782.52 കോടിയുടെ ഒമ്പത് മാസ അറ്റാദായ നേട്ടം; സൗത്ത് ഇന്ത്യന്‍ ബാങ്കിന് റെക്കോര്‍ഡ് 

നടപ്പു സാമ്പത്തിക വര്‍ഷം മൂന്നാം പാദത്തില്‍ സൗത്ത് ഇന്ത്യന്‍ ബാങ്കിന് മികച്ച അറ്റാദായം
ഇന്ത്യന്‍ ബാങ്കിന് മികച്ച അറ്റാദായം/ ഫയൽ
ഇന്ത്യന്‍ ബാങ്കിന് മികച്ച അറ്റാദായം/ ഫയൽ

കൊച്ചി: നടപ്പു സാമ്പത്തിക വര്‍ഷം മൂന്നാം പാദത്തില്‍ സൗത്ത് ഇന്ത്യന്‍ ബാങ്കിന് മികച്ച അറ്റാദായം. 197.19 ശതമാനം വാര്‍ഷിക വര്‍ധനയോടെ 305.36 കോടി രൂപയാണ് ബാങ്ക് നേടിയ ലാഭം. മുന്‍ വര്‍ഷം ഇതേ കാലയളവില്‍ 102.75 കോടി രൂപയായിരുന്നു. 2023 ഡിസംബര്‍ 31ന് അവസാനിച്ച പാദത്തില്‍ ബാങ്കിന്റെ പ്രവര്‍ത്തന ലാഭം മുന്‍ വര്‍ഷത്തെ 203.24 കോടി രൂപയില്‍ നിന്ന് 483.45 കോടി രൂപയായി വര്‍ധിച്ചു. 137.87 ശതമാനമാണ് വാര്‍ഷിക വളര്‍ച്ച.  

മൊത്ത നിഷ്‌ക്രിയ ആസ്തികള്‍ മുന്‍ വര്‍ഷത്തെ 5.48 ശതമാനത്തില്‍ നിന്നും 74 പോയിന്റുകള്‍ കുറച്ച് 4.74 ശതമാനമാനത്തിലെത്തിച്ചു. അറ്റ നിഷ്‌ക്രിയ ആസ്തി 65 പോയിന്റുകള്‍ കുറച്ച് 2.26 ശതമാനത്തില്‍ നിന്നും 1.61 ശതമാനമാനത്തിലെത്തിക്കാനും ബാങ്കിനു കഴിഞ്ഞു. ഓഹരികളിന്മേലുള്ള വരുമാനം വാര്‍ഷികാടിസ്ഥാനത്തില്‍ 6.42 ശതമാനത്തില്‍ നിന്നും 16.38 ശതമാനമായി ഉയര്‍ന്നു. ആസ്തികളിന്മേലുള്ള വരുമാനം 0.39 ശതമാനത്തില്‍ നിന്നും 1.07 ശതമാനമായും വര്‍ധിച്ചു. മൂന്നാം പാദത്തില്‍ നീക്കിയിരുപ്പ് അനുപാതം 77.97 ശതമാനമാക്കിയും മെച്ചപ്പെടുത്തി.  

റീട്ടെയ്ല്‍ നിക്ഷേപങ്ങള്‍ 7.25 ശതമാനം വര്‍ധിച്ച് 95,088 കോടി രൂപയിലെത്തി. പ്രവാസി (എന്‍.ആര്‍.ഐ) നിക്ഷേപം 4.55 ശതമാനം വര്‍ധിച്ച് 29,236 കോടി രൂപയിലെത്തി. മുന്‍ വര്‍ഷം ഈ കാലയളവില്‍ 27,964 കോടി രൂപയായിരുന്നു ഇത്. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് കാസ (കറന്റ് അക്കൗണ്ട് ആന്റ് സേവിങ്‌സ് അക്കൗണ്ട്) നിക്ഷേപം 2.83 ശതമാനം വര്‍ധിച്ചു. സേവിങ്‌സ് ബാങ്ക് നിക്ഷേപത്തില്‍ 2.81 ശതമാനവും കറന്റ് അക്കൌണ്ട് നിക്ഷേപത്തില്‍ 2.96 ശതമാനവുമാണ് വര്‍ധന.  

വായ്പാ വിതരണത്തില്‍ 10.80 ശതമാനം വളര്‍ച്ച കൈവരിച്ചു. 70,117 കോടി രൂപയില്‍ നിന്നും 77,686 കോടി രൂപയിലെത്തി. കോര്‍പറേറ്റ് വായ്പകള്‍ 34.81 ശതമാനം വാര്‍ഷിക വര്‍ധനയോടെ 22,174 കോടി രൂപയില്‍ നിന്നും 29,892 കോടി രൂപയിലെത്തി. ഈ വിഭാഗത്തില്‍ 96 ശതമാനവും ഉയര്‍ന്ന റേറ്റിങ് (എ അല്ലെങ്കില്‍ അതിനു മുകളില്‍)  ഉള്ള അക്കൗണ്ടുകളാണ്. പേഴ്‌സനല്‍ വായ്പ 1,609 കോടി രൂപയില്‍ നിന്ന് 2186 കോടി രൂപയായും സ്വര്‍ണ വായ്പകള്‍ 13,053 കോടി രൂപയില്‍ നിന്ന് 15,369 കോടി രൂപയായും വര്‍ധിച്ചു. 17.74 ശതമാനമാണ് സ്വര്‍ണ വായ്പകളുടെ വാര്‍ഷിക വളര്‍ച്ച. 3.77 ലക്ഷത്തിലേറെ ക്രെഡിറ്റ് കാര്‍ഡുകളിലൂടെ 1,427 കോടി രൂപയുടെ വായ്പകളും വിതരണം ചെയ്തു.  

ബാങ്ക് സ്വീകരിച്ചുവരുന്ന തന്ത്രങ്ങള്‍ ബിസിനസില്‍ മികച്ച പ്രകടനം സാധ്യമാക്കുന്നുവെന്ന് സൗത്ത് ഇന്ത്യന്‍ ബാങ്ക് എംഡിയും സിഇഒയുമായ പി. ആര്‍. ശേഷാദ്രി പറഞ്ഞു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com