ എന്നിവയില്‍ ഇവര്‍ ഏര്‍പ്പെടുകയാണ്'.

റോഹിംഗ്യന്‍ ജനത
റോഹിംഗ്യന്‍ ജനത എപി ഫയല്‍

ന്യൂഡല്‍ഹി: ഇന്ത്യയില്‍ അനധികൃതമായി എത്തുന്ന റോഹിംഗ്യന്‍ മുസ്ലീങ്ങള്‍ക്ക് അഭയാര്‍ത്ഥി പദവി നല്‍കാന്‍ ഉത്തരവിടരുതെന്ന് സുപ്രീംകോടതിയോട് ആവശ്യപ്പെട്ട് കേന്ദ്ര സര്‍ക്കാര്‍. അഭയാര്‍ത്ഥി പദവി നല്‍കുന്നത് നയപരമായ വിഷയമാണ്. പാര്‍ലമെന്റിന്റെയും സര്‍ക്കാരിന്റെയും നയപരമായ വിഷയത്തില്‍ ഇടപെടരുതെന്നും കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയോട് ആവശ്യപ്പെട്ടു. അനധികൃതമായി എത്തിയതിനേത്തുടര്‍ന്ന് കസ്റ്റഡിയിലെടുക്കപ്പെട്ട റോഹിംഗ്യന്‍ മുസ്ലിങ്ങളെ വിട്ടയക്കാന്‍ ഉത്തരവിടണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജിയിലാണ് കേന്ദ്രം നിലപാട് വ്യക്തമാക്കിയത്.


റോഹിംഗ്യന്‍ ജനത
ജെഡിഎസ് മൂന്ന് സീറ്റുകളില്‍ മത്സരിക്കും; കര്‍ണാടക ബിജെപി സഖ്യത്തില്‍ ധാരണ

അഭയാര്‍ത്ഥികള്‍ക്കായുള്ള ഐക്യരാഷ്ട്ര സഭയുടെ ഹൈകമ്മീഷണറില്‍ (യുഎന്‍എച്ച് സിആര്‍ ) നിന്ന് ചില റോഹിംഗ്യന്‍ മുസ്ലിങ്ങള്‍ അഭയാര്‍ത്ഥി കാര്‍ഡ് കരസ്ഥമാക്കിയിട്ടുണ്ട്. ഈ കാര്‍ഡുമായാണ് അവര്‍ അഭയാര്‍ത്ഥി പദവിക്ക് വേണ്ടി ശ്രമം നടത്തുന്നത്. ഇന്ത്യ യുഎന്‍എച്ച്‌സിആര്‍ നല്‍കുന്ന കാര്‍ഡ് അംഗീകരിച്ചിട്ടില്ലെന്നും കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ വ്യക്തമാക്കി.

മനുഷ്യക്കടത്ത്, വിധ്വംസക പ്രവര്‍ത്തനങ്ങള്‍ എന്നിവയില്‍ ഇവര്‍ ഏര്‍പ്പെടുകയാണ്. ഇത് രാജ്യസുരക്ഷയെ ബാധിക്കുന്ന വിഷയമാണ്. ബംഗ്ലാദേശില്‍നിന്ന് അനധികൃതമായി എത്തുന്നവര്‍ അസം, പശ്ചിമ ബംഗാള്‍ തുടങ്ങിയ അയല്‍ സംസ്ഥാനങ്ങളുടെ ജനസംഖ്യാ ഘടനയില്‍ മാറ്റംവരുത്തുകയാണെന്നും കേന്ദ്രം സുപ്രീം കോടതിയില്‍ ഫയല്‍ചെയ്ത സത്യവാങ്മൂലത്തില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

അനധികൃതമായി എത്തുന്നവര്‍ക്കെതിരെ നിയമപരമായ നടപടികള്‍ തുടരുമെന്നും കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കി. ശ്രീലങ്ക, ടിബറ്റ് എന്നീ രാജ്യങ്ങളില്‍നിന്ന് എത്തുന്നവര്‍ക്ക് അഭയാര്‍ത്ഥി പദവി നല്‍കുന്നതുപോലെ റോഹിംഗ്യന്‍ മുസ്ലിങ്ങള്‍ക്കും പദവി നല്‍കണമെന്ന് ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, അഭയാര്‍ത്ഥി പദവി നല്‍കുന്നത് നയപരമായ വിഷയമാണെന്നും അതില്‍ കോടതി ഇടപെടരുതെന്നുമാണ് കേന്ദ്രം സുപ്രീം കോടതിയില്‍ വ്യക്തമാക്കിയത്.

വിദേശീയരായവര്‍ക്ക് ഭരണഘടനയുടെ 21-ാം അനുച്ഛേദ പ്രകാരം ഇന്ത്യയില്‍ അന്തസ്സോടെ ജീവിക്കാനും സ്വാതന്ത്ര്യത്തിനും ഉള്ള അവകാശമുണ്ട്. എന്നാല്‍, രാജ്യത്ത് സ്ഥിരതാമസമാക്കാന്‍ അവകാശം ഇല്ല. ആ അവകാശം ഇന്ത്യന്‍ പൗരന്മാര്‍ക്ക് മാത്രമേ ഉള്ളൂവെന്നും കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ വ്യക്തമാക്കി.

1951-ലെ യുഎന്‍ അഭയാര്‍ത്ഥി കണ്‍വെന്‍ഷനിലും തുടര്‍ന്നുള്ള പ്രോട്ടോക്കോളിലും ഇന്ത്യ ഒപ്പുവെച്ചിട്ടില്ല. അതിനാല്‍ ആഭ്യന്തര നിയമത്തിന്റെ അടിസ്ഥാനത്തില്‍ മാത്രമേ ഇക്കാര്യത്തില്‍ തീരുമാനമെടുക്കാന്‍ കഴിയുകയുള്ളൂ എന്നും കേന്ദ്രം വ്യക്തമാക്കി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com