ചൈനയുടെ കുത്തക തകരുമോ?, രാജസ്ഥാനില്‍ വമ്പിച്ച ലിഥിയം ശേഖരം; ഇലക്ട്രിക് വാഹനരംഗത്ത് കുതിപ്പിന് സാധ്യത

ഇലക്ട്രിക് വാഹനരംഗത്ത് വലിയ മാറ്റത്തിന് വഴിതെളിയിക്കുമെന്ന പ്രതീക്ഷ നല്‍കി, രാജസ്ഥാനിലും വലിയ തോതിലുള്ള ലിഥിയം ശേഖരം കണ്ടെത്തി
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

ജയ്പൂര്‍: ഇലക്ട്രിക് വാഹനരംഗത്ത് വലിയ മാറ്റത്തിന് വഴിതെളിയിക്കുമെന്ന പ്രതീക്ഷ നല്‍കി, രാജസ്ഥാനിലും വലിയ തോതിലുള്ള ലിഥിയം ശേഖരം കണ്ടെത്തി. രാജ്യത്തിന്റെ മൊത്തം ആവശ്യകതയുടെ 80 ശതമാനവും നികത്താന്‍ കഴിയുന്ന ലിഥിയം ശേഖരമാണ് രാജസ്ഥാനില്‍ നിന്ന് കണ്ടെത്തിയതെന്ന് ജിയോളജിക്കല്‍ സര്‍വ്വേ ഓഫ് ഇന്ത്യ അവകാശപ്പെട്ടു.

ഇലക്ട്രിക് വാഹനങ്ങളുടെ ബാറ്ററി, മൊബൈല്‍, ലാപ്പ്‌ടോപ്പ് ബാറ്ററികള്‍ എന്നിവയില്‍ ലിഥിയമാണ് ഉപയോഗിക്കുന്നത്. ഇതിനായി മുഖ്യമായി ചൈനയെയാണ് ഇന്ത്യ ആശ്രയിക്കുന്നത്. എന്നാല്‍ അടുത്തിടെ വിവിധ സംസ്ഥാനങ്ങളില്‍ കണ്ടെത്തിയ ലിഥിയം ശേഖരങ്ങള്‍, മറ്റു രാജ്യങ്ങളെ ആശ്രയിക്കുന്നത് പരമാവധി കുറയ്ക്കാന്‍ സഹായിക്കുമെന്നും ജിയോളജിക്കല്‍ സര്‍വ്വേ ഓഫ് ഇന്ത്യ പറഞ്ഞു. ചെലവും ആവശ്യകതയും ഉയര്‍ന്നതോടെ ലിഥിയത്തെ വൈറ്റ് ഗോള്‍ഡ് എന്നാണ് വിശേഷിപ്പിക്കുന്നത്.

രാജസ്ഥാനിലെ നഗൗര്‍ ജില്ലയിലാണ് പുതിയ ലിഥിയം ശേഖരം കണ്ടെത്തിയത്. ജമ്മുവില്‍ കണ്ടെത്തിയ ലിഥിയം ശേഖരത്തേക്കാള്‍ വലുതാണ് രാജസ്ഥാനില്‍ കണ്ടെത്തിയതെന്നും അധികൃതര്‍ പറയുന്നു. ഫെബ്രുവരിയിലാണ് ജമ്മു കശ്മീരില്‍ 59 ലക്ഷം ടണ്‍ ലിഥിയം ശേഖരം കണ്ടെത്തിയത്.

നിലവില്‍ ലിഥിയം വിപണിയില്‍ ചൈനയ്ക്കാണ് കുത്തക. 51 ലക്ഷം ടണ്‍ ലിഥിയം ശേഖരമാണ് ചൈനയ്ക്ക് ഉള്ളത്. 2.1 കോടി ടണ്‍ ലിഥിയം ശേഖരമുള്ള ബൊളീവിയയാണ് ഇതില്‍ ഒന്നാം സ്ഥാനത്തെങ്കിലും കുത്തക നിലനിര്‍ത്തുന്നത് ചൈനയാണ്. ഇന്ത്യയുടെ ലിഥിയം ആവശ്യകതയുടെ 53 ശതമാനവും നികത്തുന്നത് ചൈനയില്‍ നിന്ന് ഇറക്കുമതി ചെയ്താണ്. പുതിയ ശേഖരങ്ങള്‍ പ്രയോജനപ്പെടുത്തുന്നതോടെ, ഈ രംഗത്തെ ചൈനയുടെ മേല്‍ക്കോയ്മ അവസാനിപ്പിക്കാന്‍ കഴിയുമെന്നാണ് വിദഗ്ധര്‍ കണക്കുകൂട്ടുന്നത്.

ഈ വാർത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com