പ്രണോയ് റോയിയും ഭാര്യയും രാജിവെച്ചു; ഒഴിഞ്ഞത് എന്‍ഡിടിവിയുടെ പ്രൊമോട്ടര്‍ കമ്പനിയില്‍ നിന്ന്
By സമകാലിക മലയാളം ഡെസ്ക് | Published: 30th November 2022 11:45 AM |
Last Updated: 30th November 2022 11:45 AM | A+A A- |

പ്രണോയ് റോയ്, ട്വിറ്റര്‍
ന്യൂഡല്‍ഹി: എന്‍ഡിടിവി സ്ഥാപകരായ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ പ്രണോയ് റോയിയും ഭാര്യ രാധിക റോയിയും രാജിവെച്ചു. എന്‍ഡിടിവിയുടെ പ്രൊമോട്ടറായ ആര്‍ആര്‍പിആര്‍ ഹോള്‍ഡിങ് പ്രൈവറ്റ് ലിമിറ്റഡിന്റെ ഡയറക്ടര്‍ സ്ഥാനത്ത് നിന്നാണ് ഇരുവരും രാജിവെച്ചത്. അദാനി ഗ്രൂപ്പ് എന്‍ഡിടിവി ഏറ്റെടുക്കുന്നതിന്റെ വക്കില്‍ എത്തിയ സാഹചര്യത്തിലാണ് ഇരുവരുടെയും രാജി.
ചാനലില്‍ ആര്‍ആര്‍പിആര്‍ ഗ്രൂപ്പിനുള്ള 29.18 ശതമാനം ഓഹരിയാണ് അദാനി ഗ്രൂപ്പ് ഏറ്റെടുക്കുന്നത്. എന്നാല്‍ സ്ഥാപകരില്‍ ഒരാള്‍ എന്ന നിലയില്‍ എന്‍ഡിടിവിയില്‍ പ്രണോയ് റോയിയ്ക്കുള്ള 32.26 ശതമാനം ഓഹരിപങ്കാളിത്തം അതേപോലെ തന്നെ തുടരും. ചാനലിന്റെ ബോര്‍ഡ് അംഗം എന്ന പദവിയും തുടര്‍ന്നും പ്രണോയ് റോയ് വഹിക്കും.
എന്‍ഡിടിവിയുടെ ചെയര്‍പേഴ്‌സണ്‍ ആണ് പ്രണോയ് റോയ്. ചാനലിന്റെ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ പദവിയാണ് രാധിക റോയ് വഹിക്കുന്നത്. ചൊവ്വാഴ്ച നടന്ന ആര്‍ആര്‍പിആറിന്റെ ബോര്‍ഡ് യോഗത്തില്‍ ഇരുവരുടെയും രാജി അംഗീകരിച്ചു. അദാനി ഗ്രൂപ്പിന്റെ മൂന്ന് നോമിനികളെ ആര്‍ആര്‍പിആര്‍ ഗ്രൂപ്പിന്റെ ഡയറക്ടര്‍മാരാക്കുന്നതിനുള്ള തീരുമാനത്തിനും ബോര്‍ഡ് അംഗീകാരം നല്‍കി.
2009ല്‍ റിലയന്‍സ് ഇന്‍ഡസ്ട്രീസുമായി ബന്ധപ്പെട്ട ധനകാര്യ സ്ഥാപനത്തില്‍ നിന്ന് പ്രണോയ് റോയ് 400 കോടി രൂപ പലിശരഹിത വായ്പയായി വാങ്ങിയിരുന്നു. പിന്നീട് റിലയന്‍സ് ഇന്‍ഡസ്ട്രീസുമായി ബന്ധമുള്ള വിസിപിഎല്‍ കമ്പനിയുടെ വായ്പ ആര്‍ആര്‍പിആര്‍ ഹോള്‍ഡിങ്ങ്‌സിലെ ഓഹരിയാക്കി മാറ്റുകയായിരുന്നു. ഓഗസ്റ്റില്‍ വിസിപിഎല്‍ കമ്പനിയെ അദാനി ഗ്രൂപ്പ് ഏറ്റെടുത്തതോടെയാണ് എന്‍ഡിടിവിയുടെ നിയന്ത്രണത്തിലേക്ക് അദാനി ഗ്രൂപ്പ് എത്തിയത്.
ഈ വാര്‍ത്ത കൂടി വായിക്കൂ
റിട്ടെയില്‍ ഡിജിറ്റല്‍ രൂപ നാളെ മുതല്‍; പരീക്ഷണം നാല് നഗരങ്ങളില്‍, കൊച്ചിയില്‍ രണ്ടാംഘട്ടത്തില്‍
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ