ഉപഭോക്താക്കൾക്ക് തിരിച്ചടി: പണം പിൻവലിക്കലിൽ നിയന്ത്രണം; യെസ് ബാങ്കിൽ നിന്ന് ഇനി 50,000രൂപയിൽ കൂടുതൽ കിട്ടില്ല 

റിസര്‍വ് ബാങ്കിന്‍റെ നിര്‍ദേശ പ്രകാരമാണ് നടപടി
ഉപഭോക്താക്കൾക്ക് തിരിച്ചടി: പണം പിൻവലിക്കലിൽ നിയന്ത്രണം; യെസ് ബാങ്കിൽ നിന്ന് ഇനി 50,000രൂപയിൽ കൂടുതൽ കിട്ടില്ല 

ന്യൂഡൽഹി: സ്വകാര്യ ബാങ്കായ യെസ് ബാങ്ക് അക്കൗണ്ടില്‍ നിന്ന് ഒരു ദിവസം പരാമവധി പിന്‍വലിക്കാവുന്ന തുക 50,000 രൂപയാക്കി നിയന്ത്രിച്ചു. മറ്റൊരു ഉത്തരവുണ്ടാകുന്നതുവരെ പിന്‍വലിക്കല്‍ പരിധി 50,000 രൂപയായി തുടരും. റിസര്‍വ് ബാങ്കിന്‍റെ നിര്‍ദേശ പ്രകാരമാണ് നടപടി. 

2020 ഏപ്രിൽ മൂന്നുവരെ മൊറട്ടോറിയം നിലനിൽക്കുമെന്നറിയിച്ച് ധനമന്ത്രാലയം നോട്ടീസ് നൽകിയതിനെ തുടര്‍ന്നാണ് റിസര്‍വ് ബാങ്ക് പിന്‍വലിക്കല്‍ തുകയില്‍ നിയന്ത്രണമേര്‍പ്പെടുത്തിയത്. ചികിൽസാ ആവശ്യം, ഉന്നത വിദ്യാഭ്യാസം, വിവാഹം തുടങ്ങിയ അടിയന്തര സാഹചര്യങ്ങളിൽ ഈ പരിധി ഒഴിവാക്കാമെന്നും അറിയിപ്പിൽ പറയുന്നു. ഈ സമയങ്ങളിൽ അഞ്ച് ലക്ഷം രൂപ വരെ പിൻവലിക്കാം.

മോശം വായ്പകൾ നൽകിയതിനെത്തുടർന്ന് യെസ് ബാങ്കിന്റെ പ്രവർത്തനം പ്രതിസന്ധിയിലായിരുന്നു. വായ്പാ നഷ്ടം നികത്തുന്നതിനുസൃതമായ മൂലധന സമാഹാരണം നടത്താന്‍ സാധിക്കുന്നില്ലെന്നും ആര്‍ബിഐ പുറത്തിറക്കിയ അറിയിപ്പില്‍ പറയുന്നു. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ നേതൃത്വത്തിലുള്ള കൺസോർഷ്യം യെസ് ബാങ്കിന്റെ ഓഹരികൾ ഏറ്റെടുക്കാൻ ഒരുങ്ങുന്നുവെന്ന റിപ്പോർട്ടുകൾക്കിടെയാണ് പിന്‍വലിക്കല്‍ തുകയിൽ പരിധി നിശ്ചയിച്ചുള്ള പുതിയ നീക്കം. 

നിയന്ത്രണങ്ങളിൽ നിക്ഷേപകര്‍ പരിഭ്രാന്തരാകേണ്ടെന്നും എല്ലാ നിക്ഷേപങ്ങള്‍ക്കും സുരക്ഷയുണ്ടാകുമെന്നും ആര്‍ബിഐ അറിയിച്ചു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com