ബിഎസ്എന്‍എല്ലും എംടിഎന്‍എല്ലും ലയിപ്പിക്കും; ജീവനക്കാര്‍ക്ക് സ്വയം വിരമിക്കല്‍ പദ്ധതി

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 23rd October 2019 05:00 PM  |  

Last Updated: 23rd October 2019 05:00 PM  |   A+A-   |  

bsnl-660

 

ന്യൂഡല്‍ഹി: പൊതു മേഖലാ ടെലികോം കമ്പനികളായ ബിഎസ്എന്‍എല്ലിനെയും എംടിഎന്‍എല്ലിനെയും ലയിപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനം. കമ്പനികള്‍ ഒന്നാവുന്നതിലൂടെ അധികം വരുന്ന ജീവനക്കാരെ സ്വയംവിരമിക്കല്‍ പദ്ധതി വഴി ഒഴിവാക്കും. ഇരുകമ്പനികളുടെയും ജീവനക്കാര്‍ക്കു മുന്നില്‍ ആകര്‍ഷകമായ സ്വയം വിരമിക്കല്‍ പാക്കേജ് അവതരിപ്പിക്കുമെന്ന് മന്ത്രി രവിശങ്കര്‍ പ്രസാദ് പറഞ്ഞു.

നഷ്ടത്തില്‍ പ്രവര്‍ത്തിക്കുന്ന ബിഎസ്എന്‍എല്ലോ എംടിഎന്‍എല്ലോ അടച്ചുപൂട്ടില്ലെന്ന് മന്ത്രി അറിയിച്ചു. കമ്പനികളുടെ ഓഹരി വിറ്റഴിക്കുകയോ മൂന്നാം കക്ഷിക്കു നല്‍കുകയോ ചെയ്യില്ല. പകരം ഇരു കമ്പനികളെയും ലയിപ്പിക്കും. ബിഎസ്എന്‍എല്ലിന്റെയും എംടിഎന്‍എല്ലിന്റെയും പുനരുദ്ധാരണത്തിനായി നാലു പടികളുള്ള പദ്ധതിയാണ് കേന്ദ്രമന്ത്രിസഭ അംഗീകരിച്ചിരിക്കുന്നതെന്ന് രവിശങ്കര്‍ പ്രസാദ് അറിയിച്ചു.

ജീവനക്കാര്‍ക്കു മുന്നില്‍ സര്‍ക്കാര്‍ ആകര്‍ഷകമായ വിആര്‍എസ് പാക്കേജ് അവതരിപ്പിക്കും. 53 വയസ് പൂര്‍ത്തിയായ ജീവനക്കാര്‍ക്ക് ശമ്പളത്തിന്റെ 125 ശതമാനവും അറുപതു വയസുവരെ പെന്‍ഷന്‍ഷനും ഗ്രാറ്റുവിറ്റിയും നല്‍കുന്നതായിരിക്കും വിആര്‍എസ് പാക്കേജ്. 

പുനരുദ്ധാരണത്തിന്റെ ഭാഗമായി സര്‍ക്കാര്‍ 15,000 രൂപ കടപ്പത്രങ്ങളിലൂടെ സമാഹരിക്കും. ആസ്തി വില്‍പ്പനയിലൂടെ 38,000 കോടി സമാഹരിക്കുമെന്നും മന്ത്രി പറഞ്ഞു.