ഒരുലിറ്റര്‍ പെട്രോളിന്റെ എക്സൈസ് നികുതി 1.40 രൂപ; കേരളത്തിന് ലഭിക്കുന്നത് ഒരുപൈസ; എന്താണ് ഇന്ധന വിലയ്ക്ക് പിന്നിലെ വസ്തുത? (വീഡിയോ)

നമ്മുടെയെല്ലാം പോക്കറ്റ് കാലിയാക്കി ആരെങ്കിലും കൊള്ളലാഭം ഉണ്ടാക്കുന്നുണ്ടോ? എന്താണ് ഇന്ധന വിലയ്ക്കു പിന്നിലെ വസ്തുത? 
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം



രോ തവണ പെട്രോള്‍ അടിക്കാന്‍ പമ്പില്‍ കയറുമ്പോഴും നമ്മുടെയെല്ലാം മനസില്‍ ഉയര്‍ന്നുവരുന്ന ചില ചോദ്യങ്ങളുണ്ട്. എന്നാണ് വില കുറയുക? കോവിഡ് പ്രതിസന്ധിയിലും സര്‍ക്കാര്‍ എന്തുകൊണ്ടാണ് ജനങ്ങളുടെ ബുദ്ധിമുട്ട് കാണാത്തത്? രാജ്യാന്തര വിപണിയില്‍ വില കുത്തനെ കുറഞ്ഞപ്പോഴും എന്താണ് ഇന്ത്യയില്‍ പെട്രോള്‍, ഡീസല്‍ വില ഉയര്‍ന്നുനിന്നത്? നമ്മുടെയെല്ലാം പോക്കറ്റ് കാലിയാക്കി ആരെങ്കിലും കൊള്ളലാഭം ഉണ്ടാക്കുന്നുണ്ടോ? എന്താണ് ഇന്ധന വിലയ്ക്കു പിന്നിലെ വസ്തുത? 

അന്താരാഷ്ട്ര വിപണിയില്‍ എണ്ണവിലയില്‍ ഉണ്ടാവുന്ന മാറ്റങ്ങളാണ് രാജ്യത്തെ ഇന്ധനവിലയെ സ്വാധീനിക്കുന്നത് എന്നാണ് പൊതുവേ പറയുന്നത്. യഥാര്‍ത്ഥത്തില്‍ ഇത് മാത്രമാണോ?, അല്ല എന്ന് കഴിഞ്ഞ കാല കണക്കുകള്‍ വ്യക്തമാക്കുന്നു. 2014 ല്‍ ബാരലിന് 110 ഡോളര്‍ ഉണ്ടായിരുന്ന എണ്ണവില രണ്ടു വര്‍ഷം കൊണ്ട് 40 ഡോളര്‍ ആയി കുറഞ്ഞപ്പോഴാണ് കേന്ദ്രസര്‍ക്കാര്‍ എക്സൈസ് നികുതി കൂട്ടുന്നത് ആരംഭിച്ചത്. എണ്ണവില 20 ഡോളറിലേക്ക് കൂപ്പുകുത്തി തിരികെ കയറിയപ്പോഴും നികുതി കുറയ്ക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറായില്ല. നിലവില്‍ ബാരലിന് 50നും 70നും ഇടയില്‍ എണ്ണവില ചാഞ്ചാടി കളിക്കുകയാണ്. ഇന്ധനവിലയുടെ പകുതിയിലധികവും കേന്ദ്ര, സംസ്ഥാന നികുതിയാണ്. കോവിഡ് പ്രതിസന്ധിയില്‍ നികുതി കുറയ്ക്കാന്‍ മുറവിളി ഉയരുമ്പോഴും ഇതൊരു വരുമാനമാര്‍ഗമായി മാത്രമാണ് കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ കാണുന്നത്. 

അസംസ്‌കൃത എണ്ണ വിലയും ഇന്ത്യയിലെ വിലയും തമ്മിലുള്ള അന്തരം

69.17 ഡോളറാണ് ഒരു ബാരല്‍ ബ്രെന്‍ഡ് ക്രൂഡിന്റെ വില. ഒരു ഡോളറിന് 74 രൂപ 37 പൈസയാണ് വിനിമയനിരക്ക്. 159 ലിറ്ററാണ് ഒരു ബാരല്‍. അങ്ങനെയെങ്കില്‍ ഒരു ബാരല്‍ എണ്ണ വാങ്ങാന്‍ 5144 രൂപ നല്‍കണം. ഇതിനെ 159 കൊണ്ട് ഹരിച്ചാല്‍ ഒരു ലിറ്റര്‍ ക്രൂഡ് ഓയില്‍ വാങ്ങാന്‍ എണ്ണ വിതരണ കമ്പനികള്‍ക്ക് വരുന്ന ചെലവ് കണക്കാക്കാന്‍ സാധിക്കും. ഏകദേശം 32 രൂപയാണ് ചെലവ് വരുന്നത്. എന്നാല്‍ പെട്രോളിന് തിരുവനന്തപുരത്ത് 103.82 രൂപയാണ് വില. 96 രൂപ 47 പൈസ നല്‍കണം ഒരു ലിറ്റര്‍ ഡീസല്‍ വാങ്ങാന്‍. അപ്പോള്‍ ബാക്കി കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ ചുമത്തുന്ന നികുതിയും ട്രാന്‍സ്പോര്‍ട്ടേഷന്‍ ചാര്‍ജ്ജുമാണ് എന്ന് വ്യക്തം.

പെട്രോളിന്റെ നികുതി ഘടന

ഒരു ലിറ്റര്‍ പെട്രോള്‍ വിറ്റാല്‍ കേന്ദ്രത്തിന് 32രൂപയും സംസ്ഥാനത്തിന് 20 രൂപയുമാണ് ലഭിക്കുന്നത്. ഇന്ധനനികുതിയായി കേന്ദ്രത്തിന് കിട്ടുന്ന തുകയുടെ 42 ശതമാനം സംസ്ഥാനങ്ങള്‍ക്ക് കൈമാറുന്നു എന്നാണ് ചിലരുടെ വാദം. യാഥാര്‍ഥത്തില്‍ കേന്ദ്രസര്‍ക്കാര്‍ രാജ്യത്തെ മുഴുവന്‍ സംസ്ഥാനങ്ങളുമായി പങ്കുവയ്ക്കേണ്ടത് എക്സൈസ് നികുതി മാത്രമാണ്. അഡീഷനല്‍ എക്സൈസ് നികുതിയും മറ്റു സെസുകളും പങ്കുവയ്ക്കേണ്ടതില്ല. 1.40 രൂപ മാത്രമാണ് ഒരു ലീറ്റര്‍ പെട്രോളിന്റെ എക്സൈസ് നികുതി. ഈ തുകയുടെ 41 ശതമാനമാണ്  കേന്ദ്രം സംസ്ഥാനങ്ങളുമായി പങ്കു വയ്ക്കുന്നത്. 1.40 രൂപ മുഴുവന്‍ സംസ്ഥാനങ്ങളുമായി പങ്കു വയ്ക്കുമ്പോള്‍ അതിലെ വിഹിതമായി കേരളത്തിനു ലഭിക്കുന്നത് ഏതാണ്ട് ഒരു പൈസ മാത്രമാണ്. കേരളം ഈടാക്കുന്ന വില്‍പന നികുതി 30.08 ശതമാനമാണ്. ഇതിനൊപ്പം ഏതാണ്ട് 1.20 രൂപ സെസുകളായും വരും. 

ഇന്ധന നികുതി കൂട്ടുമ്പോള്‍ അഡീഷനല്‍ എക്സൈസ് നികുതി, സെസ് എന്നിവയാണു കേന്ദ്രസര്‍ക്കാര്‍ അടുത്തിടെയെല്ലാം വര്‍ധിപ്പിച്ചത്. അടിസ്ഥാന എക്സൈസ് നികുതി കൂട്ടിയില്ലെന്നു മാത്രമല്ല, കുറച്ചു. 2020 മാര്‍ച്ചില്‍ രണ്ടു തവണ നികുതി കൂട്ടിയപ്പോഴും അഡീഷനല്‍ നികുതിയാണു കൂട്ടിയത്. എക്സൈസ് നികുതി കൂട്ടിയാല്‍ സംസ്ഥാനങ്ങള്‍ക്കു അതിന്റെ വീതം നല്‍കണമല്ലോ.

കേന്ദ്ര, സംസ്ഥാന സര്‍ക്കാരുടെ നികുതി വരുമാനം

2014 സാമ്പത്തികവര്‍ഷത്തില്‍ ഒരു ലക്ഷം കോടിയില്‍ താഴെയായിരുന്നു പെട്രോളിയം ഉല്‍പ്പന്നങ്ങളില്‍ നിന്നുള്ള കേന്ദ്രത്തിന്റെ നികുതി വരുമാനം. സംസ്ഥാനങ്ങള്‍ ഒന്നടങ്കം 1.37 ലക്ഷം കോടി രൂപയാണ് സമാഹരിച്ചത്. കോവിഡ് പ്രതിസന്ധി നേരിട്ട 2020-21 സാമ്പത്തികവര്‍ഷത്തില്‍ കേന്ദ്രത്തിന്റെ വരുമാനം 3.7 ലക്ഷം കോടി രൂപയായി ഉയര്‍ന്നു. സംസ്ഥാനങ്ങളുടെ വരുമാനവും ഉയര്‍ന്നു. രണ്ടു ലക്ഷം കോടിയിലധികമായാണ് വര്‍ധിച്ചത്.

കേന്ദ്ര, സംസ്ഥാന സര്‍ക്കാരുടെ നിലപാട്

രാജ്യത്ത് ഇന്ധനവില ഉയര്‍ന്നുനില്‍ക്കാന്‍ കാരണം യുപിഎ സര്‍ക്കാരാണ് എന്നാണ് കേന്ദ്രം പറയുന്നത്. യുപിഎ സര്‍ക്കാര്‍ ഇറക്കിയ എണ്ണ ബോണ്ടുകളുടെ പലിശ ബാധ്യതയാണ് ഇതിന് കാരണം. കൂടാതെ പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ നികുതിയില്‍ നിന്ന് ലഭിക്കുന്ന വരുമാനം ഉപയോഗിച്ചാണ് ക്ഷേമപദ്ധതികള്‍ നടപ്പാക്കുന്നതെന്നും കേന്ദ്രം അവകാശപ്പെടുന്നു. പെട്രോളിയം ഉല്‍പ്പന്നങ്ങളെ ജിഎസ്ടിയുടെ പരിധിയില്‍ പെടുത്തിയാല്‍ വില കുറയുമെന്നാണ് വിദഗ്ധര്‍ പറയുന്നത്. എന്നാല്‍ കോവിഡ് പ്രതിസന്ധിയില്‍ ഏക വരുമാനം എന്ന നിലയില്‍ ജിഎസ്ടിയില്‍ ഉള്‍പ്പെടുത്തുന്നതിനെ സംസ്ഥാനങ്ങള്‍ എതിര്‍ക്കുകയാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com