പെട്രോളിന് ഏഴു രൂപ വരെ കൂടിയേക്കും ; വോട്ടെടുപ്പിന് പിന്നാലെ ഇന്ധന വിലയിൽ വൻ വർധനയ്ക്കൊരുങ്ങി എണ്ണക്കമ്പനികൾ 

ആഗോള വിപണിയിൽ അസംസ്‌കൃത എണ്ണവില 10 ശതമാനത്തിന് അടുത്താണ് ഉയർന്നത്. തെരഞ്ഞെടുപ്പ് നടക്കുന്നതിനാലാണ് പെട്രോൾ, ഡീസൽ വിലയിൽ കാര്യമായ വർധന ഉണ്ടാകാതിരുന്നത്
പെട്രോളിന് ഏഴു രൂപ വരെ കൂടിയേക്കും ; വോട്ടെടുപ്പിന് പിന്നാലെ ഇന്ധന വിലയിൽ വൻ വർധനയ്ക്കൊരുങ്ങി എണ്ണക്കമ്പനികൾ 

കൊച്ചി: ലോക്‌സഭാ തെരഞ്ഞെടുപ്പ് കഴിയുന്ന മെയ് 19 ന് ശേഷം രാജ്യത്ത് ഇന്ധന വില വൻതോതിൽ ഉയരാൻ സാധ്യത. ഇറാന് മേൽ അമേരിക്ക ഏർപ്പെടുത്തിയ ഉപരോധമാണ് തിരിച്ചടിയാകുക. കഴിഞ്ഞ ഒരു മാസത്തിനിടെ, ആഗോള വിപണിയിൽ അസംസ്‌കൃത എണ്ണവില 10 ശതമാനത്തിന് അടുത്താണ് ഉയർന്നത്. എന്നാൽ തെരഞ്ഞെടുപ്പ് നടക്കുന്നതിനാലാണ് പെട്രോൾ, ഡീസൽ വിലയിൽ കാര്യമായ വർധന ഉണ്ടാകാതിരുന്നത്. 

പെട്രോളിന് ലിറ്ററിന് 74.92 രൂപയും ഡീസലിന് 70.23 രൂപയുമാണ് ഇന്ന് കൊച്ചി ന​ഗരത്തിലെ വില. കഴിഞ്ഞ രണ്ടുദിവസമായി വിലയിൽ മാറ്റമില്ലാതെ തുടരുകയാണ്. അതേസമയം ഇന്ത്യൻ ബാസ്കറ്റിലുള്ള ക്രൂഡിന്റെ വില ഒരു വീപ്പയ്ക്ക് ഏപ്രിലിൽ 71 ഡോളറായിരുന്നു ശരാശരി വില. മാർച്ചിൽ അത് 66.74 ഡോളറും ഫെബ്രുവരിയിൽ 64.53 ഡോളറുമായിരുന്നു.

ഡബ്ലിയുടിഐ ക്രൂഡിന് വില 33 ശതമാനം ഉയർന്ന് ബാരലിന് 60 ഡോളർ നിലവാരത്തിലെത്തി. ബ്രെന്റിന് 30 ശതമാനം വർധിച്ച് ബാരലിന് 70 ഡോളറിനും അടുത്തെത്തി. ആ​ഗോള വിപണിയിൽ വില ഉയർന്നിട്ടും, തെരഞ്ഞെടുപ്പ് പരി​ഗണിച്ച് മാർച്ച് മുതൽ പൊതുമേഖല എണ്ണക്കമ്പനികൾ കാര്യമായ വില വർധനയ്ക്ക് മുതിർന്നിട്ടില്ല. ലിറ്ററിന് 5 രൂപ വരെ നഷ്ടം സഹിക്കുന്നതായാണ് റിപ്പോർട്ട്. ഈ സാഹചര്യത്തിൽ വോട്ടെടുപ്പ് പൂർത്തിയാകുന്ന മെയ് 19 ന് ശേഷം ഇന്ധന വിലയിൽ അഞ്ചു മുതൽ ഏഴു രൂപ വരെ വർധിച്ചേക്കാമെന്നാണ് സൂചന.

ഇറാനുമേലുള്ള അമേരിക്കൻ ഉപരോധവും എണ്ണവിപണിയിൽ വലിയ പ്രത്യാഘാതം സൃഷ്ടിച്ചിട്ടുണ്ട്. ഇന്ത്യയുടെ അസംസ്‌കൃത എണ്ണ ആവശ്യത്തിന്റെ 83.7 ശതമാനവും ഇറക്കുമതിയിലൂടെയാണ് ലഭിക്കുന്നത്. 2018-19-ൽ 11,420 കോടി ഡോളറായിരുന്നു ഇന്ത്യയുടെ ക്രൂഡോയിൽ ഇറക്കുമതിച്ചെലവ്. ഇതിന്റെ 10.6 ശതമാനമായ 1,210 കോടി ഡോളറും ഇറാനിൽ നിന്നുള്ള എണ്ണയ്ക്കുവേണ്ടിയാണ് ചെലവിട്ടത്.

ആഗോള ക്രൂഡോയിൽ കയറ്റുമതിയുടെ നാല്‌ ശതമാനവും ഇറാനിൽ നിന്നുള്ള എണ്ണയാണ്. ഇതിന് വിലക്ക് വന്നതോടെയാണ് വിലയിൽ കുതിപ്പുണ്ടായിരിക്കുന്നത്. ഇന്ത്യക്കു പുറമെ, ചൈന, ജപ്പാൻ, ദക്ഷിണ കൊറിയ, തുർക്കി, തായ്‌വാൻ, ഇറ്റലി, ഗ്രീസ് എന്നിവയും ഇറാനിൽനിന്നുള്ള എണ്ണ ഇറക്കുമതി ചെയ്യുന്നുണ്ടായിരുന്നു. അമേരിക്കയും ചൈനയും തമ്മിലുള്ള വ്യാപാരത്തർക്കം അവസാനിക്കാതെ തുടരുന്നതും എണ്ണവിലയിൽ സമ്മർദമുണ്ടാക്കുമെന്നാണ് വിദ​ഗ്ധരുടെ വിലയിരുത്തൽ.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com