റെയില്‍വേയുടെ സ്വകാര്യ തീവണ്ടികള്‍: ആദ്യഘട്ടത്തില്‍ രണ്ടെണ്ണം

പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ഡെല്‍ഹി: റെയില്‍വേ സ്വകാര്യവല്‍ക്കരിക്കുന്നതിന്റെ ആദ്യ പടിയായി രണ്ട് ട്രെയിന്‍ സര്‍വീസുകള്‍ സ്വകാര്യ ഏജന്‍സിക്കു കൈമാറാന്‍ തീരുമാനമായി. ഐആര്‍സിടിസിക്ക് (ഇന്ത്യന്‍ റെയില്‍വേ കാറ്ററിങ് ആന്‍ഡ് ടിക്കറ്റിങ് കോര്‍പറേഷന്‍) ട്രെയിന്‍ കൈമാറാനാണ് റെയില്‍വേ മന്ത്രാലയത്തിന്റെ തീരുമാനം. എന്നാല്‍ നടത്തിപ്പ് ചുമതല ലേലത്തിലൂടെ സ്വകാര്യ ഏജന്‍സിക്കു ലഭിക്കും.

റെയില്‍വേ സ്വകാര്യവല്‍ക്കരിക്കുന്നതിനെതിരെ ജീവനക്കാരുടെ സംഘടനകളുടെയും പ്രതിപക്ഷവും ശക്തമായി പ്രതിഷേധിക്കുന്നുണ്ട്. ഇതൊഴിവാക്കാനാണ്  കോര്‍പറേഷനെ മുന്‍നിര്‍ത്തി സ്വകാര്യ ഏജന്‍സിക്ക് കൈമാറാനുള്ള നീക്കം നടത്തുന്നത്. തേജസ് ട്രെയിന്‍ സ്വകാര്യവല്‍ക്കരിക്കുമെന്നാണ് പ്രചാരണമെങ്കിലും കൈമാറേണ്ട ട്രെയിനുകള്‍ പിന്നീട് തീരുമാനിക്കുമെന്നാണ് ബേ!ാര്‍ഡിന്റെ ഉത്തരവിലുള്ളത്. 

രാജ്യത്തെ വിനോദ സഞ്ചാരം, തീര്‍ഥാടനം തുടങ്ങിയവയ്ക്കു മുന്‍ഗണനയുള്ള സ്ഥലങ്ങള്‍ തമ്മില്‍ ബന്ധിപ്പിക്കുന്ന ട്രെയിനുകള്‍ ഈ പദ്ധതിയില്‍ ഉള്‍പ്പെടുത്താനാണു സാധ്യത. ട്രെയിന്‍ പരിപാലനം, ടിക്കറ്റ് അടക്കമുള്ള സര്‍വീസ്, കോച്ചിലെ സൗകര്യങ്ങള്‍, ഡിസൈന്‍ പരിഷ്‌കാരം, ഭക്ഷണം തുടങ്ങിയ ചുമതലകളായിരിക്കും സ്വകാര്യ ഏജന്‍സിക്ക് നല്‍കുക. 

റെയില്‍വേയുടെ അടിസ്ഥാന സൗകര്യങ്ങള്‍ ഉപയോഗിക്കുന്നതിനുള്ള നിശ്ചിത വിഹിതം കോര്‍പറേഷനു നല്‍കുന്ന വ്യവസ്ഥയിലായിരിക്കും ലേലനടപടിയെന്ന് റെയില്‍വേ ഉന്നത ഉദ്യോഗസ്ഥര്‍ സൂചിപ്പിച്ചു.

മികച്ച സൗകര്യം ഏര്‍പ്പെടുത്തിയിട്ടും നഷ്ടത്തിലോടുന്ന ട്രെയിനുകള്‍ ലാഭത്തിലാക്കാനുള്ള പദ്ധതികളും കേന്ദ്ര സര്‍ക്കാരിന്റെ 100 ദിന കര്‍മപരിപാടിയുടെ ഭാഗമായി നടപ്പാക്കും. പ്രധാനമായും ജീവനക്കാരുടെ കാര്യക്ഷമതയില്ലായ്മയാണു സര്‍വീസുകളെ ബാധിക്കുന്നതെന്നാണ് റെയില്‍വേയുടെ വിലയിരുത്തല്‍. 

അതേസമയം റെയില്‍വേ പൂര്‍ണമായി കുത്തക സ്വകാര്യ കമ്പനികള്‍ക്കു തീറെഴുതികൊടുക്കാനാണ് കേന്ദ്ര നീക്കമെന്നാണു ജീവനക്കാരുടെ സംഘടനകള്‍ ആരോപിക്കുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com