1157 കോടി രൂപ അനുമതിയില്ലാതെ ധനമന്ത്രാലയം ചെലവഴിച്ചു: സിഎജി 

പാര്‍ലമെന്റിന്റെ അനുമതിയില്ലാതെ കേന്ദ്രധനമന്ത്രാലയം 1157 കോടി രൂപ അധികമായി ചെലവഴിച്ചതായി സിഎജി റിപ്പോര്‍ട്ട്
1157 കോടി രൂപ അനുമതിയില്ലാതെ ധനമന്ത്രാലയം ചെലവഴിച്ചു: സിഎജി 

ന്യൂഡല്‍ഹി: പാര്‍ലമെന്റിന്റെ അനുമതിയില്ലാതെ കേന്ദ്രധനമന്ത്രാലയം 1157 കോടി രൂപ അധികമായി ചെലവഴിച്ചതായി സിഎജി റിപ്പോര്‍ട്ട്. 2017-18 സാമ്പത്തികവര്‍ഷത്തില്‍ വിവിധ തലങ്ങളിലായി പാര്‍ലമെന്റിന്റെ മുന്‍കൂട്ടി അനുമതി വാങ്ങാതെ ഇത്രയും ഉയര്‍ന്ന തുക ചെലവഴിച്ചുവെന്നാണ് പാര്‍ലമെന്റില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ സിഎജി പറയുന്നത്.

ഇത്രയും വലിയ തുക ചെലവഴിക്കുന്നതിന് ധനമന്ത്രാലയം ഉചിതമായ സംവിധാനങ്ങള്‍ക്ക് രൂപം നല്‍കിയില്ലെന്നും കേന്ദ്രസര്‍ക്കാരിന്റെ അക്കൗണ്ടുകള്‍ ഓഡിറ്റ് ചെയ്ത് തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കുന്നു. ഇതിന് പുറമേ ധനമന്ത്രാലയത്തിന് കീഴിലുളള സാമ്പത്തികകാര്യ വകുപ്പ് അധികമായി ചെലവഴിച്ച തുകയ്ക്ക് പാര്‍ലമെന്റിന്റെ അനുമതി നേടിയെടുക്കുന്നതില്‍ പരാജയപ്പെട്ടതായും റിപ്പോര്‍ട്ട് കുറ്റപ്പെടുത്തുന്നു. ധനസഹായം, സബ്‌സിഡികള്‍ തുടങ്ങിയ പേരുകളില്‍ അധിക തുക ചെലവഴിക്കുമ്പോള്‍ പാര്‍ലമെന്റിന്റെ അനുമതി വാങ്ങേണ്ടത് നിര്‍ബന്ധമാണെന്ന് മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നതായും സിഎജി റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു. 

അധിക തുക ചെലവഴിക്കുന്നതിനെ പബ്ലിക് അക്കൗണ്ട്‌സ് കമ്മിറ്റിയും മുന്‍പ് വിമര്‍ശിച്ചിട്ടുണ്ട്. കമ്മിറ്റിയുടെ 83-ാം റിപ്പോര്‍ട്ടിലാണ് ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാണിച്ചിട്ടുളളത്. ഈ വീഴ്ചകള്‍ അപാകതകള്‍ നിറഞ്ഞ ബജറ്റ് നിര്‍ണയത്തിലേക്കാണ് വെളിച്ചം വീശുന്നതെന്നും പിഎസി റിപ്പോര്‍ട്ട് കുറ്റപ്പെടുത്തുന്നു. സാമ്പത്തിക അച്ചടക്കം പാലിക്കുന്നതിന് ധനമന്ത്രാലയം ശക്തമായ നടപടികള്‍ സ്വീകരിക്കണമെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com