ലീഗല്‍ ഫീസ് 8546 കോടി! കൈക്കൂലി ആരോപണത്തില്‍ കുരുങ്ങി ആമസോണ്‍

ഈ രണ്ടു വര്‍ഷങ്ങളില്‍ ആമസോണിന്റെ വരും 42,085 കോടി രൂപയാണ്. ഇതിന്റെ അഞ്ചിലൊന്നാണ് ലീഗല്‍ ഫീസ് ഇനത്തില്‍ ചെലവഴിച്ചത്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ന്യൂഡല്‍ഹി: അമേരിക്കന്‍ ഇ-കൊമേഴ്‌സ് കമ്പനിയായ ആമസോണ്‍ ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്നതിന് കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടെ ലീഗല്‍ ഫീസ് ഇനത്തില്‍ 8546 കോടി രൂപ ചെലവഴിച്ചതായി റിപ്പോര്‍ട്ട്. കമ്പനി ഇന്ത്യന്‍ ഉദ്യോഗസ്ഥര്‍ക്കു കൈക്കൂലി നല്‍കിയതായുള്ള വാര്‍ത്തകള്‍ക്കിടയിലാണ്, ഭീമമായ തുക ഈയിനത്തില്‍ ചെലവഴിച്ചതായ വിവരങ്ങള്‍ പുറത്തുവന്നിരിക്കുന്നത്.

2018-19, 2019-20 വര്‍ഷങ്ങളില്‍ ലീഗല്‍ ഫീസ് ഇനത്തില്‍ ആമസോണ്‍ ഇന്ത്യ 8546 കോടി രൂപ ചെലവഴിച്ചെന്നാണ്, കമ്പനിയുടെ ഔദ്യോഗിക ഫയലില്‍ ഉദ്ധരിച്ചുകൊണ്ടുള്ള റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. ഈ രണ്ടു വര്‍ഷങ്ങളില്‍ ആമസോണിന്റെ വരും 42,085 കോടി രൂപയാണ്. ഇതിന്റെ അഞ്ചിലൊന്നാണ് ലീഗല്‍ ഫീസ് ഇനത്തില്‍ ചെലവഴിച്ചത്.

ലീഗല്‍ ഫീസ് എന്നു കാണിച്ചിരിക്കുന്നത് പൂര്‍ണമായും വ്യവഹാരത്തിനെ കോടതി നടപടികള്‍ക്കോ ഉള്ള തുക  ആയിരിക്കില്ലെന്നാണ് ഈ രംഗത്തു പ്രവര്‍ത്തിക്കുന്നവര്‍ പറയുന്നത്. ഇന്ത്യയിലെ പ്രവര്‍ത്തനങ്ങള്‍ 'സുഗമമായി' മുന്നോട്ടുകൊണ്ടുപോവുന്നതിനുള്ള തുക ഉള്‍പ്പെടെയാവാണ് സാധ്യതയെന്ന് അവര്‍ പറയുന്നു. 

ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്നതിന് ആമസോണ്‍ ഉദ്യോഗസ്ഥര്‍ക്കു വന്‍തോതില്‍ കൈക്കൂലി നല്‍കിയതായ വാര്‍ത്ത പുറത്തുവന്നതിനു പിന്നാലെ കമ്പനി അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. ഇക്കാര്യം നേരിട്ടു സമ്മതിച്ചിട്ടില്ലെങ്കിലും നിയമപരമല്ലാത്ത ഏതു കാര്യത്തിനും എതിരെ നടപടിയുണ്ടാവും എന്നാണ് ആമസോണിന്റെ പ്രതികരണം. 

ഹോള്‍ഡിങ് കമ്പനിയായ ആമസോണ്‍ ഇന്ത്യ ലിമിറ്റഡ്, ആമസോണ്‍ സെല്ലര്‍ സര്‍വീസ് എന്നിവയാണ് ലീഗല്‍ ഫീസ് ഇനത്തില്‍ കൂടുതല്‍ തുക ചെലവഴിച്ചിട്ടുള്ളത്. ആമസോണ്‍ റീട്ടെയ്ല്‍ ഇന്ത്യ, ആമസോണ്‍ ട്രാന്‍സ്‌പോര്‍ട്ടേഷന്‍ സര്‍വീസസ്, ആമസോണ്‍ ഹോള്‍സെയില്‍, ആമസോണ്‍ ഇന്റര്‍നെറ്റ് സര്‍വീസസ് എന്നിവയാണ് ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്ന മറ്റ് കമ്പനികള്‍.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com