42 പൊതുമേഖല സ്ഥാപനങ്ങള്‍ അടച്ചുപൂട്ടും?; മോദി സര്‍ക്കാരിന്റെ നൂറുദിന കര്‍മപരിപാടി ഉടന്‍, സാമ്പത്തിക പരിഷ്‌കരണം ലക്ഷ്യം 

മൃഗീയ ഭൂരിപക്ഷത്തോടെ കേന്ദ്രത്തില്‍ അധികാരത്തിലേറിയ മോദി സര്‍ക്കാര്‍ അടുത്ത 100 ദിവസത്തിനുളളില്‍ നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്ന സാമ്പത്തിക പരിഷ്‌കരണ നടപടികള്‍ ഉടന്‍ പ്രഖ്യാപിക്കും
42 പൊതുമേഖല സ്ഥാപനങ്ങള്‍ അടച്ചുപൂട്ടും?; മോദി സര്‍ക്കാരിന്റെ നൂറുദിന കര്‍മപരിപാടി ഉടന്‍, സാമ്പത്തിക പരിഷ്‌കരണം ലക്ഷ്യം 

ന്യൂഡല്‍ഹി: മൃഗീയ ഭൂരിപക്ഷത്തോടെ കേന്ദ്രത്തില്‍ അധികാരത്തിലേറിയ മോദി സര്‍ക്കാര്‍ അടുത്ത 100 ദിവസത്തിനുളളില്‍ നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്ന സാമ്പത്തിക പരിഷ്‌കരണ നടപടികള്‍ ഉടന്‍ പ്രഖ്യാപിക്കും.സ്വകാര്യവത്കരണം, വ്യാവസായിക പുരോഗതി ലക്ഷ്യമിട്ട് വിവിധ നിയമങ്ങളെ ഏകോപിപ്പിക്കല്‍, വിദേശനിക്ഷേപം ഉള്‍പ്പെടെ സാമ്പത്തികമേഖലയില്‍ സമൂലമായ മാറ്റങ്ങള്‍ക്ക് ഇടയാക്കുന്ന പരിഷ്‌കരണ നടപടികളുമായി മുന്നോട്ടുപോകാനാണ് രണ്ടാം മോദി സര്‍ക്കാര്‍ തയ്യാറെടുക്കുന്നത്.

തൊഴില്‍ നിയമങ്ങളില്‍ കാതലായ മാറ്റം,സ്വകാര്യവത്കരണ നീക്കങ്ങള്‍, വ്യവസായ വികസനത്തിനായുള്ള ലാന്‍ഡ് ബാങ്കുകളുടെ രൂപീകരണം തുടങ്ങി നിരവധി പരിഷ്‌കരണ നടപടികള്‍ക്കാണ് വരും ദിവസങ്ങളില്‍ രാജ്യം സാക്ഷ്യം വഹിക്കാന്‍ പോകുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.വിദേശ നിക്ഷേപകര്‍ക്ക് ഏറെ സന്തോഷിക്കാനുള്ള കാര്യങ്ങള്‍ ഇതിലുണ്ടാവും. മാറ്റങ്ങളുടെ ഒരു പരമ്പര തന്നെ രാജ്യത്തിന് കാണാന്‍ കഴിയുമെന്ന് നീതി ആയോഗ് വൈസ് ചെയര്‍മാന്‍ രാജീവ് കുമാര്‍  വ്യക്തമാക്കി. 

ഇന്ത്യയിലെ സങ്കീര്‍ണമായ തൊഴില്‍ നിയമങ്ങളില്‍ പാര്‍ലമെന്റിലെ ആദ്യ സമ്മേളനത്തില്‍ തന്നെ സമഗ്രമായ മാറ്റം കൊണ്ടുവരും. 44ഓളം തൊഴില്‍ നിയമങ്ങള്‍ നാല് വിഭാഗങ്ങള്‍ക്ക് കീഴിലാക്കും. ഇത് സങ്കീര്‍ണമായ തൊഴില്‍ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ കമ്പനികളെ സഹായിക്കുമെന്നും രാജീവ് കുമാര്‍ പറഞ്ഞു.

പൊതുമേഖ സ്ഥാപനങ്ങളുടെ കീഴില്‍ ഉപയോഗശൂന്യമായി കിടക്കുന്ന സ്ഥലം ഉപയോഗിച്ച് ലാന്‍ഡ് ബാങ്കിന് രൂപം നല്‍കും. ഇത് പ്രയോജനപ്പെടുത്തി രാജ്യത്ത് നിക്ഷേപത്തിന് താത്പര്യം പ്രകടിപ്പിച്ച് വരുന്ന വിദേശനിക്ഷേപകര്‍ക്ക് ഭൂമി അനുവദിക്കും.42 ഓളം പൊതുമേഖല സ്ഥാപനങ്ങള്‍ പൂര്‍ണമായി സ്വകാര്യവത്കരിക്കുകയോ അടച്ചുപൂട്ടുകയോ ചെയ്യുമെന്നും നീതി ആയോഗ് വൈസ് ചെയര്‍മാന്‍ വ്യക്തമാക്കി. നഷ്ടത്തിലോടുന്ന എയര്‍ഇന്ത്യയുടെ വിദേശനിക്ഷേപപരിധി എടുത്തുകളയാനും ആലോചിക്കുന്നുണ്ട്. ഇതിലുടെ എയര്‍ഇന്ത്യയുടെ വില്‍പ്പന കൂടുതല്‍ ഉദാരമാക്കാനാണ് ഉദ്ദേശിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ആസൂത്രണ കമ്മീഷന് പകരം നാല് വര്‍ഷം മുന്‍പ് മോദി സര്‍ക്കാര്‍ സ്ഥാപിച്ച സംവിധാനമാണ് നീതി ആയോഗ്. പ്രധാനമന്ത്രിക്ക് കീഴിലാണ് നീതി ആയോഗ് പ്രവര്‍ത്തിക്കുന്നത്. രാജ്യത്തിന്റെ സാമ്പത്തിക നയ രൂപീകരണത്തില്‍ നീതി ആയോഗിന് വലിയ പ്രാധാന്യമുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com