മാരുതിയുടെ 35,000 കോടിയുടെ പ്ലാന്റ്, രണ്ടു ലക്ഷം കോടിയുടെ നിക്ഷേപവുമായി അദാനി, ടാറ്റയുടെ 20ജിഗാവാട്ട് ബാറ്ററി സ്റ്റോറേജ് ഫാക്ടറി, ഗുജറാത്തിലേക്ക് നിക്ഷേപങ്ങളുടെ ഒഴുക്ക് 

വികസനം ലക്ഷ്യമിട്ട് ഗുജറാത്ത് സംസ്ഥാന സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന വൈബ്രന്റ് ഗുജറാത്ത് ഉച്ചകോടിയിലേക്ക് കോടികളുടെ നിക്ഷേപ വാഗ്ദാനങ്ങളുമായി കമ്പനികളുടെ നീണ്ടനിര
വൈബ്രന്റ് ​ഗുജറാത്ത് ഉച്ചകോടിയിൽ പ്രധാനമന്ത്രി സംസാരിക്കുന്നു, പിടിഐ
വൈബ്രന്റ് ​ഗുജറാത്ത് ഉച്ചകോടിയിൽ പ്രധാനമന്ത്രി സംസാരിക്കുന്നു, പിടിഐ

അഹമ്മദാബാദ്: വികസനം ലക്ഷ്യമിട്ട് ഗുജറാത്ത് സംസ്ഥാന സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന വൈബ്രന്റ് ഗുജറാത്ത് ഉച്ചകോടിയിലേക്ക് കോടികളുടെ നിക്ഷേപ വാഗ്ദാനങ്ങളുമായി കമ്പനികളുടെ നീണ്ടനിര. ഗുജറാത്തില്‍ രണ്ടാമത്തെ വാഹന നിര്‍മ്മാണ പ്ലാന്റ് സ്ഥാപിക്കുമെന്ന് മാരുതി സുസുക്കി പ്രഖ്യാപിച്ചു. പ്ലാന്റ് നിര്‍മ്മാണത്തിനായി ഗുജറാത്തില്‍ 35,000 കോടി രൂപ നിക്ഷേപിക്കുമെന്നാണ് മാരുതി സുസുക്കി കോര്‍പ്പറേഷന്‍ പ്രസിഡന്റ് തോഷിഹിറോ സുസുക്കി വാഗ്ദാനം ചെയ്തത്. പത്താമത് വൈബ്രന്റ് ഗുജറാത്ത് ഗ്ലോബല്‍ ഉച്ചകോടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പുതിയ പ്ലാന്റ് യാഥാര്‍ഥ്യമാകുന്നതോടെ ഗുജറാത്തില്‍ നിന്നുള്ള വാര്‍ഷിക ഉല്‍പ്പാദന ശേഷി 20 ലക്ഷം യൂണിറ്റ് ആയി മാറും. നിലവില്‍ വര്‍ഷംതോറും പത്തുലക്ഷം യൂണിറ്റാണ് നിര്‍മ്മിക്കുന്നത്. 2024 പകുതിയോടെ ഇന്ത്യയിലെ ആദ്യത്തെ കാര്‍ബണ്‍ ഫൈബര്‍ മെഗാ ഫാക്ടറിയുടെ പ്രവര്‍ത്തനം ആരംഭിക്കുമെന്നാണ് റിലയന്‍സ് ചെയര്‍മാന്‍ മുകേഷ് അംബാനിയുടെ വാഗ്ദാനം. അടുത്ത പത്തുവര്‍ഷത്തിനുള്ളില്‍ ഇന്ത്യയൊട്ടാകെ 12 ലക്ഷം കോടി രൂപയുടെ നിക്ഷേപം നടത്താനാണ് റിലയന്‍സ് ലക്ഷ്യമിടുന്നത്. ഇതില്‍ മൂന്നിലൊന്ന് ഗുജറാത്തിലാണ് നിക്ഷേപിക്കുകയെന്നും മുകേഷ് അംബാനി പറഞ്ഞു.

അടുത്ത അഞ്ചുവര്‍ഷത്തിനുള്ളില്‍ ഗുജറാത്തില്‍ രണ്ടുലക്ഷം കോടി രൂപയുടെ നിക്ഷേപം നടത്താനാണ് അദാനി ഗ്രൂപ്പിന്റെ പദ്ധതി. ഗുജറാത്തില്‍ ഏറ്റവും വലിയ സംയോജിത റിന്യൂവബിള്‍ എനര്‍ജി എക്കോസിസ്റ്റം യാഥാര്‍ഥ്യമാക്കാനാണ് ലക്ഷ്യമിടുന്നതെന്ന് അദാനി ഗ്രൂപ്പ് ചെയര്‍മാന്‍ ഗൗതം അദാനി പറഞ്ഞു. 

ലോകത്തെ ഏറ്റവും വലിയ സംയോജിത സ്റ്റീല്‍ പ്ലാന്റ് ഗുജറാത്തില്‍ യാഥാര്‍ഥ്യമാക്കുമെന്നതാണ് ആര്‍സിലര്‍ മിത്തല്‍ മേധാവി ലക്ഷ്മി മിത്തലിന്റെ പ്രഖ്യാപനം. ജപ്പാനിലെ നിപ്പോണ്‍ കമ്പനിയുമായി ചേര്‍ന്ന് ആര്‍സിലര്‍ മിത്തല്‍ ആണ് ഇത് യാഥാര്‍ഥ്യമാക്കുക. മറ്റൊരു പ്രമുഖ വ്യവസായ ഗ്രൂപ്പായ ടാറ്റ സെമി കണ്ടക്ടര്‍ ഫാക്ടറിയും ലിഥിയം അയോണ്‍ ബാറ്ററി സംവിധാനവും ഗുജറാത്തില്‍ യാഥാര്‍ഥ്യമാക്കാനാണ് ലക്ഷ്യമിടുന്നത്. വരും മാസങ്ങളില്‍ തന്നെ 20ജിഗാവാട്ട് ബാറ്ററി സ്റ്റോറേജ് ഫാക്ടറിയുടെ നിര്‍മ്മാണം ഗുജറാത്തില്‍ ആരംഭിക്കുമെന്നും ടാറ്റ ഗ്രൂപ്പ് അറിയിച്ചു. 

ലോജിസ്റ്റിക്‌സ് രംഗത്തെ ഭീമനായ ഡിപി വേള്‍ഡും ഗുജറാത്തില്‍ നിക്ഷേപം നടത്താന്‍ താത്പര്യം പ്രകടിപ്പിച്ചു. ഗുജറാത്തില്‍ കണ്ടെയ്‌നര്‍ ടെര്‍മിനല്‍ സ്ഥാപിക്കുമെന്ന പ്രഖ്യാപനമാണ് കമ്പനി നടത്തിയത്. വരും വര്‍ഷങ്ങളിലായി ഗുജറാത്തില്‍ അടക്കം 300 കോടി ഡോളറിന്റെ നിക്ഷേപം നടത്താനാണ് ഡിപി വേള്‍ഡ് ലക്ഷ്യമിടുന്നത്.ഓണ്‍ലൈന്‍ പണമിടപാട് പ്ലാറ്റ്‌ഫോമായ പേടിഎം നൂറ് കോടിയുടെ നിക്ഷേപത്തിനാണ് ഒരുങ്ങുന്നത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്തി. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com