അതിലും മുമ്പേ നടന്നത് കേരളം, ഓണ്‍ലൈന്‍ പശുക്കട രണ്ടു വര്‍ഷം മുമ്പേയുണ്ടിവിടെ

രണ്ടു വര്‍ഷത്തിനിടെ 28 പശുക്കളെയാണ് ഓണ്‍ലൈനായി വിറ്റുപോയത്. ഒരൊറ്റ കാളയുടെയും കച്ചവടം ഓണ്‍ലൈനില്‍ നടന്നിട്ടില്ല.
അതിലും മുമ്പേ നടന്നത് കേരളം, ഓണ്‍ലൈന്‍ പശുക്കട രണ്ടു വര്‍ഷം മുമ്പേയുണ്ടിവിടെ

കിടു കണ്ടും കറവ കണ്ടും വില പേശി കാലികളെ വാങ്ങിയ കാലം പഴങ്കഥയാവുകയാണ്. കേന്ദ്രസര്‍ക്കാരിന്റെ വിജ്ഞാപനത്തോടെ കാലിച്ചന്തകള്‍ കാലിയാവുമ്പോള്‍ പുതിയ വഴികള്‍ തേടുകയാണ്, സര്‍ക്കാരുകളും വ്യാപാരികളും. ഓണ്‍ലൈനായി കാലിവില്‍പ്പന നടത്തുകയാണ് എന്നതാണ് അതിലൊന്ന്. തെലങ്കാന സര്‍ക്കാര്‍ ഇതിനായി പുതിയ പോര്‍ട്ടല്‍ തന്നെ തുടങ്ങിയതാണ് പുതിയ വാര്‍ത്ത. കേരളത്തില്‍ പക്ഷേ ഇതൊരു പുതുമയേ അല്ല എന്നതാണ് യാഥാര്‍ഥ്യം. പല കാര്യങ്ങളിലും രാജ്യത്തിനു തന്നെ വഴികാട്ടിയായ കേരളം ഇക്കാര്യത്തിലും മുന്‍പേ നടന്നിട്ടുണ്ട്. രണ്ടു വര്‍ഷം മുമ്പു തന്നെ കാലിക്കച്ചവടത്തിനായി പോര്‍ട്ടല്‍ തുടങ്ങിയിട്ടുണ്ട് മലബാര്‍ മേഖലയിലെ മില്‍മ.

മില്‍മയുടെ കീഴില്‍ രജിസ്റ്റര്‍ ചെയ്ത ട്രസ്റ്റായ മലബാര്‍ റൂറല്‍ ഡെവലപ്‌മെന്റ് ഫൗണ്ടേഷനാണ് 'പശുക്കട' (www.pasukkada.com) എന്ന പേരില്‍ സൈറ്റ് തുറന്നത്. വെബ് ബേസ്ഡ് ട്രാന്‍സാക്ഷന്‍ ഇന്‍ ഡെയറി ആനിമല്‍സ് ആന്‍ഡ് ഡെവലപ്‌മെന്റ് ഓഫ് കാറ്റില്‍ ട്രേഡിങ് സോഫ്‌റ്റ്വെയര്‍ എന്ന പ്രോജക്ടിന്റെ കീഴിലാണ് പശുക്കടയുടെ പ്രവര്‍ത്തനം. അത്യാവശ്യഘട്ടങ്ങളില്‍ ഇടനിലക്കാരാല്‍ വഞ്ചിക്കപ്പെടാതെ പശുവിനെ വാങ്ങാനും വില്ക്കാനും കര്‍ഷകരെ സഹായിക്കുകയാണ് ലക്ഷ്യം. പ്രാഥമിക ക്ഷീരസംഘങ്ങളില്‍ രജിസ്റ്റര്‍ചെയ്തിട്ടുള്ള കര്‍ഷകര്‍ക്കാണ് ഈ സൗകര്യം ഉള്ളത്.

മലബാര്‍ മേഖലയിലെ 1200 ഓളം ക്ഷീരസംഘത്തിലെ സെക്രട്ടറിമാരും ഗ്രാമങ്ങളിലെ റിസോഴ്‌സ് പേഴ്‌സണ്‍മാരുമാണ് പശുക്കളെക്കുറിച്ചുള്ള വിവരങ്ങള്‍ നെറ്റ് വര്‍ക്കില്‍ എത്തിക്കുന്നത്. സംഘങ്ങളില്‍ പാലളക്കുന്ന വിവരം ലഭിക്കുന്നതിനാല്‍ പശുവിന്റെ ഇനം, വയസ്സ്, പാലളവ്, ഗുണനിലവാരം, ആരോഗ്യം തുടങ്ങിയ വിവരങ്ങള്‍ ഏറെക്കുറെ സത്യസന്ധവുമായി ലഭിക്കുമെന്നതാണ് ഇതിന്റ പ്രത്യേകത. വില്പന നടത്താന്‍ ആഗ്രഹിക്കുന്ന കര്‍ഷകന് പശുവിന്റെ പൂര്‍ണവിവരങ്ങള്‍ നല്കി പദ്ധതി നടപ്പാക്കുന്ന ക്ഷീരസംഘങ്ങളില്‍ രജിസ്റ്റര്‍ചെയ്യാം. നല്ല പശുക്കളെ ആവശ്യമുള്ള കര്‍ഷകര്‍ക്കും സംഘങ്ങള്‍ മുഖേന രജിസ്റ്റര്‍ ചെയ്യാം.

കാസര്‍കോട്, കണ്ണൂര്‍, വയനാട്, കോഴിക്കോട്, മലപ്പുറം, പാലക്കാട് എന്നീ ആറു ജില്ലകളിലാണ് പദ്ധതി നടപ്പാക്കിയത്. 1200 ഓളം ക്ഷീര സംഘങ്ങള്‍ ഈ ജില്ലകളിലുണ്ടെങ്കിലും പശുക്കട വഴിയുള്ള വ്യാപാരം കാര്യമായൊന്നും നടന്നില്ല. രണ്ടു വര്‍ഷത്തിനിടെ 28 പശുക്കളെയാണ് ഓണ്‍ലൈനായി വിറ്റുപോയത്. ഒരൊറ്റ കാളയുടെയും കച്ചവടം ഓണ്‍ലൈനില്‍ നടന്നിട്ടില്ല. തമിഴ്‌നാട്ടില്‍നിന്ന് കാലികളെ കൊണ്ടുവരികയാണ് സംസ്ഥാനത്ത് ക്ഷീര കര്‍ഷകര്‍ പൊതുവേ ചെയ്യുന്നതെന്നും അതാണ് പശുക്കട വഴിയുള്ള കച്ചവടം കുറയാന്‍ കാരണമെന്നും മില്‍മ ചെയര്‍മാന്‍ പിടി ഗോപാലക്കുറിപ്പു പറയുന്നു. മാറിയ സാഹചര്യത്തില്‍ ഇതില്‍ മാറ്റം വരാനിടയുണ്ട്. കേന്ദ്രത്തിന്റെ പുതിയ വിജ്ഞാപനത്തോടെ കാലിച്ചന്തകള്‍ ഏറെക്കുറെ അപ്രസക്തമായി. അതുകൊണ്ടുതന്നെ കൂടുതല്‍ കര്‍ഷകര്‍ ഇനി ഓണ്‍ലൈനിലേക്കു തിരിയുമെന്നാണ് ഗോപാലക്കുറുപ്പ് ചൂണ്ടിക്കാട്ടുന്നത്. 

പുതിയ സാഹചര്യത്തില്‍ പശുക്കടയെ ജനകീയമാക്കുന്നതിന് പ്രചാരണ പ്രവര്‍ത്തനങ്ങള്‍ നടത്തുമെന്ന് എംആര്‍ഡിഎഫ് സിഇഒ കെ ദാമോദരന്‍ നായര്‍ പറഞ്ഞു. പ്രതീക്ഷിച്ച വിധത്തില്‍ പശുക്കടയില്‍ വ്യാപാരം നടന്നിട്ടില്ല. നൂതന സാങ്കേതിക വിദ്യയില്‍ കര്‍ഷകര്‍ക്കുള്ള പരിചയക്കുറവ് ഇതിന് ഒരു കാരണമാണ്. എന്നാല്‍ ഇത് അതിവേഗം മാറിവരികയാണെന്ന പ്രതീക്ഷയും അദ്ദേഹം പങ്കുവയ്ക്കുന്നുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com