നിങ്ങള്‍ക്ക് ബാങ്ക് ലോക്കര്‍ ഉണ്ടോ?, ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കുക!

കൈയിലുള്ള വിലപ്പിടിച്ച വസ്തുക്കള്‍ സൂക്ഷിക്കാന്‍ ഉപഭോക്താക്കള്‍ സാധാരണയായി ബാങ്ക് ലോക്കറിനെയാണ് ആശ്രയിക്കുന്നത്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ന്യൂഡല്‍ഹി: കൈയിലുള്ള വിലപ്പിടിച്ച വസ്തുക്കള്‍ സൂക്ഷിക്കാന്‍ ഉപഭോക്താക്കള്‍ സാധാരണയായി ബാങ്ക് ലോക്കറിനെയാണ് ആശ്രയിക്കുന്നത്. ലോക്കറിന്റെ സുരക്ഷ വര്‍ധിപ്പിക്കാന്‍ റിസര്‍വ് ബാങ്ക് മാര്‍ഗനിര്‍ദേശം പുറത്തിറക്കിയിട്ടുണ്ട്. ലോക്കര്‍ സേവനം പ്രയോജനപ്പെടുത്തുന്നതിന് മുന്‍പ് മാര്‍ഗനിര്‍ദേശം സംബന്ധിച്ച് ഉപഭോക്താവിന് ധാരണ ഉണ്ടാവേണ്ടത് അത്യാവശ്യമാണ്.

ലോക്കറില്‍ സൂക്ഷിച്ചിരുന്ന വസ്തുക്കളില്‍ ഏതെങ്കിലും നഷ്ടപ്പെട്ടാല്‍ നഷ്ടപരിഹാരം നല്‍കാന്‍ ബാങ്ക് ബാധ്യസ്ഥമാണെന്ന് റിസര്‍വ് ബാങ്ക് മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നു. ലോക്കറിന്റെ വാര്‍ഷിക വാടകയുടെ നൂറ് മടങ്ങ് വരെ ഉപഭോക്താവിന് ബാങ്ക് നഷ്ടപരിഹാരം നല്‍കണമെന്നാണ് മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നത്.

ലോക്കര്‍ സ്ഥാപിച്ചിരിക്കുന്ന കെട്ടിടത്തില്‍ സുരക്ഷ ഉറപ്പാക്കേണ്ടത് ബാങ്കിന്റെ ഉത്തരവാദിത്തമാണ്. ബാങ്കിന്റെ വീഴ്ച മൂലം കവര്‍ച്ച സംഭവിക്കുന്നില്ലെന്ന് ഉറപ്പാക്കേണ്ടത് ബാങ്കിന്റെ ഉത്തരവാദിത്തമാണെന്നും മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നു.

ലോക്കര്‍ അനുവദിക്കുന്നതില്‍ സുതാര്യത ഉറപ്പാക്കണം. ഒഴിഞ്ഞ് കിടക്കുന്ന ലോക്കറിന്റെ എണ്ണം പ്രദര്‍ശിപ്പിക്കണം. ലോക്കര്‍ അപേക്ഷയുടെ രശീത് നല്‍കുകയും വെയ്റ്റിങ് ലിസ്റ്റിന്റെ വിശദാംശങ്ങള്‍ ഉപഭോക്താവിനെ അറിയിക്കുകയും വേണം. ലോക്കര്‍ അനുവദിക്കുന്നതിന് മുന്‍പ് ബാങ്കും ഉപഭോക്താവും തമ്മില്‍ കരാറില്‍ എത്തണം. 

ലോക്കര്‍ ആവശ്യമുള്ളവര്‍ ടേം ഡെപ്പോസിറ്റ് ആരംഭിക്കണം. ലോക്കറിന് മൂന്ന് വര്‍ഷത്തേയ്ക്ക് നല്‍കുന്ന തുകയ്ക്ക് തുല്യമായ ടേം ഡെപ്പോസിറ്റ് ആണ് ആരംഭിക്കേണ്ടത്. ലോക്കറിന് മൂന്ന് വര്‍ഷത്തേക്കാള്‍ കൂടുതല്‍ വാടക മുന്‍കൂട്ടി ഈടാക്കരുത്. മുന്‍കൂട്ടി പണം അടച്ചശേഷം ലോക്കര്‍ സേവനം അവസാനിപ്പിക്കാന്‍ ഉപഭോക്താവ് തയ്യാറായാല്‍, ശേഷിക്കുന്ന കാലയളവിലുള്ള വാടക തുകയ്ക്ക് ആനുപാതികമായ തുക മടക്കി നല്‍കണം. ബാങ്ക് ലോക്കര്‍ തുറക്കുന്ന സമയത്ത് എസ്എംഎസ്, ഇ-മെയില്‍ വഴി ബാങ്ക് ഉപഭോക്താവിനെ അറിയിക്കണം. ബാങ്ക് തുറന്ന സമയവും തീയതിയും അറിയാന്‍ ഉപഭോക്താവിന് ഇത് സഹായകമാകുമെന്നും മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നു.
 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com