പേടിഎമ്മിന് ആര്‍ബിഐ നിയന്ത്രണം; പുതിയ ഉപഭോക്താക്കളെ  ചേര്‍ക്കുന്നതിന് വിലക്ക്, സുരക്ഷ ശക്തമാക്കാനും നിര്‍ദ്ദേശം

ഉപഭോക്താക്കളുടെ വിവരങ്ങള്‍ സൂക്ഷിക്കുന്നതിനായി സുരക്ഷാ സംവിധാനം മെച്ചപ്പെടുത്തണമെന്നും മാതൃകമ്പനിയായ വണ്‍97 ല്‍ നിന്നും മാറി പുതിയ ഓഫീസ് രൂപീകരിക്കാനും ആര്‍ബിഐ ആവശ്യപ്പെട്ടിട്ടുണ്ടെന്നാണ് അനൗദ്യോഗിക
പേടിഎമ്മിന് ആര്‍ബിഐ നിയന്ത്രണം; പുതിയ ഉപഭോക്താക്കളെ  ചേര്‍ക്കുന്നതിന് വിലക്ക്, സുരക്ഷ ശക്തമാക്കാനും നിര്‍ദ്ദേശം

ന്യൂഡല്‍ഹി: പുതിയ ഉപഭോക്താക്കളെ ചേര്‍ക്കുന്നതില്‍ നിന്നും പേ ടിഎമ്മിന് വിലക്ക്. റിസര്‍വ്വ് ബാങ്കിന്റെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് ജൂണ്‍ 20 മുതലാണ് പുതിയ ഉപഭോക്താക്കളെ ചേര്‍ക്കുന്നില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. ഉപഭോക്താക്കളുടെ വിവരം ശേഖരിക്കുന്ന പ്രക്രിയയില്‍ മാറ്റം വരുത്തണമെന്നും റിസര്‍വ്വ് ബാങ്ക് നിര്‍ദ്ദേശിച്ചിട്ടുണ്ട്. അതേസമയം അക്കൌണ്ട് തുറക്കുന്നതിനുള്ള രീതികള്‍ പരിഷ്‌കരിക്കുന്നതിനാലാണ് പുതിയ അക്കൗണ്ടുകളെ ഇപ്പോള്‍ സ്വീകരിക്കാത്തതെന്ന് പേ ടിഎം വിശദീകരണം നല്‍കിയിട്ടുണ്ട്.

പേടിഎമ്മിന്റെ പേയ്‌മെന്റ് ബാങ്കിന്റെ തലപ്പത്ത് നിന്നും രേണു സട്ടിയെ നീക്കം ചെയ്യണമെന്നും ആര്‍ബിഐ നേരത്തേ ആവശ്യപ്പെട്ടിരുന്നു. ബാങ്കിങ് സ്ഥാപനത്തെ നയിക്കുന്നതിനാവശ്യമായ കഴിവില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഇവരെ നീക്കം ചെയ്യാന്‍ ആര്‍ബിഐ ആവശ്യപ്പെട്ടത്. ബാങ്കിംഗ് മേഖലയില്‍ പരിചയമുള്ള ആരെയെങ്കിലും തലപ്പത്ത് കൊണ്ടുവരണമെന്നും റിസര്‍വ് ബാങ്ക് നിര്‍ദ്ദേശിച്ചിരുന്നു.

എന്നാല്‍ ഇത്തരത്തിലുള്ള ആരോപണങ്ങള്‍ അടിസ്ഥാന രഹിതമാണെന്നും രേണുവിനെ നിയമിച്ചത് ബാങ്കിന്റെ അറിവോടെയാണെന്നും പേടിഎം വ്യക്തമാക്കി. ഈ വിശദീകരണക്കുറിപ്പിന് പിന്നാലെ സട്ടി പേടിഎം തലപ്പത്ത് നിന്നും കമ്പനിയുടെ റീടെയില്‍ ബിസിനസ് ഹെഡ്ഡായി മാറുകയാണ് എന്നും അറിയിപ്പ് വന്നു.  പേയ്‌മെന്റ് ബാങ്കിന്റെ സിഇഒ സ്ഥാനത്തേക്ക് പുതിയ നിയമനം ഇതുവരെ നടത്തിയിട്ടുമില്ല എന്നത് പേടിഎമ്മിന് മേല്‍ ആര്‍ബിഐ പിടിമുറുക്കിയെന്ന റിപ്പോര്‍ട്ടുകളെ ശരിവയ്ക്കുന്നുണ്ട്.

ഉപഭോക്താക്കളുടെ വിവരങ്ങള്‍ സൂക്ഷിക്കുന്നതിനായി സുരക്ഷാ സംവിധാനം മെച്ചപ്പെടുത്തണമെന്നും മാതൃകമ്പനിയായ വണ്‍97 ല്‍ നിന്നും മാറി പുതിയ ഓഫീസ് രൂപീകരിക്കാനും ആര്‍ബിഐ ആവശ്യപ്പെട്ടിട്ടുണ്ടെന്നാണ് അനൗദ്യോഗിക റിപ്പോര്‍ട്ടുകള്‍ പറയുന്നത്. മെട്രോപൊളീറ്റന്‍-മെട്രോ നഗരങ്ങളിലെ സാമ്പത്തിക വിനിമയത്തിന്റെ പ്രധാനമാര്‍ഗ്ഗമായി വളരെ പെട്ടെന്നാണ് പേടിഎം മാറിയത്. 500 കോടിയുടെ ഇടപാടാണ് ഒരു വര്‍ഷത്തിലുണ്ടായതെന്ന് ജൂലൈയില്‍ പുറത്ത് വിട്ട റിപ്പോര്‍ട്ടില്‍ കമ്പനി വ്യക്തമാക്കിയിരുന്നു. 

 പേയ്‌മെന്റ് ബാങ്ക് ബിസിനസ് അതിന്റെ പ്രാരംഭഘട്ടത്തിലാണെങ്കിലും രാജ്യത്തെ സുരക്ഷാ ഏജന്‍സികളുടെ കടുത്ത നിരീക്ഷണത്തിലാണ് പേടിഎം ഇപ്പോള്‍ ഉള്ളത്. ആര്‍ബിഐയ്ക്ക് പുറമേ യുഐഡിഎഐയും പേടിഎമ്മിന്റെ പ്രവര്‍ത്തനങ്ങളെ കുറിച്ച് വിശദീകരണം ആവശ്യപ്പെട്ടിരിന്നു. വിജയ് ശേഖര്‍ ശര്‍മ്മയാണ് പേടിഎമ്മിന്റെ സ്ഥാപകന്‍. 51 ശതമാനം ഓഹരികളും ശര്‍മ്മയുടെ പേരിലും ശേഷമുള്ളവ വണ്‍97 കമ്പനിയുടെ പേരിലുമാണ്. 1000 കോടി ഡോളറിന്റെ ആസ്തി വണ്‍97 കമ്യൂണിക്കേഷനുണ്ട് എന്നാണ് വിലയിരുത്തിയിരിക്കുന്നത്. 

 മൊബിവിക്ക്, ഫ്രീ-റീച്ചാര്‍ജ്, ഫോണ്‍ പേ തുടങ്ങിയവയാണ് പേടിഎമ്മിന്റെ പ്രധാന എതിരാളികള്‍. 20 കോടിക്കും 25 കോടിക്കും ഇടയില്‍ ജനങ്ങള്‍ മൊബൈല്‍ വാലറ്റുകള്‍ സാമ്പത്തിക ഇടപാടുകള്‍ക്കായി നിലവില്‍ ഉപയോഗിക്കുന്നുണ്ട് എന്നാണ് സര്‍ക്കാരിന്റെ കണക്കുകള്‍. ഇത് അടുത്ത രണ്ട് വര്‍ഷം കൊണ്ട് ഇത് 50 കോടിയായി വര്‍ധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com