ഇനി വിരല്‍ അമര്‍ത്തുമ്പോള്‍ കോവിഡ് വരുമോയെന്ന ആശങ്ക വേണ്ട!; 'കോണ്‍ടാക്ട്ലെസ് എടിഎമ്മുകള്‍' വരുന്നു, ക്യൂ ആര്‍ കോഡ് സാങ്കേതികവിദ്യ 

എടിഎമ്മില്‍ സ്പര്‍ശിക്കാതെ തന്നെ ഇടപാട് നടത്താന്‍ കഴിയുന്ന കോണ്‍ടാക്ട് ലെസ് എടിഎമ്മുകള്‍ വിന്യസിക്കാനാണ് ബാങ്കുകള്‍ തയ്യാറെടുക്കുന്നത്
ഇനി വിരല്‍ അമര്‍ത്തുമ്പോള്‍ കോവിഡ് വരുമോയെന്ന ആശങ്ക വേണ്ട!; 'കോണ്‍ടാക്ട്ലെസ് എടിഎമ്മുകള്‍' വരുന്നു, ക്യൂ ആര്‍ കോഡ് സാങ്കേതികവിദ്യ 

ന്യൂഡല്‍ഹി: കോവിഡ് വരാതിരിക്കാനുളള മുന്‍കരുതലിന്റെ ഭാഗമായി കഴിഞ്ഞ കുറെ നാളുകളായി ആവര്‍ത്തിച്ച് പറയുന്ന നിര്‍ദേശമാണ് അനാവശ്യമായി സ്പര്‍ശിക്കുന്നത് ഒഴിവാക്കണം എന്നത്. അത്തരത്തില്‍ ഏതെങ്കിലും പ്രതലത്തിലോ മറ്റോ സ്പര്‍ശിച്ചാല്‍ തന്നെ സാനിറ്റൈസര്‍, ഹാന്‍ഡ് വാഷ് എന്നിവ ഉപയോഗിച്ച് കൈ വൃത്തിയാക്കണമെന്നും പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായുളള മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നുണ്ട്. കോവിഡ് വ്യാപനത്തിനിടയിലും ദൈനംദിന സാമ്പത്തിക ആവശ്യങ്ങള്‍ക്കായി എടിഎമ്മുകളില്‍ പോകാത്തവര്‍ ചുരുക്കമാണ്. ഇടപാട് നടത്തുന്നതിന് എടിഎം മെഷീനില്‍ തൊടേണ്ടി വരുന്നത് പലര്‍ക്കും മാനസിക പ്രയാസം ഉണ്ടാക്കുന്നുണ്ട്. ഇതിന് പരിഹാരം കാണാന്‍ ഒരുങ്ങുകയാണ് ബാങ്കുകള്‍.

എടിഎമ്മില്‍ സ്പര്‍ശിക്കാതെ തന്നെ ഇടപാട് നടത്താന്‍ കഴിയുന്ന കോണ്‍ടാക്ട് ലെസ് എടിഎമ്മുകള്‍ വിന്യസിക്കാനാണ് ബാങ്കുകള്‍ തയ്യാറെടുക്കുന്നത്. ഇതിന്റെ ഭാഗമായി പ്രോട്ടോടൈപ്പ് എജിഎസ് ട്രാന്‍സാക്ട് ടെക്‌നോളജീസ് വികസിപ്പിച്ചു. ബാങ്കിന്റെ മൊബൈല്‍ ആപ്പ് വഴി ഇടപാട് നടത്താന്‍ സാധിക്കുന്ന സാങ്കേതികവിദ്യയാണ് കമ്പനി വികസിപ്പിച്ചത്. ക്യൂആര്‍ കോഡ് സ്‌കാനിങ്ങിലൂടെ പണം പിന്‍വലിക്കാന്‍ കഴിയുന്ന സംവിധാനത്തിനാണ് രൂപം നല്‍കിയത്.

നിലവില്‍ എടിഎമ്മില്‍ പോയാല്‍, പണം പിന്‍വലിക്കാന്‍ പിന്‍ നമ്പര്‍ തുടങ്ങി വിവിധ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കാന്‍ വിരല്‍ അമര്‍ത്തണം. അതിനാല്‍ ആവശ്യമായ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കാന്‍ ഇടപാടുകാര്‍ നിര്‍ബന്ധിതരാകുന്നുണ്ട്. ഇടപാടിന് ശേഷം ഹാന്‍ഡ് സാനിറ്റൈസര്‍ ഉപയോഗിച്ച് കൈ വൃത്തിയാക്കണമെന്നാണ് കേന്ദ്രസര്‍ക്കാര്‍ ഇറക്കിയ മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നത്. ഇതനുസരിച്ച് എടിഎമ്മുകളില്‍ ബാങ്കുകള്‍ സാനിറ്റൈസര്‍ ഉറപ്പാക്കണമെന്നും കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശിച്ചിട്ടുണ്ട്.

പുതിയ സാങ്കേതിക വിദ്യ അനുസരിച്ച് ബാങ്കിന്റെ മൊബൈല്‍ ആപ്പ് ഉപയോഗിച്ച് ഇടപാട് നടത്താം. ക്യൂ ആര്‍ കോഡ് സ്‌കാന്‍ ചെയ്ത ശേഷം മൊബൈലില്‍ പിന്‍ നമ്പറും പണം പിന്‍വലിക്കേണ്ട തുകയും രേഖപ്പെടുത്തിയാല്‍, ഇടപാട് പൂര്‍ത്തിയാക്കാന്‍ സാധിക്കുമെന്ന് എജിഎസ് ട്രാന്‍സാക്ട് അവകാശപ്പെടുന്നു. നിലവില്‍ വിവിധ ബാങ്കുകളുടെ 70000 എടിഎമ്മുകള്‍ എജിഎസ് കൈകാര്യം ചെയ്യുന്നുണ്ട്. ഇവിടെ പുതിയ സാങ്കേതിക വിദ്യ നടപ്പാക്കാനാണ് കമ്പനി പരിപാടിയിടുന്നത്. ഇതിനാവശ്യമായ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കേണ്ടത്. ഇക്കാര്യങ്ങള്‍  സംബന്ധിച്ച് വിവിധ ബാങ്കുകളുമായി കമ്പനി ചര്‍ച്ച ചെയ്തുവരികയാണ്. ഈ രീതിയില്‍ ഇടപാട് നടത്തിയാല്‍ ബാങ്ക് തട്ടിപ്പുകള്‍ക്കുളള സാധ്യതയും കുറയ്ക്കാന്‍ കഴിയുമെന്നും കമ്പനി അവകാശപ്പെടുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com