എന്താണ് ഡല്‍ഹി മദ്യനയ അഴിമതി?; കോളിളക്കമുണ്ടാക്കിയ കേസിന്റെ വിശദാംശങ്ങള്‍

2021 നവംബറിലാണ് ഡല്‍ഹി സര്‍ക്കാര്‍ പുതിയ മദ്യനയം നടപ്പാക്കുന്നത്
കെജരിവാളും മനീഷ് സിസോദിയയും
കെജരിവാളും മനീഷ് സിസോദിയയും പിടിഐ- ഫയല്‍

ന്യൂഡല്‍ഹി: എഎപി നേതാവും മുഖ്യമന്ത്രിയുമായ അരവിന്ദ് കെജരിവാളിനെ കൂടി അറസ്റ്റു ചെയ്തതോടെ ഡല്‍ഹിയിലെ വിവാദ മദ്യനയ അഴിമതി വീണ്ടും രാജ്യത്ത് ചര്‍ച്ചയാകുകയാണ്. അഴിമതിക്കെതിരെ പോരാട്ടം നടത്തിഅധികാരം പിടിച്ചെടുത്ത നേതാവ് കൂടിയാണ് അഴിമതിക്കേസില്‍ അറസ്റ്റിലാകുന്നത്. എന്താണ് ഡല്‍ഹിയിലെ വിവാദ മദ്യനയ അഴിമതിയെന്നും, ഇതുമായി ബന്ധപ്പെട്ട നാള്‍വഴികളും പരിശോധിക്കാം.

2021 നവംബറിലാണ് ഡല്‍ഹി സര്‍ക്കാര്‍ പുതിയ മദ്യനയം നടപ്പാക്കുന്നത്. പുതുക്കിയ മദ്യനയം അനുസരിച്ച് സര്‍ക്കാര്‍ മദ്യവില്‍പനയില്‍ നിന്നും പൂര്‍ണമായും പിന്മാറുന്നു. ഇത് മറ്റു കമ്പനികള്‍ക്ക് നല്‍കുന്നു. ഡല്‍ഹിയെ 32 സോണുകളാക്കി തിരിച്ച് ഓരോ സോണിലും 27 കടകള്‍ വീതം 864 ഔട്ട്‌ലെറ്റുകള്‍ക്ക് ടെന്‍ഡര്‍ വിളിച്ചാണ് അനുമതി നല്‍കിയത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

സ്വകാര്യ ഔട്ട്‌ലെറ്റുകളിലൂടെ മദ്യവില്‍പ്പന തുടങ്ങിയതോടെ, മദ്യത്തിന്റെ ഗുണനിലവാരത്തില്‍ വ്യാപക പരാതി ഉയരുന്നു. മദ്യ നയം നടപ്പാക്കിയ രീതിയില്‍ അഴിമതി നടന്നതായി ആരോപിച്ച് ബിജെപി സംസ്ഥാന പ്രസിഡന്റും എംപിയുമായ മനോജ് തിവാരി ലഫ്റ്റനന്റ് ഗവര്‍ണര്‍ക്ക് പരാതി നല്‍കുന്നു. പുതിയ എക്സൈസ് നയത്തില്‍ മദ്യവില്‍പ്പനയുമായി ബന്ധപ്പെട്ട ലൈസന്‍സികള്‍ക്ക് അനര്‍ഹമായ ആനുകൂല്യങ്ങള്‍ നല്‍കിയിട്ടുണ്ടെന്ന് ഡല്‍ഹി ചീഫ് സെക്രട്ടറി, ഡല്‍ഹി ലഫ്റ്റനന്റ് ഗവര്‍ണര്‍ വി കെ സക്സേനയ്ക്ക് റിപ്പോര്‍ട്ട് നല്‍കുന്നു.

ലൈസന്‍സ് ഫീയില്‍ നല്‍കിയ 144.36 കോടി രൂപയുടെ ഇളവ് സര്‍ക്കാരിന് നഷ്ടമുണ്ടാക്കിയെന്നും അന്വേഷണത്തില്‍ കണ്ടെത്തി. ലെഫ്റ്റനന്റ് ഗവര്‍ണറുടെ അനുമതിയില്ലാതെയാണ് പുതിയ നയം നടപ്പാക്കിയതെന്നും 2022 ജൂലൈ എട്ടിന് നല്‍കിയ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. 2022 ജൂലായ് 22 ന് ചട്ടലംഘനങ്ങള്‍ക്കും നടപടിക്രമങ്ങളിലെ പിഴവുകള്‍ക്കുമെതിരെ സിബിഐ അന്വേഷണത്തിന് ലെഫ്റ്റനന്റ് ഗവര്‍ണര്‍ ശുപാര്‍ശ നല്‍കുന്നു.

വിവാദമായതോടെ 2022 ജൂലായ് 30 ഓടെ പുതിയ മദ്യനയത്തില്‍ നിന്നും ഡല്‍ഹി സര്‍ക്കാര്‍ പിന്‍വാങ്ങി. പുതിയ നയത്തില്‍ തീരുമാനമാകുന്നതു വരെ, ആറുമാസത്തേക്ക് പഴയ നയം പുനഃസ്ഥാപിക്കാന്‍ എക്സൈസ് വകുപ്പിന്റെ ചുമതല വഹിക്കുന്ന ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ എക്സൈസ് വകുപ്പിന് നിര്‍ദേശം നല്‍കി.

2022 ഓഗസ്റ്റ് 17 ന് വഞ്ചന, കൈക്കൂലി എന്നീ കുറ്റങ്ങള്‍ ചുമത്തി സിസോദിയക്കും എക്‌സൈസ് വകുപ്പ് ഉദ്യോഗസ്ഥര്‍ക്കും വ്യവസായികള്‍ക്കുമെതിരേ സിബിഐ കേസ് രജിസ്റ്റര്‍ ചെയ്തു. ഓഗസ്റ്റ് 19 ന് സിസോദിയയുടെയും ആം ആദ്മി പാര്‍ട്ടിയിലെ മറ്റ് മൂന്ന് അംഗങ്ങളുടെയും വസതിയില്‍ സിബിഐ റെയ്ഡ് നടത്തി. 2022 ഓഗസ്റ്റ് 22 ന് സിബിഐയില്‍നിന്ന് ഇഡി കേസിന്റെ വിശദാംശങ്ങള്‍ ആരായുന്നു.

തുടർന്ന് മദ്യനയവുമായി ബന്ധപ്പെട്ട് കള്ളപ്പണം വെളുപ്പിക്കലിന് ഇഡി കേസെടുത്തു. ഓഗസ്റ്റ് 30 ന് ഗാസിയാബാദിലെ പഞ്ചാബ് നാഷണൽ ബാങ്ക് ശാഖയില്‍ സിബിഐ ഊദ്യോ​ഗസ്ഥർ സിസോദിയയുടെ ബാങ്ക് ലോക്കറുകള്‍ പരിശോധിച്ചു. തുടർന്ന് സെപ്റ്റംബര്‍ ആറ് മുതല്‍ 16 വരെ രാജ്യത്തുടനീളം 35 സ്ഥലങ്ങളില്‍ ഇഡിയുടെ റെയ്ഡ്. പിന്നാലെ സെപ്റ്റംബര്‍ 27 ന് എഎപി കമ്യൂണിക്കേഷന്‍ ഇന്‍ചാര്‍ജായ മലയാളി വിജയ് നായരെ ഇഡി അറസ്റ്റ് ചെയ്തു. കേസിലെ ആദ്യ അറസ്റ്റ് കൂടിയാണിത്.

2022 സെപ്റ്റംബര്‍ 28ന് മദ്യവ്യാപാരി സമീര്‍ മഹേന്ദ്രു അറസ്റ്റിലായി. ഒക്ടോബര്‍ 10 ന് ഇടനിലക്കാരന്‍ അഭിഷേക് ബോയിന്‍പള്ളിയെ സിബിഐ അറസ്റ്റ് ചെയ്തു. നവംബര്‍ 24 ന് വിജയ് നായര്‍, അഭിഷേക് ബോയിന്‍പള്ളി എന്നിവരുള്‍പ്പെടെ ഏഴുപേരെ പ്രതികളാക്കി സിബിഐ ആദ്യ കുറ്റപത്രം സമര്‍പ്പിച്ചു. നവംബര്‍ 30 ന് ഗുരുഗ്രാം ആസ്ഥാനമായ ബഡ്ഡി റീട്ടെയിലിന്റെ ഡയറക്ടറും സിസോദിയയുടെ അടുത്ത അനുയായിയുമായ അമിത് അറോറയെ ഇഡി അറസ്റ്റ് ചെയ്തു. തെലങ്കാന മുൻ മുഖ്യമന്ത്രി കെ ചന്ദ്രശേഖര്‍ റാവുവിന്റെ മകള്‍ കവിതയെ ഇഡി അഴിമതിക്കേസില്‍ ഉള്‍പ്പെടുത്തി.

2023 ഫെബ്രുവരി 9 ന് സ്വകാര്യ പരസ്യ സ്ഥാപനത്തിലെ രാജേഷ് ജോഷിയെ ഇഡി അറസ്റ്റ് ചെയ്തു. ഗോവ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ആം ആദ്മി പാർട്ടി ഇദ്ദേഹത്തെ ഉപയോഗിച്ചെന്നാണ് ആരോപിച്ചായിരുന്നു അറസ്റ്റ്. 2023 ഫെബ്രുവരി 26ന് ചോദ്യംചെയ്യലിന് വിളിച്ചുവരുത്തിയ മനീഷ് സിസോദിയയെ അറസ്റ്റ് ചെയ്തു.

2023 ഒക്ടോബർ നാലിന് എഎപി നേതാവും രാജ്യസഭാ എംപിയുമായ സഞ്ജയ് സിങിനെ ഇഡിഅറസ്റ്റ് ചെയ്തു. പത്തു മണിക്കൂറോളം നീണ്ടു നിന്ന ചോദ്യം ചെയ്യലിന് ശേഷമായിരുന്നു അറസ്റ്റ്. കേസിൽ അറസ്റ്റിലായ ദിനേശ് അറോറ നടത്തിയ വെളിപ്പെടുത്തലിന്‍റെ അടിസ്ഥാനത്തിലായിരുന്നു നടപടി. മനീഷ് സിസോദിയയെ പരിചയപ്പെടുന്നത് സഞ്ജയ് സിങ് വഴിയാണെന്നായിരുന്നു അറോറയുടെ മൊഴി. കെജരിവാളുമായി കൂടിക്കാഴ്ച നടത്താനും സഞ്ജയ് സിങാണ് വഴിയൊരുക്കിയതെന്നും ദിനേശ് അറോറ മൊഴി നൽകിയിരുന്നു.

കെജരിവാളും മനീഷ് സിസോദിയയും
'പേടിച്ചരണ്ട സ്വേച്ഛാധിപതി ജനാധിപത്യം ഇല്ലാതാക്കാന്‍ ശ്രമിക്കുന്നു'; കെജരിവാളിന്റെ അറസ്റ്റിൽ രാഹുൽ ​ഗാന്ധി

2024 മാര്‍ച്ച് 16 ന് തെലങ്കാന മുൻ മുഖ്യമന്ത്രിയുടെ മകൾ കെ കവിതയെ ഇ ഡി അറസ്റ്റ് ചെയ്യുന്നു. മാര്‍ച്ച് 19 ന് അറസ്റ്റില്‍ നിന്നും സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് അരവിന്ദ് കെജരിവാൾ ഹൈക്കോടതിയെ സമീപിക്കുന്നു. ഹര്‍ജി ഡല്‍ഹി ഹൈക്കോടതി തള്ളി. തുടര്‍ന്ന് ചോദ്യം ചെയ്യലിനൊടുവില്‍ കെജരിവാളിനെ ഇഡി അറസ്റ്റ് ചെയ്യുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com