കള്ളനോട്ടുകള്‍ എളുപ്പം തിരിച്ചറിയാം; ഏഴു വഴികള്‍

രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയ്ക്ക് ഭീഷണിയാണ് കള്ളനോട്ടുകള്‍
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയ്ക്ക് ഭീഷണിയാണ് കള്ളനോട്ടുകള്‍. കള്ളനോട്ടുകള്‍ അനിയന്ത്രിതമായി പെരുകുന്നത് തടയാന്‍ റിസര്‍വ് ബാങ്ക് നിരവധി നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. കേന്ദ്രസര്‍ക്കാരും റിസര്‍വ് ബാങ്കും ഓണ്‍ലൈന്‍ ഇടപാടുകള്‍ പ്രോത്സാഹിപ്പിക്കുന്നതിന് പിന്നിലെ ഒരു പ്രധാന കാരണം കള്ളനോട്ടുകളുടെ വ്യാപനം തടയുക എന്നതാണ്. ദിവസേന കൈകളില്‍ എത്തുന്ന നോട്ടുകള്‍ കള്ളനോട്ടുകള്‍ ആണോ എന്ന് പരിശോധിക്കുന്നത് നല്ലതാണ്. ഒറ്റ നോട്ടത്തില്‍ ചിലപ്പോള്‍ യഥാര്‍ഥ നോട്ടുകള്‍ പോലും കള്ളനോട്ടുകള്‍ക്ക് മുന്നില്‍ തോറ്റുപോകും. അത്രയ്ക്കും സൂക്ഷ്മതയോടെയാണ് നിയമവിരുദ്ധ സംഘങ്ങള്‍ കള്ളനോട്ടുകള്‍ അച്ചടിച്ച് ഇറക്കുന്നത്. ചിലകാര്യങ്ങള്‍ പരിശോധിച്ചാല്‍ ഒരു പരിധി വരെ കൈയില്‍ കിട്ടിയിരിക്കുന്നത് കള്ളനോട്ടല്ല എന്ന് ഉറപ്പിക്കാന്‍ സാധിക്കും.  

1. വാട്ടര്‍മാര്‍ക്ക് നോക്കി യഥാര്‍ഥ നോട്ടാണോ എന്ന് തിരിച്ചറിയാന്‍ സാധിക്കും. എല്ലാ നോട്ടുകള്‍ക്കും വാട്ടര്‍മാര്‍ക്ക് ഉണ്ടാവും. വെളിച്ചത്തില്‍ നോക്കുമ്പോഴാണ് ഇത് തെളിഞ്ഞുകാണുക. നോട്ടിന്റെ ഇടതുവശത്താണ് വാട്ടര്‍മാര്‍ക്ക്. മഹാത്മാഗാന്ധിയുടെ ഛായചിത്രമാണ് വാട്ടര്‍മാര്‍ക്ക്.

2. സെക്യൂരിറ്റി ത്രേഡ് നോക്കിയും കള്ളനോട്ടാണോ എന്ന് തിരിച്ചറിയാന്‍ സാധിക്കും. നോട്ടില്‍ ലംബമായാണ് നൂല് കൊടുത്തിരിക്കുന്നത്. ഇതില്‍ ആര്‍ബിഐ എന്ന വാക്കും നോട്ടിന്റെ മൂല്യവും അച്ചടിച്ചിട്ടുണ്ട്. വെളിച്ചത്തില്‍ നോക്കിയാല്‍ ഇത് കൃത്യമായി കാണാന്‍ സാധിക്കും

3. ഇന്ത്യന്‍ കറന്‍സി നോട്ടുകളുടെ അച്ചടി നിലവാരം മികച്ചതാണ്. മൂര്‍ച്ചയുള്ളതും വ്യക്തവുമായ വരകളോടെയാണ് കറന്‍സികള്‍ തയ്യാറാക്കിയിരിക്കുന്നത്. വ്യാജ നോട്ടുകളില്‍ മങ്ങിയ വരകളോ മഷി പുരണ്ട നിലയോ ഉണ്ടായിരിക്കും

4. ഇന്ത്യന്‍ കറന്‍സി നോട്ടുകള്‍ക്ക് സീ-ത്രൂ രജിസ്റ്റര്‍ ഉണ്ട്. നോട്ടിന്റെ മുന്‍ഭാഗത്തും പിന്നിലും അച്ചടിച്ച നോട്ടിന്റെ മൂല്യത്തിന്റെ ചെറിയ ചിത്രം വെളിച്ചത്തില്‍ കാണാന്‍ സാധിക്കും

5.ഇന്ത്യന്‍ കറന്‍സി നോട്ടുകളില്‍ മൈക്രോ ലെറ്ററിംഗ് ഉണ്ട്. ഭൂതക്കണ്ണാടിക്ക് കീഴില്‍ കാണാന്‍ കഴിയുന്ന ചെറിയ എഴുത്താണ് ഇതില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്. മൈക്രോ ലെറ്ററിംഗ് യഥാര്‍ത്ഥ നോട്ടുകളില്‍ വ്യക്തവും മൂര്‍ച്ചയുള്ളതുമാണ്. പക്ഷേ വ്യാജ നോട്ടുകളില്‍ ഇത് മങ്ങിയ നിലയിലായിരിക്കും.

6. ഉയര്‍ന്ന നിലവാരമുള്ള പേപ്പറിലാണ് യഥാര്‍ഥ ഇന്ത്യന്‍ കറന്‍സി നോട്ടുകള്‍ അച്ചടിക്കുന്നത്. സ്പര്‍ശനത്തില്‍ തന്നെ വ്യാജ നോട്ടുകള്‍ മിനുസമാര്‍ന്നതോ വഴുക്കലോ ഉള്ളതായി അനുഭവപ്പെടാം.

7. ഓരോ ഇന്ത്യന്‍ കറന്‍സി നോട്ടിലും ഒരു പ്രത്യേക സീരിയല്‍ നമ്പര്‍ പ്രിന്റ് ചെയ്തിട്ടുണ്ട്. നോട്ടിന്റെ ഇരുവശത്തും സീരിയല്‍ നമ്പര്‍ ഒന്നുതന്നെയാണെന്നും സൈഡ് പാനലില്‍ പ്രിന്റ് ചെയ്തിരിക്കുന്ന സീരിയല്‍ നമ്പറുമായി അത് പൊരുത്തപ്പെടുന്നുണ്ടെന്നും ഉറപ്പാക്കുക.

കള്ളനോട്ടുകള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ ഉടന്‍ തന്നെ അധികൃതരെ വിവരം അറിയിക്കണമെന്നാണ് സുരക്ഷാ ഏജന്‍സികള്‍ ആവര്‍ത്തിച്ച് നല്‍കുന്ന മുന്നറിയിപ്പ്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com