സൗത്ത് ഇന്ത്യന്‍ ബാങ്കിന്റെ അറ്റാദായം 275 കോടി; 23.2 ശതമാനം വര്‍ധന 

നടപ്പു സാമ്പത്തിക വര്‍ഷത്തിന്റെ രണ്ടാം പാദത്തില്‍ സൗത്ത് ഇന്ത്യന്‍ ബാങ്കിന് 275 കോടി രൂപയുടെ അറ്റാദായം
സൗത്ത് ഇന്ത്യൻ ബാങ്കിന്റെ അറ്റാദായത്തിൽ  23.2 ശതമാനം വാർഷിക വളർച്ച, ഫയൽ
സൗത്ത് ഇന്ത്യൻ ബാങ്കിന്റെ അറ്റാദായത്തിൽ 23.2 ശതമാനം വാർഷിക വളർച്ച, ഫയൽ

തിരുവനന്തപുരം: നടപ്പു സാമ്പത്തിക വര്‍ഷത്തിന്റെ രണ്ടാം പാദത്തില്‍ സൗത്ത് ഇന്ത്യന്‍ ബാങ്കിന് 275 കോടി രൂപയുടെ അറ്റാദായം. മുന്‍ വര്‍ഷം ഇതേ കാലയളവില്‍ 223 കോടി രൂപയായിരുന്നു. അറ്റാദായത്തില്‍ 23.2 ശതമാനമാണ് വാര്‍ഷിക വളര്‍ച്ച. രണ്ടാം പാദത്തിലെ പ്രവര്‍ത്തന ലാഭം 8.2 ശതമാനമാണ് വര്‍ധിച്ചത്. പ്രവര്‍ത്തന ലാഭം 460 കോടി രൂപയായി ഉയര്‍ന്നതായി സൗത്ത് ഇന്ത്യന്‍ ബാങ്ക് അറിയിച്ചു. മുന്‍വര്‍ഷം ഇത് 426 കോടി രൂപയായിരുന്നു.  

മൊത്ത നിഷ്‌ക്രിയ ആസ്തി കുറഞ്ഞു. 5.67 ശതമാനത്തില്‍ നിന്ന് 71 പോയിന്റുകള്‍ കുറഞ്ഞ് 4.96 ശതമാനമായി. അറ്റ നിഷ്‌ക്രിയ ആസ്തി 81 പോയിന്റുകള്‍ കുറഞ്ഞ് 2.51 ശതമാനത്തില്‍ നിന്ന് 1.70 ശതമാനത്തിലുമെത്തി. അറ്റപലിശ വരുമാനം 14.3 ശതമാനം വര്‍ധനയോടെ മുന്‍ വര്‍ഷത്തെ 726 കോടി രൂപയില്‍ നിന്നും ഇത്തവണ 830 കോടി രൂപയായി ഉയര്‍ന്നു. അറ്റപലിശ മാര്‍ജിന്‍ 35 പോയിന്റുകള്‍ മെച്ചപ്പെട്ട് 2.98 ശതമാനത്തില്‍ നിന്നും 3.33 ശതമാനമായി വര്‍ധിച്ചു. 10.81 ശതമാനമായിരുന്ന പ്രതി ഓഹരി വരുമാനം 262 പോയിന്റുകള്‍ വര്‍ധിച്ച് 13.43 ശതമാനമായും ഉയര്‍ന്നു. ആസ്തികളില്‍ നിന്നുള്ള വരുമാനം 20 പോയിന്റുകള്‍ ഉയര്‍ന്ന് 0.85 ശതമാനമായി വര്‍ധിച്ചു. നിഷ്‌ക്രിയ ആസ്തി അക്കൗണ്ടുകളുടെ റിക്കവറിയും അപ്ഗ്രഡേഷനും മുന്‍ വര്‍ഷത്തെ 374 കോടി രൂപയില്‍ നിന്ന് ഇത്തവണ 475 കോടി രൂപയായും വര്‍ധിച്ചു.  

റീട്ടെയ്ല്‍ നിക്ഷേപങ്ങള്‍ 87,111 കോടി രൂപയില്‍ നിന്ന് 7.3 ശതമാനം വര്‍ധിച്ച്  93,448 കോടി രൂപയിലെത്തി. പ്രവാസി (എന്‍.ആര്‍.ഐ) നിക്ഷേപവും വര്‍ധിച്ചു. 27500 കോടി രൂപയില്‍ നിന്ന് 4.7 ശതമാനം വര്‍ധനയോടെ 28,785 കോടിയായാണ് നിക്ഷേപം വര്‍ധിച്ചത്. 1,285 കോടി രൂപയുടെ വര്‍ധനയാണ് രേഖപ്പെടുത്തിയത്. കാസ അനുപാതത്തില്‍ 1.8 ശതമാനമാണ് വളര്‍ച്ച. സേവിങ്‌സ് ബാങ്ക് അനുപാതം 1.8 ശതമാനവും സിഡി അനുപാതം 1.7 ശതമാനവുമാണ്.  

വായ്പാ വിതരണത്തില്‍ 10.3 ശതമാനം വാര്‍ഷിക വളര്‍ച്ച കൈവരിച്ചു. 6,984 കോടി രൂപയുടെ വര്‍ധനയോടെ 74,947 കോടി രൂപയുടെ വായ്പകളാണ് വിതരണം ചെയ്തത്. കോര്‍പറേറ്റ് വിഭാഗത്തില്‍ ഇത് 6,859 കോടി രൂപയുടെ വര്‍ധനയോടെ 27,491 കോടി രൂപയിലുമെത്തി. 33.2 ശതമാനമാണ് വളര്‍ച്ച. ഇവയില്‍ 96.1 ശതമാനവും ഉയര്‍ന്ന റേറ്റിങ്ങുള്ള കോര്‍പറേറ്റ് അക്കൗണ്ടുകളാണ്. വ്യക്തിഗത വായ്പകള്‍ 48.1 ശതമാനം വര്‍ധിച്ച് 1,423 കോടി രൂപയില്‍ നിന്നും 2,107 കോടി രൂപയിലെത്തി.  

സ്വര്‍ണ വായ്പകളില്‍ 16.2 ശതമാനമാണ് വാര്‍ഷിക വര്‍ധന. ഇത് 12,911 കോടി രൂപയില്‍ നിന്നും 14,998 കോടി രൂപയായി ഉയര്‍ന്നു. 3.32 ലക്ഷത്തിലേറെ ക്രെഡിറ്റ് കാര്‍ഡുകള്‍ ഇഷ്യൂ ചെയ്തതിലൂടെ 1164 കോടി രൂപയുടെ വായ്പകളും വിതരണം ചെയ്തു. 

ബാങ്ക് നടപ്പിലാക്കിവരുന്ന തന്ത്രങ്ങള്‍ മികച്ച ബിസിനസ് പ്രകടനം സാധ്യമാക്കുന്നുണ്ടെന്ന് സൗത്ത് ഇന്ത്യന്‍ ബാങ്ക് എംഡിയും സിഇഒയുമായ പി ആര്‍ ശേഷാദ്രി പറഞ്ഞു. കോര്‍പറേറ്റ്, എസ്എംഇ, വാഹന വായ്പ, ക്രെഡിറ്റ് കാര്‍ഡ്, വ്യക്തിഗത വായ്പ, സ്വര്‍ണ വായ്പ തുടങ്ങി എല്ലാ വിഭാഗങ്ങളിലും ആസ്തി ഗുണമേന്മയില്‍ ശ്രദ്ധ കേന്ദ്രീകരിച്ച് പ്രതീക്ഷിച്ച വളര്‍ച്ച നേടാന്‍ ബാങ്കിനു കഴിഞ്ഞെന്നും അദ്ദേഹം പറഞ്ഞു. 2020 മുതലുള്ള വായ്പകളുടെ 64 ശതമാനവും  റിസ്‌ക് കുറഞ്ഞ പുതിയ വായ്പകളാക്കാന്‍ കഴിഞ്ഞു. 48,246 കോടി രൂപ വരുമിത്. ഇവയില്‍ 0.18 ശതമാനം മാത്രമാണ് മൊത്ത നിഷ്‌ക്രിയ ആസ്തി. ബാങ്കിന്റെ മൂലധന പര്യാപ്തതാ അനുപാതം മുന്‍ വര്‍ഷത്തെ 16.04 ശതമാനത്തില്‍ നിന്ന് 16.69 ശതമാനമായി മെച്ചപ്പെട്ടു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com