കേരളത്തിലെ ആദ്യ ലംബോര്‍ഗിനി ഉറൂസ് സ്വന്തമാക്കി കോഴിക്കോട്ടുകാരന്‍; രജിസ്‌ട്രേഷനായി ചെലവിട്ടത് 73.5 ലക്ഷം

കോഴിക്കോട് സ്വദേശി അബ്ദുള്‍ അസീസാണ് വാഹനത്തിന്റെ ഉടമ
കേരളത്തിലെ ആദ്യ ലംബോര്‍ഗിനി ഉറൂസ് സ്വന്തമാക്കി കോഴിക്കോട്ടുകാരന്‍; രജിസ്‌ട്രേഷനായി ചെലവിട്ടത് 73.5 ലക്ഷം

കോഴിക്കോട്: സംസ്ഥാനത്തെ ആദ്യത്തെ ലംബോര്‍ഗിനി ഉറൂസ് ഇനി കോഴിക്കോടിന് സ്വന്തം. കോഴിക്കോട് സ്വദേശി അബ്ദുള്‍ അസീസാണ് വാഹനത്തിന്റെ ഉടമ.  കേരളത്തിന് ഏറെ യോജിച്ച ലംബോര്‍ഗിനിയാണ് ഉറൂസ് എന്നാണ് അബ്ദുള്‍ അസീസ് പറയുന്നത്. മൂന്ന് കോടി അറുപത് ലക്ഷം രൂപ ഷോറൂം വില വരുന്ന ഈ വാഹനത്തിന്റെ റോഡ് ടാക്‌സ് മാത്രം 73.5 ലക്ഷം രൂപയാണ്. കൂടാതെ കെഎല്‍ 11 ബിആര്‍ 1 എന്ന നമ്പര്‍ ഒരു ലക്ഷം രൂപയ്ക്കു സ്വന്തമാക്കുകയും ചെയ്തു.

കേരളാ റജിസ്‌ട്രേഷനുള്ള ഏക ഉറൂസാണ് അബ്ദുള്‍ അസീസിന് സ്വന്തമായുള്ളത്. ബെംഗളൂരു ഷോറൂമില്‍ നിന്നാണ് ലംബോര്‍ഗിനി സ്വന്തമാക്കിയത്. സൂപ്പര്‍കാര്‍ നിര്‍മാതാക്കളായ ലംബോര്‍ഗിനിയുടെ ആദ്യ എസ്‌യുവിയാണ് ഉറുസ്. സൂപ്പര്‍ എസ്‌യുവിയെന്നു ലംബോര്‍ഗിനി വിശേഷിപ്പിക്കുന്ന ഉറുസിനു കരുത്തേകുന്നത് നാലു ലീറ്റര്‍, ഇരട്ട ടര്‍ബോ, വി എയ്റ്റ് പെട്രോള്‍ എന്‍ജിനാണ്. 650 ബിഎച്ച്പി വരെ കരുത്തും 850 എന്‍എം ടോര്‍ക്കുമാണ് ഈ എന്‍ജിന്‍ സൃഷ്ടിക്കുക. നിശ്ചലാവസ്ഥയില്‍ നിന്ന് മണിക്കൂറില്‍ 100 കിലോമീറ്റര്‍ വേഗത്തിലേക്കു കുതിക്കാന്‍ ഉറുസിന് വെറും 3.6 സെക്കന്‍ഡ് മതി.

മണിക്കൂറില്‍ 305 കിലോമീറ്ററാണ് ഉറുസിന്റെ പരമാവധി വേഗം. ഉറുസിലെ 440 എംഎം കാര്‍ബണ്‍, സിറാമിക് മുന്‍ ഡിസ്‌ക് ബ്രേക്ക് വാണിജ്യാടിസ്ഥാനത്തില്‍ ഉല്‍പ്പാദിപ്പിക്കുന്ന കാറുകളിലെ ഏറ്റവും വലിയ ബ്രേക്കാണെന്നും ലംബോര്‍ഗിനി അവകാശപ്പെടുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com