ഇനി ഏത് ആശുപത്രിയിലും ക്യാഷ് ലെസ് ട്രീറ്റ്‌മെന്റ്; ഹെല്‍ത്ത് ഇന്‍ഷുറന്‍സ് ചട്ടം പരിഷ്‌കരിച്ചു

ഹെല്‍ത്ത് ഇന്‍ഷുറന്‍സ് കമ്പനികളുമായി കൂടിയാലോചനകള്‍ നടത്തിയതിന്റെ അടിസ്ഥാനത്തിലാണ് ജനറല്‍ ഇന്‍ഷുറന്‍സ് കൗണ്‍സില്‍ പുതിയ ചട്ടത്തിന് രൂപം നല്‍കിയത്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രംഎക്സ്പ്രസ്

ന്യൂഡല്‍ഹി: ഇന്ന് ഹെല്‍ത്ത് ഇന്‍ഷുറന്‍സ് എടുക്കാത്തവര്‍ ചുരുക്കമായിരിക്കും. ചികിത്സാ ആവശ്യങ്ങള്‍ വന്നാല്‍ ഇന്‍ഷുറന്‍സ് പരിരക്ഷ ലഭിക്കുന്ന തൊട്ടടുത്തുള്ള നെറ്റ്‌വര്‍ക്ക് ആശുപത്രികളുടെ പട്ടിക പോളിസി ഉടമകള്‍ നോക്കുന്നത് സാധാരണമാണ്. എന്നാല്‍ ജനറല്‍ ഇന്‍ഷുറന്‍സ് കൗണ്‍സിലിന്റെ പുതിയ ചട്ടം അനുസരിച്ച് ഏത് ആശുപത്രിയിലും രോഗികള്‍ക്ക് ക്യാഷ് ലെസ് ട്രീറ്റ്‌മെന്റ് ലഭിക്കും. ഇന്‍ഷുറന്‍സ് കമ്പനിയുടെ നെറ്റ് വര്‍ക്കിലുള്ള ആശുപത്രി അല്ലെങ്കില്‍ കൂടി രോഗികള്‍ക്ക് ക്യാഷ് ലെസ് ട്രീറ്റ്‌മെന്റിന് ആശുപത്രി തെരഞ്ഞെടുക്കാന്‍ കഴിയുന്നവിധമാണ് പുതിയ ചട്ടത്തിന് രൂപം നല്‍കിയത്. ജനുവരി 25നാണ് പുതിയ ചട്ടം പ്രാബല്യത്തില്‍ വന്നത്.

ഹെല്‍ത്ത് ഇന്‍ഷുറന്‍സ് കമ്പനികളുമായി കൂടിയാലോചനകള്‍ നടത്തിയതിന്റെ അടിസ്ഥാനത്തിലാണ് ജനറല്‍ ഇന്‍ഷുറന്‍സ് കൗണ്‍സില്‍ പുതിയ ചട്ടത്തിന് രൂപം നല്‍കിയത്. ഇനി രോഗത്തിന് ഏത് ആശുപത്രിയിലും ക്യാഷ്‌ലെസ് ട്രീറ്റ്‌മെന്റിന് പോളിസി ഉടമയ്ക്ക് സമീപിക്കാം. ഇന്‍ഷുറന്‍സ് കമ്പനിയുടെ നെറ്റ് വര്‍ക്കിന് കീഴിലുള്ള ആശുപത്രിയായിരിക്കണമെന്ന നിലവിലെ നിബന്ധന എടുത്ത് കളഞ്ഞു കൊണ്ടാണ് പുതിയ ചട്ടം നിലവില്‍ വന്നത്.

നിലവില്‍ ഇന്‍ഷുറന്‍സ് കമ്പനിയുമായി കൈകോര്‍ത്തിരിക്കുന്ന ആശുപത്രികളിലാണ് ക്യാഷ് ലെസ് ട്രീറ്റ്‌മെന്റ് ലഭിക്കുന്നത്. നെറ്റ് വര്‍ക്കിന് പുറത്തുള്ള ആശുപത്രിയില്‍ ചികിത്സ തേടിയാല്‍ ചെലവഴിച്ച തുക തിരിച്ച് ലഭിക്കുന്നതിന് പോളിസി ഉടമ റീഇംബേഴ്‌സ്‌മെന്റ് ക്ലെയിം നല്‍കുന്നതാണ് ഇതുവരെയുള്ള രീതി. ഇതിലാണ് മാറ്റം കൊണ്ടുവന്നത്.

ജനറല്‍ ഇന്‍ഷുറന്‍സ് കൗണ്‍സിലിന്റെ പുതിയ ചട്ടം അനുസരിച്ച് ക്യാഷ് ലെസ് ട്രീറ്റ്‌മെന്റ് തേടുന്ന പോളിസി ഉടമകള്‍ക്ക് മുന്നില്‍ ചില നിബന്ധനകളും വച്ചിട്ടുണ്ട്. ആശുപത്രിയില്‍ അഡ്മിറ്റ് ആകുന്നതിന് 48 മണിക്കൂര്‍ മുന്‍പ് തന്നെ ഇന്‍ഷുറന്‍സ് കമ്പനിയെ പോളിസി ഉടമകള്‍ വിവരം അറിയിക്കണം. തീയതി മുന്‍കൂട്ടി നിശ്ചയിച്ച് നടത്തുന്ന ചികിത്സകള്‍ക്കാണ് ഇത് ബാധകമാകുക. എന്നാല്‍ അടിയന്തര ചികിത്സകള്‍ക്ക് ആശുപത്രിയില്‍ അഡ്മിറ്റ് ആകുന്നതിന് 48 മണിക്കൂറിനുള്ളില്‍ ഇന്‍ഷുറന്‍സ് കമ്പനിയെ അറിയിക്കണം.ക്യാഷ് ലെസ് ട്രീറ്റ്‌മെന്റ് സൗകര്യം ഇന്‍ഷുറന്‍സ് കമ്പനിയുടെ പ്രവര്‍ത്തന മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ക്ക് വിധേയമായിരിക്കുമെന്നും ചട്ടത്തില്‍ പറയുന്നു.

പ്രതീകാത്മക ചിത്രം
മൈക്രോസോഫ്റ്റിലും പിരിച്ചുവിടല്‍; 1900 ജീവനക്കാര്‍ പുറത്തേയ്ക്ക്

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com