ട്വിറ്റര്‍ അയയുന്നു; പാര്‍ലമെന്ററി സ്റ്റാന്‍ഡിങ് കമ്മിറ്റിക്ക് മുമ്പാകെ പബ്ലിക് പോളിസി തലവന്‍ ഹാജരാകും

 ഉള്ളടക്കം സംരക്ഷിക്കുന്നതും വിവരങ്ങള്‍ കൈമാറുന്നതും സംബന്ധിച്ച കമ്പനി നിലപാട് വ്യക്തമാക്കുന്നതിനായി  കോളിന്‍ ക്രോവെലാണ് ഇന്ത്യയിലെത്തുക.
ട്വിറ്റര്‍ അയയുന്നു; പാര്‍ലമെന്ററി സ്റ്റാന്‍ഡിങ് കമ്മിറ്റിക്ക് മുമ്പാകെ പബ്ലിക് പോളിസി തലവന്‍ ഹാജരാകും

ന്യൂഡല്‍ഹി:  കേന്ദ്രസര്‍ക്കാരുമായുള്ള ശീതസമരത്തിന് അയവു വരുത്താന്‍ ട്വിറ്റര്‍ തയ്യാറെടുക്കുന്നു. രാഷ്ട്രീയ പക്ഷപാതം കാണിക്കുന്നുവെന്ന ആരോപണത്തെ തുടര്‍ന്ന് പാര്‍ലമെന്ററി സ്റ്റാന്‍ഡിങ് കമ്മിറ്റിക്ക് മുമ്പാകെ കമ്പനിയുടെ പബ്ലിക് പോളിസി തലവന്‍ നേരിട്ടെത്തി വിശദീകരണം നല്‍കുമെന്ന് ട്വിറ്റര്‍ വ്യക്തമാക്കി. ഉള്ളടക്കം സംരക്ഷിക്കുന്നതും വിവരങ്ങള്‍ കൈമാറുന്നതും സംബന്ധിച്ച കമ്പനി നിലപാട് വ്യക്തമാക്കുന്നതിനായി  കോളിന്‍ ക്രോവെലാണ് ഇന്ത്യയിലെത്തുക.

ഫെബ്രുവരി 11 ന് ഹാജരാവണമെന്നായിരുന്നു ട്വിറ്ററിന് പാര്‍ലമെന്ററി കമ്മിറ്റി നല്‍കിയ നിര്‍ദ്ദേശം. എന്നാല്‍ ഇന്ത്യന്‍ ഗവണ്‍മെന്റിന്റെ ആവശ്യങ്ങള്‍ പരിഗണിക്കാനാവില്ലെന്നും പാര്‍ലമെന്ററി കമ്മിറ്റിക്ക് മുമ്പാകെ വന്ന് വിശദീകരണം നല്‍കാന്‍ അധികാരമുള്ള ഉദ്യോഗസ്ഥന്‍ ട്വിറ്ററിന് ഇന്ത്യയില്‍ ഇല്ലെന്നായിരുന്നു അന്ന് കമ്പനി നല്‍കിയ വിശദീകരണം. 

പൊതു തെരഞ്ഞെടുപ്പ് അടുക്കാറായതോടെ സമൂഹ മാധ്യമങ്ങളെ വരുതിയിലാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുന്നുവെന്ന ആരോപണം നേരത്തെ ഉയര്‍ന്നിരുന്നു. ഇതോടെയാണ് ബിജെപി എംപി അധ്യക്ഷനായ സമിതിക്ക് മുന്നിലെത്തി വിശദീകരിക്കേണ്ട ബാധ്യതയില്ലെന്ന് ട്വിറ്റര്‍ വ്യക്തമാക്കിയത്. രാഷ്ട്രീയ കാര്യങ്ങളിലേക്ക് വലിച്ചിഴയ്ക്കപ്പെടാന്‍ താത്പര്യമില്ലെന്നും ട്വിറ്ററിന് ഇന്ത്യയില്‍ രഹസ്യ അജണ്ടകള്‍ നടപ്പിലാക്കാനില്ലെന്നും കമ്പനി കത്തില്‍ വിശദമാക്കുകയും ചെയ്തു. 

എന്നാല്‍  പാര്‍ലമെന്റിനെ തന്നെ അപമാനിക്കുന്ന നടപടിയാണ് സമൂഹമാധ്യമത്തില്‍ നിന്നുണ്ടായതെന്നായിരുന്നു സമിതി അധ്യക്ഷന്‍ കൂടിയായ ബിജെപി എംപി അനുരാഗ് ഥാക്കൂര്‍ ഇതിനോട് പ്രതികരിച്ചത്. സര്‍ക്കാര്‍ വിരുദ്ധ ട്വീറ്റുകള്‍ക്കും ഇടത്പക്ഷ ചായ്വുള്ള ട്വീറ്റുകള്‍ക്കും ട്വിറ്റര്‍ റീച്ച് കൂടുതല്‍ നല്‍കുന്നു എന്നാണ് സമിതിയിലുള്ള ബിജെപി എംപിമാരുടെ പ്രധാന വാദം. ഇത്തരം സ്വാധീന പ്രവര്‍ത്തനങ്ങളെ കേന്ദ്രസര്‍ക്കാര്‍ ഗൗരവകരമായാണ് കാണുന്നതെന്ന് സമതി ചെയര്‍മാന്‍ വ്യക്തമാക്കി.

പക്ഷപാതപരമായ ഇടപെടലുകളെ കുറിച്ച് വിശദീകരണം നല്‍കാന്‍ സൗത്ത് ഏഷ്യാ മേധാവിയായ മഹിമാ കൗള്‍ എത്തണമെന്നായിരുന്നു ആദ്യം സമിതി ആവശ്യപ്പെട്ടത്. ഇത് ട്വിറ്റര്‍ വിലക്കി. ഇതേത്തുടര്‍ന്ന് ട്വിറ്റര്‍ മേധാവി തന്നെ നേരിട്ടെത്തി വിശദീകരണം നല്‍കണമെന്ന കടുത്ത നിലപാട് ഇന്ത്യ സ്വീകരിക്കുകയായിരുന്നു. അല്ലെങ്കില്‍ വിലക്കുള്‍പ്പടെയുള്ള കാര്യങ്ങളിലേക്ക് നീങ്ങേണ്ടി വരുമെന്ന ഭീഷണിയെ തുടര്‍ന്നാണ് പബ്ലിക് പോളിസി മേധാവി എത്തുന്നത്. 

ട്വിറ്റര്‍ ഉപഭോക്താക്കളുടെ സ്വകാര്യതയെ മാനിക്കുന്നില്ലെന്ന പരാതിയെ തുടര്‍ന്നും ഉള്ളടക്കത്തെ കുറിച്ചും വിശദീകരണം ആവശ്യപ്പെടുന്ന നാലാമത്തെ പാര്‍ലമെന്റാണ് ഇന്ത്യയുടേത്. നേരത്തേ യുഎസും, യൂറോപ്യന്‍ യൂണിയനും സിംഗപ്പൂരും ട്വിറ്ററിനോട് വിശദീകരണം തേടിയിരുന്നു. 
ഫേസ്ബുക്ക്, വാട്ട്‌സാപ്പ്, ഇന്‍സ്റ്റഗ്രാം മേധാവികളോടും ഇത് സംബന്ധിച്ച വിവരങ്ങള്‍ ഇന്ത്യയിലെത്തി വിശദീകരിക്കാന്‍ സമിതി ആവശ്യപ്പെട്ടിട്ടുണ്ട്. മാര്‍ച്ച് ആറിന് മുമ്പായി എത്തണമെന്നാണ് സമൂഹ മാധ്യമ മേധാവികള്‍ക്ക് നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com