ബ്രിട്ടനില്‍ നികുതി അടച്ചോ?; ഋഷി സുനകിന്റെ ഭാര്യയ്ക്ക് ഇന്‍ഫോസിസില്‍ നിന്ന് ലാഭവിഹിതമായി ലഭിച്ചത് 126 കോടി രൂപ 

ബ്രിട്ടീഷ് പ്രധാനമന്ത്രിയായി ചുമതലയേല്‍ക്കുന്ന ഋഷി സുനകിന്റെ ഭാര്യ അക്ഷത മൂര്‍ത്തിയുടെ ഇന്ത്യയില്‍ നിന്നുള്ള വരുമാനം ചര്‍ച്ചയാകുന്നു
അക്ഷത മൂര്‍ത്തി ഋഷി സുനക്കിനൊപ്പം, ഫെയ്‌സ്ബുക്ക്‌
അക്ഷത മൂര്‍ത്തി ഋഷി സുനക്കിനൊപ്പം, ഫെയ്‌സ്ബുക്ക്‌

ലണ്ടന്‍: ബ്രിട്ടീഷ് പ്രധാനമന്ത്രിയായി ചുമതലയേല്‍ക്കുന്ന ഋഷി സുനകിന്റെ ഭാര്യ അക്ഷത മൂര്‍ത്തിയുടെ ഇന്ത്യയില്‍ നിന്നുള്ള വരുമാനം ചര്‍ച്ചയാകുന്നു. നാരായണ മൂര്‍ത്തിയുടെ മകളായ അക്ഷത മൂര്‍ത്തിക്ക് ഇന്‍ഫോസിസില്‍ ഓഹരി പങ്കാളിത്തം ഉണ്ട്. ഈ നിലയില്‍ 2022ല്‍ ഇതുവരെ 126.61 കോടി രൂപയാണ് ലാഭവിഹിതമായി അക്ഷതയ്ക്ക് ലഭിച്ചതെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

അക്ഷതയ്ക്ക് ഇന്‍ഫോസിസില്‍ 3.89 കോടി ഓഹരികളാണ് ഉള്ളത്. ഇന്‍ഫോസിസിന്റെ മൊത്തം ഓഹരികളുടെ 0.93 ശതമാനം വരും. ചൊവ്വാഴ്ചത്തെ ഇന്‍ഫോസിസിന്റെ വ്യാപാര നിരക്ക് അനുസരിച്ച് അക്ഷതയുടെ ഓഹരി മൂല്യം ആറായിരം കോടിയോട് അടുത്ത് വരുമെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

ഈ വര്‍ഷം മെയ് 31നാണ് ആദ്യമായി ഇന്‍ഫോസിസ് ലാഭവിഹിതം നല്‍കിയത്. 2021-22 സാമ്പത്തിക വര്‍ഷത്തെ ലാഭവിഹിതമാണ് നല്‍കിയത്. ഓഹരിക്ക് 16 രൂപ വീതമാണ് ലാഭവിഹിതം പ്രഖ്യാപിച്ചത്. ഈ മാസം ഇടക്കാല ഡിവിഡന്റും കമ്പനി പ്രഖ്യാപിച്ചു. ഒാഹരിക്ക് 16.5 രൂപ വീതമാണ് ലാഭവിഹിതം പ്രഖ്യാപിച്ചത്. ഈ രണ്ടു ലാഭവിഹിതങ്ങളും കൂടി ചേര്‍ത്താണ് അക്ഷത മൂര്‍ത്തിയ്ക്ക് ലഭിച്ചത് കണക്കാക്കിയത്. ഈ നിലയില്‍ 2022ല്‍ 126 കോടി രൂപയാണ് അക്ഷതയ്ക്ക് ലാഭവിഹിതമായി ലഭിച്ചതെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു.

ഇന്ത്യക്കാരി എന്ന നിലയില്‍ അക്ഷതയ്ക്ക് ബ്രിട്ടനില്‍ നോണ്‍ ഡൊമിസൈല്‍ഡ് സ്റ്റാറ്റസ് ആണ്. അതായത് ബ്രിട്ടനിലാണ് താമസിക്കുന്നതെങ്കിലും ആ രാജ്യത്തെ നിയമം അനുസരിച്ച് മറ്റൊരു രാജ്യത്താണ് സ്ഥിരതാമസം എന്നാണ്  കണക്കാക്കുക. അങ്ങനെ വരുമ്പോള്‍ പതിനഞ്ച് വര്‍ഷം വരെ വിദേശരാജ്യത്ത് നിന്ന് സമ്പാദിക്കുന്ന വരുമാനത്തിന് ബ്രിട്ടനില്‍ നികുതി അടയ്ക്കുന്നതില്‍ നിന്ന് ഇളവ് അനുവദിക്കും. 

ബ്രിട്ടനില്‍ നികുതി അടയ്ക്കുന്നത് സംബന്ധിച്ച് വിവാദം ഉയര്‍ന്ന ഘട്ടത്തില്‍,ലോകവ്യാപകമായി തനിക്ക് ലഭിക്കുന്ന വരുമാനത്തിന് ബ്രിട്ടനില്‍ നികുതി അടയ്ക്കുമെന്നാണ് അന്ന് അക്ഷത വിശദീകരണം നല്‍കിയത്. എന്നാല്‍ ഇന്‍ഫോസിസില്‍ നിന്ന് ലാഭവിഹിതമായി ലഭിച്ച 126 കോടി രൂപയ്ക്ക് ബ്രിട്ടനില്‍ അക്ഷത നികുതി അടച്ചോ എന്ന കാര്യത്തില്‍ അവ്യക്തത തുടരുകയാണ്.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com