വായ്പ എടുക്കാന്‍ ആലോചനയുണ്ടോ?; ഈ നാലുകാര്യങ്ങള്‍ ഉറപ്പാക്കുന്നതാണ് നന്ന്

വായ്പ ലഭിക്കണമെങ്കില്‍ യോഗ്യത മാനദണ്ഡങ്ങളില്‍ വിജയിക്കേണ്ടതുണ്ട്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ന്യൂഡല്‍ഹി: ബാങ്കില്‍ നിന്ന് വായ്പ എടുക്കാത്തവര്‍ ചുരുക്കമായിരിക്കും. വായ്പ ലഭിക്കണമെങ്കില്‍ യോഗ്യത മാനദണ്ഡങ്ങളില്‍ വിജയിക്കേണ്ടതുണ്ട്. കൃത്യമായ രേഖകളുടെ അഭാവം, മോശം ക്രെഡിറ്റ് സ്‌കോര്‍ തുടങ്ങി വിവിധ കാരണങ്ങള്‍ മൂലം വായ്പ ലഭിക്കുന്നത് ശ്രമകരമായ ദൗത്യമായി മാറാം. വായ്പയ്ക്കായി അപേക്ഷിക്കുന്നതിന് മുന്‍പ് ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍ ചുവടെ:

1. തൊഴില്‍

വായ്പ ലഭിക്കുന്നതിന് തൊഴില്‍ ഒരു മുഖ്യ ഘടകമാണ്. വായ്പക്ഷമതയുള്ള ആളാണോ എന്ന് വിലയിരുത്തിയാണ് ബാങ്ക് വായ്പ നല്‍കുന്നത്. അതിനാല്‍ സ്ഥിരവരുമാനവും സാമ്പത്തിക ഭദ്രതയും വായ്പ ലഭിക്കുന്നതിന് പരമപ്രധാനമാണ്. വായ്പാതിരിച്ചടവിന് കഴിവുണ്ടോ എന്ന് നോക്കിയാണ് ബാങ്കുകള്‍ വായ്പ അനുവദിക്കുന്നത്. സ്ഥിരവരുമാനം ഇല്ലെങ്കില്‍ വായ്പ ലഭിക്കുന്നത് ദുഷ്‌കരമായ കാര്യമാണ്.

2. ക്രെഡിറ്റ് സ്‌കോര്‍

ഇന്ന് ബാങ്കുകള്‍ വായ്പ അനുവദിക്കുന്നതിന് പ്രധാനമായി അടിസ്ഥാനമാക്കുന്നത് ക്രെഡിറ്റ് സ്‌കോറിനെയാണ്. മെച്ചപ്പെട്ട ക്രെഡിറ്റ് സ്‌കോറാണെങ്കില്‍ വായ്പ എളുപ്പത്തില്‍ ലഭിക്കും. അല്ലാത്ത പക്ഷം വായ്പ ലഭിക്കാന്‍ പ്രയാസമാണ്. കൂടാതെ ക്രെഡിറ്റ് സ്‌കോര്‍ മെച്ചമല്ലെങ്കില്‍ പ്രതീക്ഷിച്ച തുക വായ്പയായി ലഭിക്കുന്നതിനും പ്രയാസം നേരിട്ടേക്കാം. ക്രെഡിറ്റ് സ്‌കോര്‍ 700ന് മുകളിലാണെങ്കില്‍ വായ്പ ലഭിക്കാനുള്ള സാധ്യത കൂടുതലാണെന്ന് വിദഗ്ധര്‍ പറയുന്നു.

3.കൃത്യമായ വിവരങ്ങള്‍

വായ്പ ലഭിക്കുന്നതിന് കൃത്യമായ വിവരങ്ങളും പ്രധാനമാണ്. തിരിച്ചറിയല്‍ രേഖ, ഫോണ്‍ നമ്പര്‍, അക്കൗണ്ട് വിവരങ്ങള്‍ തുടങ്ങിയവ അനിവാര്യമാണ്. വിവരങ്ങള്‍ അപൂര്‍ണമാണെങ്കില്‍ വായ്പ നിഷേധിച്ചു എന്നുംവരാം. 

4. മറ്റു വായ്പകള്‍

ഇതും വായ്പയുടെ യോഗ്യത മാനദണ്ഡങ്ങളിലെ സുപ്രധാന ഘടകമാണ്. മറ്റു വായ്പകള്‍ ഉണ്ടെങ്കില്‍ പുതുതായി വായ്പ ലഭിക്കുന്നത് ശ്രമകരമായ ദൗത്യമാണ്. വായ്പക്ഷമത നോക്കിയാണ് ബാങ്കുകള്‍ വായ്പ അനുവദിക്കുന്നത്. നിലവില്‍ തന്നെ നിരവധി വായ്പകള്‍ ഉണ്ടെങ്കില്‍ വീണ്ടും വായ്പ നല്‍കുന്നതിനുള്ള റിസ്‌ക് എടുക്കുന്നതില്‍ ബാങ്ക് ഒരിക്കല്‍ കൂടി ആലോചിച്ചേക്കാം.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com