'ഏഷ്യാനെറ്റ് 19 രൂപ, സ്റ്റാര്‍ സ്‌പോര്‍ട്‌സ് വണ്‍ 19, ഡിസ്‌കവറി 4', പുതിയ നിരക്കുകള്‍ ഉടന്‍ പ്രാബല്യത്തില്‍; പ്രേക്ഷകര്‍ ടിവി കാണുന്നത് തടസ്സപ്പെടരുതെന്ന് ട്രായ് 

ടെലിവിഷന്‍ ചാനല്‍ രംഗത്ത് വരുന്ന പുതിയ പരിഷ്‌കരണങ്ങള്‍ ഉപഭോക്താക്കളെ ഒരുവിധത്തിലും ബാധിക്കില്ലെന്ന് ടെലികോം നിയന്ത്രണ സംവിധാനമായ ട്രായ്
'ഏഷ്യാനെറ്റ് 19 രൂപ, സ്റ്റാര്‍ സ്‌പോര്‍ട്‌സ് വണ്‍ 19, ഡിസ്‌കവറി 4', പുതിയ നിരക്കുകള്‍ ഉടന്‍ പ്രാബല്യത്തില്‍; പ്രേക്ഷകര്‍ ടിവി കാണുന്നത് തടസ്സപ്പെടരുതെന്ന് ട്രായ് 

ന്യൂഡല്‍ഹി: ടെലിവിഷന്‍ ചാനല്‍ രംഗത്ത് വരുന്ന പുതിയ പരിഷ്‌കരണങ്ങള്‍ ഉപഭോക്താക്കളെ ഒരുവിധത്തിലും ബാധിക്കില്ലെന്ന് ടെലികോം നിയന്ത്രണ സംവിധാനമായ ട്രായ്. തെരഞ്ഞെടുക്കുന്ന ചാനലുകള്‍ക്ക് മാത്രം പണം നല്‍കിയാല്‍ മതിയെന്ന പുതിയ  വ്യവസ്ഥ, ഉപഭോക്താക്കളുടെ ടെലിവിഷന്‍ സേവനങ്ങള്‍ക്ക് ഒരു വിധത്തിലുളള തടസ്സവും സൃഷ്ടിക്കില്ലെന്നും ട്രായ് വിശദീകരിച്ചു.

തെരഞ്ഞെടുക്കുന്ന ചാനലുകള്‍ക്ക് മാത്രം പണം നല്‍കിയാല്‍ മതിയെന്ന് വ്യക്തമാക്കുന്ന പുതിയ വ്യവസ്ഥ ഡിസംബര്‍ 29ന് പ്രാബല്യത്തില്‍ വരുകയാണ്. ടെലിവിഷന്‍ പ്രേക്ഷകര്‍ക്ക് അവര്‍ക്ക് ഇഷ്ടമുളള ചാനല്‍ തെരഞ്ഞെടുത്ത് കാണാനുളള സൗകര്യമാണ് പുതിയ പരിഷ്‌കരണം വഴി യാഥാര്‍ത്ഥ്യമാകാന്‍ പോകുന്നത്. ഇതിന് പുറമേ സുതാര്യത ഉറപ്പുവരുത്താന്‍ ചാനലുകള്‍ക്ക് ഈടാക്കുന്ന പണം സംബന്ധിച്ച  വിവരങ്ങള്‍ ടെലിവിഷന്‍ ബ്രോഡ്കാസ്‌റ്റേഴ്‌സ് ഉപഭോക്താക്കളെ ധരിപ്പിക്കണം. ഓരോ ചാനലിനും അഥവാ ചാനലുകള്‍ കൂട്ടമായി നല്‍കുന്ന ബൊക്കാ മാതൃകയിലുളള സേവനത്തിനും ഈടാക്കുന്ന പണം സംബന്ധിച്ച വിശദാംശങ്ങളാണ് ബ്രോഡ്കാസ്‌റ്റേഴ്‌സ് പ്രേക്ഷകരെ അപ്പപ്പോള്‍ അറിയിക്കേണ്ടത്. 

പുതിയ വ്യവസ്ഥയുടെ ചുവടുപിടിച്ച് ടെലിവിഷനില്‍ ഇതുവരെ കണ്ടുകൊണ്ടിരുന്ന ജനപ്രിയ ചാനലുകള്‍ നാളെമുതല്‍ ലഭിക്കില്ലെന്ന തരത്തില്‍ വ്യാജപ്രചാരണങ്ങള്‍ പുറത്തുവരുന്നുണ്ട്. ഈ പശ്ചാത്തലത്തിലാണ് ട്രായിയുടെ ഇടപെടല്‍. ഉപഭോക്താക്കളുടെ ടെലിവിഷന്‍ സേവനങ്ങള്‍ക്ക് ഒരു വിധത്തിലുളള തടസ്സവും സംഭവിക്കില്ലെന്ന് ട്രായ് വ്യക്തമാക്കി. ഇതുസംബന്ധിച്ച് എല്ലാ ബ്രോഡ്കാസ്‌റ്റേഴ്‌സിനും ട്രായ് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇതുവരെ പ്രേക്ഷകര്‍ കണ്ടുകൊണ്ടിരിക്കുന്ന ചാനലുകളുടെ സേവനം നഷ്ടപ്പെടുന്നില്ലെന്ന് ഉറപ്പുവരുത്തണമെന്ന് ചാനല്‍ സേവനദാതാക്കളോട്് ട്രായ് ആവശ്യപ്പെട്ടു. 

പുതിയ പരിഷ്‌കരണത്തിലേക്ക് മാറുന്നത് സുഗമമാക്കാന്‍ വിശദമായ പദ്ധതിക്കും ട്രായ് രൂപം നല്‍കി വരുകയാണ്. ഉപഭോക്താക്കളുടെ ചെലവ് വര്‍ധിക്കാതെ തന്നെ ചാനലുകള്‍ തെരഞ്ഞെടുക്കാന്‍ സഹായിക്കുന്ന പദ്ധതിക്ക് രൂപം നല്‍കാനാണ് ട്രായ് ലക്ഷ്യമിടുന്നത്. 

ചില പേ ചാനലുകള്‍ക്ക് ഈടാക്കുന്ന തുക ചുവടെ: സ്റ്റാര്‍ പ്ലസ്( 19 രൂപ), സ്റ്റാര്‍ സ്‌പോര്‍ട്‌സ് വണ്‍ ( 19), സിഎന്‍എന്‍ ന്യൂസ് 18 ( 2), കളേഴ്‌സ്( 19), ഏഷ്യാനെറ്റ് ( 19), അനിമല്‍ പ്ലാനറ്റ് ( 2) ഡിസ്‌കവറി ചാനല്‍( 4) 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com