നിങ്ങളുടെ കൈവശമുള്ളത് 15 വര്‍ഷത്തിലേറെ പഴക്കമുള്ള വാഹനമാണോ?; ചെലവ് 62 മടങ്ങ് വരെ വര്‍ധിക്കാമെന്ന് റിപ്പോര്‍ട്ട്

പൊളിക്കല്‍ നയം പ്രാബല്യത്തില്‍ വന്നാല്‍ 15 വര്‍ഷത്തിലേറെ പഴക്കമുള്ള വാഹനം കൈവശം വെയ്ക്കുന്നത് ചെലവേറിയതാകാമെന്ന് റിപ്പോര്‍ട്ട്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ന്യൂഡല്‍ഹി: പൊളിക്കല്‍ നയം പ്രാബല്യത്തില്‍ വന്നാല്‍ 15 വര്‍ഷത്തിലേറെ പഴക്കമുള്ള വാഹനം കൈവശം വെയ്ക്കുന്നത് ചെലവേറിയതാകാമെന്ന് റിപ്പോര്‍ട്ട്. വാണിജ്യവാഹനങ്ങള്‍ക്ക് ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് ലഭിക്കുന്നതിന് ചെലവ് 62 മടങ്ങ് വരെ വര്‍ധിക്കാം. സ്വകാര്യവാഹനങ്ങളുടെ രജിസ്‌ട്രേഷന്‍ പുതുക്കുന്നതിന് ഇത് എട്ടുമടങ്ങ് വരെ വര്‍ധിക്കാനും സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഇതോടൊപ്പം സംസ്ഥാനങ്ങള്‍ ഗ്രീന്‍ ടാക്‌സ് കൂടി ചുമത്താന്‍ തുടങ്ങിയാല്‍ പഴയ വാഹനങ്ങള്‍ കൈവശം വെയ്ക്കുന്നത് വാഹനഉടമകള്‍ക്ക് ഭാരമായി മാറാനും സാധ്യതയുണ്ട്.

ബജറ്റില്‍ പ്രഖ്യാപിച്ച  പൊളിക്കല്‍ നയത്തിന്റെ രൂപരേഖ രണ്ടാഴ്ചക്കകം കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം പുറത്തുവിടുമെന്നാണ് റിപ്പോര്‍ട്ടുകള്‍. മോട്ടോര്‍ വാഹനനിയമം അനുസരിച്ച് എട്ടുവര്‍ഷം കഴിഞ്ഞാല്‍ ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് വര്‍ഷംതോറും നിര്‍ബന്ധമായി പുതുക്കണം. ഇതിന് പുറമേ സംസ്ഥാനങ്ങള്‍ക്ക് ഗ്രീന്‍ ടാക്‌സ് ചുമത്താം. ഇത് വര്‍ഷം തോറുള്ള റോഡ് നികുതിയുടെ 25 ശതമാനം വരെ വരാം. സാധാരണയായി വണ്ടിയുടെ ഉടമ നല്‍കുന്ന റോഡ് നികുതിക്ക് പുറമേയാണ് ഗ്രീന്‍ ടാക്‌സ്.

പതിനഞ്ച് വര്‍ഷം  കഴിഞ്ഞ സ്വകാര്യ വാഹനത്തി്‌ന്റെ രജിസ്‌ട്രേഷന്‍ പുതുക്കുന്നതിന് ഇരുചക്രവാഹനത്തിന് 300 രൂപയാണ് ഈടാക്കുന്നത്. ഇത് ആയിരം രൂപ വരെ വരാം. കാറിന് ഇത് 600ല്‍ നിന്ന് 5000 ആയി ഉയരാമെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. റോഡ് നികുതിക്ക് പുറമേ സംസ്ഥാനങ്ങള്‍ ഗ്രീന്‍ ടാക്്‌സ് കൂടി ഈടാക്കിയാല്‍ വാഹനം കൈവശം വെയ്ക്കുന്നത് ഏറെ ചെലവേറിയ കാര്യമാകും.

വാഹനം പൊളിക്കല്‍ നയത്തിന്റെ പ്രയോജനങ്ങള്‍ സംബന്ധിച്ച് മൊബൈല്‍ ഫോണ്‍ വഴി വാഹന ഉടമകള്‍ക്ക് സന്ദേശങ്ങള്‍ നല്‍കാന്‍ കേന്ദ്രസര്‍ക്കാര്‍ നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. പൊളിക്കല്‍ നയത്തിന്റെ മറവില്‍ മോഷ്ടിച്ച വാഹനങ്ങള്‍ ദുരുപയോഗം ചെയ്യാനുള്ള സാധ്യത തടയുന്നതിനുള്ള നടപടികളെ കുറിച്ചും സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com