ഫെഡറല്‍ ബാങ്കിന്റെ ലാഭം ആയിരം കോടി കടന്നു; 25% വര്‍ധന

 ചരിത്രത്തിലെ ഏറ്റവുമുയര്‍ന്ന അറ്റാദായം നേടാനായി എന്നതിനൊപ്പം 1000 കോടി രൂപയെന്ന നാഴികക്കല്ലും ഇതോടെ  ബാങ്ക് മറികടന്നു
ഫെഡറല്‍ ബാങ്ക്, ഫയല്‍ ചിത്രം
ഫെഡറല്‍ ബാങ്ക്, ഫയല്‍ ചിത്രം

കൊച്ചി: 2023 ഡിസംബര്‍ 31ന് അവസാനിച്ച സാമ്പത്തിക വര്‍ഷത്തെ മൂന്നാംപാദത്തില്‍ 25.28 ശതമാനം വര്‍ധനവോടെ ഫെഡറല്‍ ബാങ്ക് 1006.74 കോടി രൂപ അറ്റാദായം രേഖപ്പെടുത്തി. മുന്‍ വര്‍ഷം ഇതേ പാദത്തില്‍ 803.61 കോടി രൂപയായിരുന്നു അറ്റാദായം.  ചരിത്രത്തിലെ ഏറ്റവുമുയര്‍ന്ന അറ്റാദായം നേടാനായി എന്നതിനൊപ്പം 1000 കോടി രൂപയെന്ന നാഴികക്കല്ലും ഇതോടെ  ബാങ്ക് മറികടന്നു. 

പ്രവര്‍ത്തനലാഭത്തിലും ബാങ്കിന് മികച്ച നേട്ടം കൈവരിക്കാന്‍ സാധിച്ചു. 12.80 ശതമാനം വര്‍ധനവോടെ പ്രവര്‍ത്തനലാഭം 1437.33 കോടി രൂപയിലെത്തി. മുന്‍വര്‍ഷം ഇതേ കാലയളവില്‍ 1274.21  കോടി രൂപയായിരുന്നു പ്രവര്‍ത്തനലാഭം. ബാങ്കിന്റെ മൊത്തം ബിസിനസ് 18.72 ശതമാനം വര്‍ധിച്ച് 438776.39 കോടി രൂപയിലെത്തി. മുന്‍വര്‍ഷം ഇതേ പാദത്തില്‍ 201408.12 കോടി രൂപയായിരുന്ന നിക്ഷേപം 239591.16  കോടി രൂപയായി വര്‍ധിച്ചു.  

വായ്പാ വിതരണത്തിലും ബാങ്കിന് മികച്ച വളര്‍ച്ച കൈവരിക്കാന്‍ സാധിച്ചു. ആകെ വായ്പ മുന്‍ വര്‍ഷത്തെ 168173.13  കോടി രൂപയില്‍ നിന്ന് 199185.23   കോടി രൂപയായി വര്‍ധിച്ചു. റീട്ടെയല്‍ വായ്പകള്‍ 20.39 ശതമാനം വര്‍ധിച്ച് 65041.08 കോടി രൂപയായി.  കാര്‍ഷിക വായ്പകള്‍ 26.94 ശതമാനം വര്‍ധിച്ച് 26646.60 കോടി രൂപയിലും വാണിജ്യ ബാങ്കിങ് വായ്പകള്‍ 25.99  ശതമാനം വര്‍ധിച്ച് 20773.55 കോടി രൂപയിലും കോര്‍പറേറ്റ് വായ്പകള്‍ 14.38 ശതമാനം വര്‍ധിച്ച് 71978.41 കോടി രൂപയിലുമെത്തി. അറ്റപലിശ വരുമാനം 8.53 ശതമാനം വര്‍ധനയോടെ 2123.36 കോടി രൂപയിലെത്തി.  കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഇത് 1956.53 കോടി രൂപയായിരുന്നു.  

4628.79 കോടി രൂപയാണ് ബാങ്കിന്റെ മൊത്ത നിഷ്‌ക്രിയ ആസ്തി. മൊത്തം വായ്പകളുടെ 2.29 ശതമാനമാണിത്. അറ്റ നിഷ്‌ക്രിയ ആസ്തി 1284.37 കോടി രൂപയാണ്. മൊത്തം വായ്പകളുടെ 0.64  ശതമാനമാണിത്. 71.08 ആണ് നീക്കിയിരുപ്പ് അനുപാതം. ഈ പാദത്തോടെ ബാങ്കിന്റെ അറ്റമൂല്യം 28084.72 കോടി രൂപയായി വര്‍ധിച്ചു. 15.02 ശതമാനമാണ് മൂലധന പര്യാപ്തതാ അനുപാതം.  ബാങ്കിന് നിലവില്‍ 1418 ശാഖകളും 1960 എടിഎമ്മുകളുമുണ്ട്.  

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com