ബാങ്കില്‍ സാങ്കേതിക തകരാര്‍, അക്കൗണ്ടുകളിലേക്ക് കോടികള്‍ ഒഴുകി, അമ്പരന്ന് ഉടമകള്‍

സാങ്കേതിക പ്രശ്‌നങ്ങള്‍ മൂലമാണ് ഇത് സംഭവിച്ചതെന്നും പ്രശ്‌നം പരിഹരിക്കാന്‍ നടപടി സ്വീകരിച്ചതായും എച്ച്ഡിഎഫ്‌സി ബാങ്ക് അറിയിച്ചു
എച്ച്ഡിഎഫ്‌സി ബാങ്ക്, ഫയല്‍/ റോയിട്ടേഴ്‌സ്‌
എച്ച്ഡിഎഫ്‌സി ബാങ്ക്, ഫയല്‍/ റോയിട്ടേഴ്‌സ്‌

ചെന്നൈ: നിമിഷ നേരം കൊണ്ട് കോടീശ്വരന്‍!, കേള്‍ക്കുമ്പോള്‍ ഞെട്ടല്‍ തോന്നാം. കഴിഞ്ഞദിവസം എച്ച്ഡിഎഫ്‌സ് ബാങ്കിന്റെ നിരവധി ഉപഭോക്താക്കള്‍ക്ക് സമാനമായ അനുഭവം ഉണ്ടായി. ഇവരുടെ അക്കൗണ്ടുകളിലേക്ക് കോടികളാണ് ഒഴുകി എത്തിയത്. സാങ്കേതിക പ്രശ്‌നങ്ങള്‍ മൂലമാണ് ഇത് സംഭവിച്ചതെന്നും പ്രശ്‌നം പരിഹരിക്കാന്‍ നടപടി സ്വീകരിച്ചതായും എച്ച്ഡിഎഫ്‌സി ബാങ്ക് അറിയിച്ചു.

വിവിധ ബാങ്ക് അക്കൗണ്ടുകളിലേക്ക്  കോടികളാണ് ഒഴുകി എത്തിയത്. ഒരാളുടെ  അക്കൗണ്ട് ബാലന്‍സ് 13 കോടി രൂപയായാണ് ഉയര്‍ന്നത്. കാറില്‍ ഇന്ധനം നിറയ്ക്കാന്‍ എച്ച്ഡിഎഫ്‌സി ബാങ്കിന്റെ ഡെബിറ്റ് കാര്‍ഡ് നല്‍കിയ ശേഷം ബാലന്‍സ് നോക്കിയപ്പോള്‍ തമിഴ്‌നാട് സ്വദേശി ഞെട്ടി. ബാലന്‍സായി 2.2 കോടി രൂപയാണ് രേഖപ്പെടുത്തിയിരുന്നത്. ഉടന്‍ തന്നെ എച്ച്ഡിഎഫ്‌സി ബാങ്കില്‍ വിളിച്ച് അറിയിച്ചു. ബാങ്ക് അക്കൗണ്ട് അധികൃതര്‍ ബ്ലോക്ക് ചെയ്തു.

സമാനമായ രീതിയില്‍ നിരവധി പരാതികളാണ് ബാങ്കിന് ലഭിച്ചത്. ബിസിനസുകാരന്റെ അക്കൗണ്ട് ബാലന്‍സാണ് 13 കോടി രൂപയായി ഉയര്‍ന്നത്. ഒറ്റയടിക്ക് 2.2 കോടി രൂപയാണ് അക്കൗണ്ടിലേക്ക് വന്നതെന്ന് ബിസിനസുകാരന്‍ പറയുന്നു. കൂടുതല്‍ തുക എത്തിയ ഉപഭോക്താക്കളില്‍ ഒട്ടുമിക്ക ആളുകളുടെയും ബാങ്ക് അക്കൗണ്ട് മണിക്കൂറുകള്‍ക്കകം സാധാരണ നിലയിലായി.

പതിവായുള്ള അറ്റകുറ്റപ്പണി ശനിയാഴ്ച നടക്കുന്നതിനിടെയാണ് സാങ്കേതിക പ്രശ്‌നം ഉണ്ടായതെന്നാണ് ബാങ്ക് അധികൃതര്‍ നല്‍കുന്ന വിശദീകരണം. പ്രശ്‌നം ശ്രദ്ധയില്‍പ്പെട്ട ഉടനെ തന്നെ അക്കൗണ്ടുകള്‍ ബ്ലോക്ക് ചെയ്തതായി അധികൃതര്‍ അറിയിച്ചു. രാജ്യമൊട്ടാകെ പ്രശ്‌നം നിലനിന്നിരുന്നതായും 80 ശതമാനവും പരിഹരിച്ചതായും അധികൃതര്‍ അറിയിച്ചു.

ഈ വാര്‍ത്ത കൂടി വായിക്കാം 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com