1059 കോടിയില്‍ 915 കോടിയും ബിജെപിക്ക്; ദേശീയ പാര്‍ട്ടികള്‍ക്കുളള സംഭാവനയില്‍ 93 ശതമാനവും കോര്‍പ്പറേറ്റുകളുടേത്

രാഷ്ട്രീയപാര്‍ട്ടികള്‍ക്ക് ലഭിച്ച 20,000 രൂപയ്ക്ക് മുകളിലുളള മൊത്തം സംഭാവനകളില്‍ 93 ശതമാനവും കോര്‍പ്പറേറ്റുകളുടേതെന്ന് റിപ്പോര്‍ട്ട്
1059 കോടിയില്‍ 915 കോടിയും ബിജെപിക്ക്; ദേശീയ പാര്‍ട്ടികള്‍ക്കുളള സംഭാവനയില്‍ 93 ശതമാനവും കോര്‍പ്പറേറ്റുകളുടേത്

ന്യൂഡല്‍ഹി: രാഷ്ട്രീയപാര്‍ട്ടികള്‍ക്ക് ലഭിച്ച 20,000 രൂപയ്ക്ക് മുകളിലുളള മൊത്തം സംഭാവനകളില്‍ 93 ശതമാനവും കോര്‍പ്പറേറ്റുകളുടേതെന്ന് റിപ്പോര്‍ട്ട്. ആറു ദേശീയ പാര്‍ട്ടികള്‍ക്ക് സ്വമേധയാ നല്‍കിയ സംഭാവനകളുടെ കണക്കിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ഇതില്‍ കേന്ദ്രം ഭരിക്കുന്ന ബിജെപിക്കാണ് സംഭാവനകളില്‍ ഭൂരിഭാഗവും ലഭിച്ചിരിക്കുന്നത്.  

2016-17, 2017-18 സാമ്പത്തികവര്‍ഷങ്ങളിലെ കണക്കാണ് പുറത്തുവന്നിരിക്കുന്നത്. 1731 കോര്‍പ്പറേറ്റുകളാണ് 20,000 രൂപയ്ക്ക് മുകളില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് സംഭാവന നല്‍കിയത്. 1059 കോടി രൂപയാണ് ഇവരുടെ സംഭാവന. ഇതില്‍ 915 കോടി രൂപയും ലഭിച്ചത് ബിജെപിക്കാണെന്ന് സന്നദ്ധ സംഘടനയായ അസോസിയേഷന്‍ ഫോര്‍ ഡെമോക്രാറ്റിക് റിഫോമ്‌സിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.

151 കമ്പനികളില്‍ നിന്നായി 55 കോടി രൂപയാണ് കോണ്‍ഗ്രസിന് ലഭിച്ചത്. എന്‍സിപിക്ക് ഇത് 7.74 കോടി രൂപയാണ്. സിപിഐയാണ് പട്ടികയില്‍ ഏറ്റവും താഴെ. രണ്ടു ശതമാനമാണ് ഇവര്‍ക്ക് ലഭിച്ച സംഭാവന. 

ദേശീയ പാര്‍ട്ടികള്‍ക്ക് 2012-13 മുതല്‍ 2017-18 സാമ്പത്തികവര്‍ഷം വരെയുളള കാലയളവില്‍ ലഭിച്ച കോര്‍പ്പറേറ്റ് സംഭാവനയില്‍ 414 ശതമാനത്തിന്റെ വര്‍ധന രേഖപ്പെടുത്തിയതായി കണക്കുകള്‍ വ്യക്തമാക്കുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com