എന്‍സിപി കോണ്‍ഗ്രസില്‍ ലയിക്കുന്നു?; സൂചനയുമായി പവാര്‍, അഭ്യൂഹങ്ങള്‍ ശക്തം

കോണ്‍ഗ്രസില്‍ നിന്ന് വേര്‍പിരിഞ്ഞ നിരവധി ചെറിയ ഗ്രൂപ്പുകള്‍ ഭാവിയില്‍ ഒരുമിക്കാന്‍ സാധ്യതയുണ്ടെന്ന് പവാര്‍
ശരദ് പവാർ, ഖാർ​ഗെയ്ക്കും രാഹുലിനുമൊപ്പം
ശരദ് പവാർ, ഖാർ​ഗെയ്ക്കും രാഹുലിനുമൊപ്പം ഫെയ്സ്ബുക്ക്

മുംബൈ: ശരദ് പവാറിന്റെ നേതൃത്വത്തിലുള്ള എന്‍സിപി മാതൃകക്ഷിയായ കോണ്‍ഗ്രസില്‍ ലയിച്ചേക്കുമെന്ന അഭ്യൂഹങ്ങള്‍ ശക്തമാകുന്നു. കോണ്‍ഗ്രസിന്റെ പ്രത്യയശാസ്ത്രവുമായി യോജിപ്പുള്ള ചെറുപാര്‍ട്ടികള്‍ ഒന്നിക്കണമെന്നും ലയിക്കണമെന്നുമുള്ള പവാറിന്റെ പ്രസ്താവനകളാണ് എന്‍സിപി കോണ്‍ഗ്രസില്‍ ലയിച്ചേക്കുമെന്ന അഭ്യൂഹം ശക്തമാകാന്‍ കാരണമായത്.

എന്‍സിപിയും കോണ്‍ഗ്രസും ഗാന്ധി-നെഹ്റു ആശയങ്ങള്‍ പിന്തുടരുന്നതിനാല്‍, തന്റെ പാര്‍ട്ടിയുടെയും കോണ്‍ഗ്രസില്‍ നിന്ന് വേര്‍പിരിഞ്ഞ നിരവധി ചെറിയ ഗ്രൂപ്പുകളും ഭാവിയില്‍ ഒരുമിക്കാന്‍ സാധ്യതയുണ്ടെന്ന് പവാര്‍ പറഞ്ഞതായാണ് റിപ്പോര്‍ട്ടുകള്‍. രാഹുല്‍ ഗാന്ധിയെയും കോണ്‍ഗ്രസിലെ അദ്ദേഹത്തിന്റെ സ്വീകാര്യതയെയും പവാര്‍ പ്രശംസിച്ചിരുന്നു. എന്നാല്‍ എന്‍സിപി- കോണ്‍ഗ്രസ് ലയനം സംബന്ധിച്ച് ഒരു വ്യക്തതയും ഇതുവരെ ഉണ്ടായിട്ടില്ല.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ലോക്സഭാ തെരഞ്ഞെടുപ്പിന്റെ മൂന്ന് ഘട്ടങ്ങള്‍ പിന്നിടുമ്പോള്‍, തന്റെ പാര്‍ട്ടിയുടേും കോണ്‍ഗ്രസിന്റേയും സാധ്യതകള്‍ തിരിച്ചറിഞ്ഞ്, പവാര്‍ പന്ത് കോണ്‍ഗ്രസിന്റെ കോര്‍ട്ടിലേക്ക് നീട്ടിയടിച്ചതാണെന്നാണ് രാഷ്ട്രീയ വിലയിരുത്തല്‍. എന്‍സിപിയിലെ പിളര്‍പ്പിന് ശേഷം, കോണ്‍ഗ്രസുമായുള്ള ലയനം സംബന്ധിച്ച് പവാര്‍ സോണിയയുമായും രാഹുല്‍ ഗാന്ധിയുമായും കൂടിക്കാഴ്ച നടത്തിയിരുന്നു. എന്നാല്‍ ചിലകാര്യങ്ങളില്‍ അഭിപ്രായഐക്യത്തിലെത്താനായില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.

അതേസമയം ലയനത്തിനും മികച്ച ഡീല്‍ നേടുന്നതിനുമുള്ള ശരിയായ സമയം ഇതാണെന്ന് ശരദ് പവാര്‍ കണക്കുകൂട്ടുന്നു എന്നാണ് റിപ്പോര്‍ട്ട്. ഇതാണ് ഏറെ നാളായി നിര്‍ജീവമായി കിടന്ന ലയനക്കാര്യം വീണ്ടും ചര്‍ച്ചയാക്കുന്നത്. നിലവിലെ ദുഷ്‌കരമായ രാഷ്ട്രീയ സാഹചര്യത്തില്‍ കോണ്‍ഗ്രസും പരിചയസമ്പന്നനായ ഒരു നേതാവിന്റെ സഹായം തേടുന്നുണ്ട്. ലയിച്ചാല്‍ ഇത് അനുകൂലഘടകമാകുമെന്നാണ് പവാറിന്റെ വിലയിരുത്തല്‍.

84 കാരനായ ശരദ് പവാറും രാഹുല്‍ഗാന്ധിയും തമ്മില്‍ മികച്ച ബന്ധമാണുള്ളത്. വാര്‍ധക്യസഹജമായ ശാരീരിക ബുദ്ധിമുട്ടുകള്‍ നേരിടുന്ന പവാറിന് മുമ്പത്തെപ്പോലെ സജീവമായി രാഷ്ട്രീയപ്രവര്‍ത്തനം നടത്താനാകുന്നില്ല. അജിത് പവാര്‍ പക്ഷം പിളര്‍ന്നുപോയതോടെ, എന്‍സിപി ദുര്‍ബലാവസ്ഥയിലാണ്. ലയനത്തോടെ മകള്‍ സുപ്രിയ സുലെയ്ക്ക് മികച്ച സ്ഥാനം ഉറപ്പാക്കാനാകുമെന്നും ശരദ് പവാര്‍ കണക്കുകൂട്ടുന്നു. ഇതോടൊപ്പം തനിക്കൊപ്പം ഉറച്ചു നിന്നവര്‍ക്കും നല്ലൊരു ഇടം പവാറിന് ഉറപ്പാക്കേണ്ടതുണ്ട്.

ശരദ് പവാർ, ഖാർ​ഗെയ്ക്കും രാഹുലിനുമൊപ്പം
'ബാധിച്ചത് 15,000 യാത്രക്കാരെ, ന്യായീകരിക്കാനാകില്ല'; 30 ജീവനക്കാരെ പിരിച്ചുവിട്ട് എയര്‍ഇന്ത്യ എക്‌സ്പ്രസ്

ഇരുപാര്‍ട്ടികളും വലിയ തീരുമാനങ്ങളെടുക്കാനുള്ള അന്തരീക്ഷം സൃഷ്ടിക്കാനാണ് പവാര്‍ ശ്രമിക്കുന്നതെന്ന് എന്‍സിപി നേതാവ് സൂചിപ്പിച്ചു. അതേസമയം ഇക്കാര്യങ്ങളെല്ലാം തെരഞ്ഞെടുപ്പ് ഫലത്തെ ആശ്രയിച്ചിരിക്കുമെന്ന് മുന്‍ മഹാരാഷ്ട്ര മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ പൃഥ്വിരാജ് ചവാന്‍ പറഞ്ഞു. ഇന്ത്യന്‍ സഖ്യം ഭൂരിപക്ഷം സീറ്റുകളും നേടി സര്‍ക്കാര്‍ രൂപീകരിക്കുകയാണെങ്കില്‍ ചെറിയ പാര്‍ട്ടികളെക്കുറിച്ചുള്ള പവാറിന്റെ വാക്കുകള്‍ യാഥാര്‍ത്ഥ്യമാകുമെന്ന് അദ്ദേഹം പറഞ്ഞു. പല പ്രാദേശിക പാര്‍ട്ടികള്‍ക്കും കോണ്‍ഗ്രസില്‍ ചേരാന്‍ താല്‍പ്പര്യമുണ്ടെന്ന് മഹാരാഷ്ട്ര കോണ്‍ഗ്രസ് അധ്യക്ഷന്‍ നാനാ പടോലെ പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com