അലിബാബ സ്ഥാപകന്‍ ജാക്ക് മാ പാകിസ്ഥാനില്‍, എത്തിയത് പ്രൈവറ്റ് ജെറ്റില്‍, ചെലവഴിച്ചത് 23 മണിക്കൂര്‍ മാത്രം; രഹസ്യ സന്ദര്‍ശനത്തില്‍ അഭ്യൂഹങ്ങള്‍

ഇ-കോമേഴ്‌സ് സ്ഥാപനമായ അലിബാബ ഗ്രൂപ്പിന്റെ സഹ സ്ഥാപകന്‍ ജാക്ക് മാ പാകിസ്ഥാനില്‍ മിന്നല്‍ സന്ദര്‍ശനം നടത്തിയതായി റിപ്പോര്‍ട്ട്
ജാക്ക് മാ/ ഫയല്‍ ചിത്രം: എപി
ജാക്ക് മാ/ ഫയല്‍ ചിത്രം: എപി

ഇസ്ലാമാബാദ്: ഇ-കോമേഴ്‌സ് സ്ഥാപനമായ അലിബാബ ഗ്രൂപ്പിന്റെ സഹ സ്ഥാപകന്‍ ജാക്ക് മാ പാകിസ്ഥാനില്‍ മിന്നല്‍ സന്ദര്‍ശനം നടത്തിയതായി റിപ്പോര്‍ട്ട്. ശതകോടീശ്വരനായ ജാക്ക് മായുടെ അപ്രതീക്ഷിതമായ പാകിസ്ഥാന്‍ സന്ദര്‍ശനം ചര്‍ച്ചയായിരിക്കുകയാണ്.പാകിസ്ഥാനിലെ ബോര്‍ഡ് ഓഫ് ഇന്‍വെസ്റ്റ്‌മെന്റിന്റെ മുന്‍ ചെയര്‍മാന്‍ മുഹമ്മദ് അസ്ഫാര്‍ അഹ്‌സാന്‍ ജാക്ക് മായുടെ സന്ദര്‍ശനം സ്ഥിരീകരിച്ചതായി റിപ്പോര്‍ട്ടുകളുണ്ട്. 

ജൂണ്‍ 29ന് പാകിസ്ഥാനിലെ ലാഹോറിലെത്തിയ ജാക്ക് മാ 23 മണിക്കൂര്‍ രാജ്യത്ത് ചെലവഴിച്ചതായാണ് റിപ്പോര്‍ട്ട്. സന്ദര്‍ശനത്തിനിടെ, മാധ്യമപ്രവര്‍ത്തകരുമായോ സര്‍ക്കാര്‍ പ്രതിനിധികളുമായോ ജാക്ക് മാ ആശയവിനിമയം നടത്തിയിട്ടില്ല. സ്വകാര്യ സ്ഥലത്തായിരുന്നു ജാക്ക് മാ  താമസിച്ചത്. ജൂണ്‍ 30ന് പ്രൈവറ്റ് ജെറ്റില്‍ അദ്ദേഹം തിരിച്ചുപോയതായും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

ജാക്ക് മായുടെ മിന്നല്‍ സന്ദര്‍ശനത്തിന്റെ പിന്നിലെ ഉദ്ദേശം രഹസ്യമായി നില്‍ക്കുകയാണ്. ജാക്ക് മായുടെ സന്ദര്‍ശനം പാകിസ്ഥാന് ഗുണം ചെയ്യുമെന്ന് മുഹമ്മദ് അസ്ഫാര്‍ അഹ്‌സാന്‍ പ്രത്യാശ പ്രകടിപ്പിച്ചു. 

പാകിസ്ഥാന്‍ സന്ദര്‍ശനത്തില്‍ ജാക്ക് മായ്‌ക്കൊപ്പം ഏഴു ബിസിനസുകാരും ഉണ്ടായിരുന്നു. ഇതില്‍ അഞ്ചുപേര്‍ ചൈനീസ് പൗരന്മാരാണ്. ഒരു അമേരിക്കന്‍ സ്വദേശിയും പ്രതിനിധി സംഘത്തില്‍ ഉണ്ടായിരുന്നതായാണ് റിപ്പോര്‍ട്ട്. നേപ്പാള്‍ വഴി ചാര്‍ട്ടേര്‍ഡ് വിമാനത്തിലാണ് പ്രതിനിധി സംഘം പാകിസ്ഥാനിലെത്തിയത്. 

പാകിസ്ഥാനിലെ ബിസിനസ് സാധ്യതകള്‍ തേടിയാണ് പ്രതിനിധി സംഘം ഇവിടെ എത്തിയത് എന്ന തരത്തില്‍ അഭ്യൂഹങ്ങള്‍ പ്രചരിക്കുന്നുണ്ട്.വിവിധ ബിസിനസുകാരുമായും ഉന്നതന്മാരുമായും ജാക്ക് മാ കൂടിക്കാഴ്ച നടത്തിയതായും സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്. ജാക്ക് മായുടേത് സ്വകാര്യ സന്ദര്‍ശനം മാത്രമായിരുന്നുവെന്നും ഐടി രംഗത്തെ അദ്ദേഹത്തിന്റെ പരിചയസമ്പത്ത് പാകിസ്ഥാന്‍ പ്രയോജനപ്പെടുത്തണമെന്നും മുഹമ്മദ് അസ്ഫാര്‍ അഹ്‌സാന്‍ ആവശ്യപ്പെട്ടു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com