ഇനി ഏത് ബാങ്കിന്റേത് എന്ന് നോക്കണ്ട!, എല്ലാ എടിഎമ്മിലും ശാഖയിലും പണം നിക്ഷേപിക്കാം; വരുന്നു പുതിയ പരിഷ്‌കാരം

ഏത് ശാഖയെന്നോ ഏത് എടിഎം എന്നോ വേര്‍തിരിവില്ലാതെ എവിടെയും പണം നിക്ഷേപിക്കാനുളള സംവിധാനം വരുന്നു.
ഇനി ഏത് ബാങ്കിന്റേത് എന്ന് നോക്കണ്ട!, എല്ലാ എടിഎമ്മിലും ശാഖയിലും പണം നിക്ഷേപിക്കാം; വരുന്നു പുതിയ പരിഷ്‌കാരം

ന്യൂഡല്‍ഹി:  ഏത് ശാഖയെന്നോ ഏത് എടിഎം എന്നോ വേര്‍തിരിവില്ലാതെ എവിടെയും പണം നിക്ഷേപിക്കാനുളള സംവിധാനം വരുന്നു. ഇത് നടപ്പാക്കാന്‍ ബാങ്കുകളോട് നാഷണല്‍ പേയ്‌മെന്റ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ നിര്‍ദേശിച്ചു. പരസ്പരം വിവരങ്ങള്‍ കൈമാറി ഇത് നടപ്പാക്കുന്നതിന്റെ സാധ്യത പരിശോധിക്കാനാണ് നാഷണല്‍ പേയ്‌മെന്റ്‌സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ ആവശ്യപ്പെട്ടിരിക്കുന്നത്.

നിലവില്‍ അതത് ബാങ്കിന്റെ എടിഎമ്മുകളില്‍ സ്ഥാപിച്ചിരിക്കുന്ന ക്യാഷ് ഡെപ്പോസിറ്റ് മെഷിനില്‍ മാത്രമേ പണം നിക്ഷേപിക്കാന്‍ കഴിയൂ. അതായത് എസ്ബിഐ അക്കൗണ്ടുടമയ്ക്ക് പണം നല്‍കണമെങ്കില്‍ എസ്ബിഐയുടെ ക്യാഷ് ഡെപ്പോസിറ്റ് മെഷീനില്‍ തന്നെ പണം നിക്ഷേപിക്കണം. എന്നാല്‍ ക്യാഷ് ഡെപ്പോസിറ്റ് മെഷീന്‍ ഏത് ബാങ്കിന്റേത് എന്ന് പരിഗണിക്കാതെ, എവിടെ നിന്നും പണം നിക്ഷേപിക്കാനുളള സാധ്യതയാണ് പരിശോധിക്കുന്നത്.  

ബാങ്കുകള്‍ ഈ സംവിധാനം പ്രാവര്‍ത്തികമാക്കിയാല്‍ ചെലവ് ചുരുക്കാന്‍ സാധിക്കുമെന്ന് നാഷണല്‍ പേയ്‌മെന്റ്‌സ് കോര്‍പ്പറേഷന്‍ കണക്കുകൂട്ടുന്നു. നാഷണല്‍ ഫിനാന്‍ഷ്യല്‍ സ്വിച്ച് എന്ന സംവിധാനം ഫലപ്രദമായി ഉപയോഗിക്കാന്‍ പുതിയ പരിഷ്‌കാരം വഴി സാധിക്കും. കറന്‍സി കൈകാര്യം ചെയ്യുന്നതിനും എടിഎമ്മുകളില്‍ പണം നിക്ഷേപിക്കുന്നതിനും വേണ്ടി വരുന്ന ചെലവ് കുറയ്ക്കാന്‍ ഇതുവഴി സാധിക്കുമെന്നാണ് കോര്‍പ്പറേഷന്‍ പറയുന്നത്.

നിലവില്‍ രാജ്യത്ത് 14 ബാങ്കുകള്‍ ഈ സേവനം ലഭ്യമാക്കുന്നുണ്ട്. യൂണിയന്‍ ബാങ്ക്, കാനറ ബാങ്ക്, ഉള്‍പ്പെടെയുളള ബാങ്കുകളാണ് ഈ സേവനം ലഭ്യമാക്കുന്നത്. ഇത് രാജ്യമൊട്ടാകെ നടപ്പാക്കിയാല്‍ 30,000 എടിഎമ്മുകളില്‍ ഉപഭോക്താവിന് സേവനം സാധ്യമാകും. സാങ്കേതികവിദ്യയില്‍ കാര്യമായ മാറ്റം വരുത്താതെ തന്നെ ഇത് യാഥാര്‍ത്ഥ്യമാക്കാന്‍ കഴിയുമെന്നാണ് കണക്കുകൂട്ടല്‍. നിലവില്‍ 10,000 രൂപ വരെയുളള നിക്ഷേപത്തിന് 25 രൂപയാണ് നിരക്ക്.10,000 മുകളിലുളള ഇടപാടിന് 50 രൂപ നല്‍കണം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com