ഫെയ്‌സ്ബുക്കിലൂടെ ഇനി അധിക്ഷേപിച്ച് ഹരം കൊളളാമെന്ന് കരുതേണ്ട!; ഉളളടക്കം നിയന്ത്രിക്കാന്‍ ബോര്‍ഡ്

ഉളളടക്കം നിയന്ത്രിക്കാന്‍ സ്വതന്ത്ര സംവിധാനത്തിന് രൂപം നല്‍കാന്‍ ഒരുങ്ങി പ്രമുഖ സാമൂഹ്യമാധ്യമമായ ഫെയ്‌സ്ബുക്ക്
ഫെയ്‌സ്ബുക്കിലൂടെ ഇനി അധിക്ഷേപിച്ച് ഹരം കൊളളാമെന്ന് കരുതേണ്ട!; ഉളളടക്കം നിയന്ത്രിക്കാന്‍ ബോര്‍ഡ്

ന്യൂയോര്‍ക്ക്: ഉളളടക്കം നിയന്ത്രിക്കാന്‍ സ്വതന്ത്ര സംവിധാനത്തിന് രൂപം നല്‍കാന്‍ ഒരുങ്ങി പ്രമുഖ സാമൂഹ്യമാധ്യമമായ ഫെയ്‌സ്ബുക്ക്.  സെന്‍സിറ്റീവായ വീഡിയോയോ, ഉളളടക്കമോ സൈറ്റില്‍ പോസ്റ്റ് ചെയ്യുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ അന്തിമ തീരുമാനം എടുക്കുന്ന സമിതിക്കാണ് രൂപം നല്‍കുന്നത് എന്നാണ് ഫെയ്‌സ്ബുക്കിന്റെ വിശദീകരണം. 13 കോടി ഡോളറാണ് മേല്‍നോട്ട ബോര്‍ഡിന്റെ രൂപീകരണത്തിനായി ഫെയ്‌സ്ബുക്ക് ചെലവഴിക്കാന്‍ ഒരുങ്ങുന്നത്.

ഫെയ്‌സ്ബുക്ക് സിഇഒ മാര്‍ക്ക് സുക്കര്‍ബര്‍ഗാണ് ബോര്‍ഡ് എന്ന നിര്‍ദേശം ആദ്യമായി മുന്നോട്ടുവെച്ചത്. ഫെയ്‌സ്ബുക്കില്‍ സംഭാഷണത്തിന്റെയും ആവിഷ്‌കാരത്തിന്റെയും കാര്യത്തില്‍ തീരുമാനമെടുക്കാന്‍ ഒരു സമിതി വേണമെന്ന് 2018ലാണ് മാര്‍ക്ക് സുക്കര്‍ബര്‍ഗ് നിര്‍ദേശിച്ചത്. ഇതിന്റെ ഭാഗമായി ലോകമൊട്ടാകെ ആശയസംവാദം സംഘടിപ്പിച്ചു.ഇതിന്റെയെല്ലാം അടിസ്ഥാനത്തിലാണ് ബോര്‍ഡിന് രൂപം നല്‍കാന്‍ ഫെയ്‌സ്ബുക്ക് തീരുമാനിച്ചത്.

ഒരു കോര്‍പ്പറേറ്റ് ട്രസ്റ്റിയും മൂന്ന് വ്യക്തിഗത ട്രസ്റ്റികളും അടങ്ങുന്ന 40 അംഗ സമിതിക്ക് രൂപം നല്‍കാനാണ് തീരുമാനിച്ചിരിക്കുന്നത്. ഈ വര്‍ഷം അംഗങ്ങളുടെ പേര് പ്രഖ്യാപിക്കില്ല. ആദ്യത്തെ ചുരുക്കം ചില അംഗങ്ങളെ ഫെയ്‌സ്ബുക്ക് തന്നെ തെരഞ്ഞെടുക്കും. മറ്റുളളവരെ തെരഞ്ഞെടുക്കാന്‍ ആദ്യം തെരഞ്ഞെടുക്കപ്പെട്ടവര്‍ സഹായിക്കുമെന്നും ഫെയ്‌സ്ബുക്ക് അറിയിച്ചു.

ഫെയ്‌സ്ബുക്കിന്റെ വിശ്വാസ്യത ഉയര്‍ത്തുന്നതിനും തീരുമാനങ്ങളില്‍ കൂടുതല്‍ കൃത്യത വരുത്തുന്നതിനും മേല്‍നോട്ട ബോര്‍ഡ് വഴി സാധിക്കുമെന്നാണ് കമ്പനി പ്രതീക്ഷിക്കുന്നത്. അടുത്തിടെ ഫെയ്‌സ്ബുക്കില്‍ നിന്ന് ഉപയോക്താക്കളുടെ വിവരങ്ങള്‍ ചോരുന്ന സാഹചര്യം റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഫെയ്‌സ്ബുക്കില്‍ സുരക്ഷാ വീഴ്ച ഉണ്ടായത് വ്യാപകമായി ചര്‍ച്ച ചെയ്യപ്പെട്ട വിഷയവുമാണ്. ഈ പശ്ചാത്തലത്തില്‍ ഉപയോക്താക്കളുടെ സുരക്ഷ ഉറപ്പുവരുത്താന്‍ വേണ്ടിയാണ് ബോര്‍ഡിന് രൂപം നല്‍കാന്‍ കമ്പനി തയ്യാറെടുക്കുന്നത്.

ഫെയ്‌സ്ബുക്കിനും ഉപയോക്താക്കള്‍ക്കും പരാതികളുമായി ബോര്‍ഡിനെ സമീപിക്കാന്‍ കഴിയുംവിധമാണ് ഇതിന്റെ ഘടന. തുടക്കത്തില്‍ ഫെയ്‌സ്ബുക്ക് മുന്നോട്ടുവെയ്ക്കുന്ന കേസുകളാകും ബോര്‍ഡ് പരിഗണിക്കുക. 2020 പകുതിയോടെ ഉപയോക്താക്കള്‍ക്കും അപ്പീലുമായി ബോര്‍ഡിനെ സമീപിക്കാന്‍ കഴിയുമെന്ന് കമ്പനി പറയുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com