20ലക്ഷത്തിന് ഇലക്ട്രിക് കാര്‍, പ്രതിവര്‍ഷം അഞ്ചുലക്ഷം വാഹനങ്ങള്‍; കേന്ദ്രമന്ത്രിയുമായി ഉടന്‍ ചര്‍ച്ച, തിരക്കിട്ട നീക്കവുമായി ടെസ്ല

പ്രമുഖ ഇലക്ട്രിക് കാര്‍ നിര്‍മ്മാതാക്കളായ ടെസ്ലയുടെ ഫാക്ടറി ഇന്ത്യയില്‍ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് കമ്പനി പ്രതിനിധികള്‍ കേന്ദ്രമന്ത്രിയുമായി കൂടിക്കാഴ്ച നടത്തും
മോദി- മസ്‌ക് കൂടിക്കാഴ്ച, ഫയൽ/ഓള്‍ ഇന്ത്യ റേഡിയോ
മോദി- മസ്‌ക് കൂടിക്കാഴ്ച, ഫയൽ/ഓള്‍ ഇന്ത്യ റേഡിയോ

ന്യൂഡല്‍ഹി: പ്രമുഖ ഇലക്ട്രിക് കാര്‍ നിര്‍മ്മാതാക്കളായ ടെസ്ലയുടെ ഫാക്ടറി ഇന്ത്യയില്‍ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് കമ്പനി പ്രതിനിധികള്‍ കേന്ദ്രമന്ത്രിയുമായി കൂടിക്കാഴ്ച നടത്തും. വരുംദിവസങ്ങളില്‍ തന്നെ ടെസ്ല പ്രതിനിധികള്‍ കേന്ദ്ര വാണിജ്യമന്ത്രി പീയുഷ് ഗോയലുമായി കൂടിക്കാഴ്ച നടത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. 

പ്രതിവര്‍ഷം അഞ്ചുലക്ഷം ഇലക്ട്രിക് വാഹനങ്ങള്‍ നിര്‍മ്മിക്കാന്‍ ശേഷിയുള്ള ഫാക്ടറി സ്ഥാപിക്കുന്നതിന്റെ സാധ്യതയാണ് കമ്പനി തേടുന്നത്. കാറുകള്‍ക്ക് രാജ്യത്ത് 20 ലക്ഷം രൂപ മുതലായിരിക്കും വില എന്നാണ് റിപ്പോര്‍ട്ടുകള്‍. ചെലവ് കുറഞ്ഞ ഇലക്ട്രിക് വാഹനങ്ങള്‍ നിര്‍മ്മിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. ഇന്ത്യന്‍ വിപണിയും കയറ്റുമതിയും ലക്ഷ്യമിട്ട് ഇന്ത്യയില്‍ ഫാക്ടറി സ്ഥാപിക്കുന്നത് സംബന്ധിച്ച് കേന്ദ്രസര്‍ക്കാരുമായി ടെസ്ല പ്രതിനിധികള്‍ തിരക്കിട്ട് ചര്‍ച്ച നടത്തിവരികയാണ്. ഇതില്‍ ഉന്നതതല ചര്‍ച്ചയായാണ് പീയുഷ് ഗോയലുമായുള്ള കൂടിക്കാഴ്ചയെ കമ്പനി കാണുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍.  അതിനിടെ ഇറക്കുമതി തീരുവയില്‍ ഇളവ് നല്‍കാന്‍ സാധിക്കില്ലെന്ന് കമ്പനിയെ സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചതായും സൂചനകളുണ്ട്.

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അമേരിക്കന്‍ സന്ദര്‍ശന വേളയില്‍, ടെസ്ല സ്ഥാപകന്‍ ഇലോണ്‍ മസ്‌ക് മോദിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇന്ത്യയില്‍ ഉടന്‍ തന്നെ ഫാക്ടറി സ്ഥാപിക്കുമെന്നായിരുന്നു കൂടിക്കാഴ്ചയ്ക്ക് ശേഷം ഇലോണ്‍ മസ്‌ക് പ്രത്യാശ പ്രകടിപ്പിച്ചത്. 

ഇന്ത്യയെ ഇലക്ട്രിക് കാറുകളുടെ കയറ്റുമതി കേന്ദ്രമാക്കി മാറ്റാനാണ് ഇലോണ്‍ മസ്‌ക് ലക്ഷ്യമിടുന്നത്. ഇന്ത്യയില്‍ നിന്ന് ഇന്‍ഡോ- പസഫിക് മേഖലയില്‍ ഉള്‍പ്പെടുന്ന രാജ്യങ്ങളിലേക്ക് കാറുകള്‍ കയറ്റുമതി ചെയ്യുന്നതിനുള്ള സാധ്യതയാണ് ഇലോണ്‍ മസ്‌ക് തേടുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഈ വാര്‍ത്ത കൂടി വായിക്കൂ 

 സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com