'കോഴി പറന്നുവന്നപ്പോള്‍ ലീഗ് അണികള്‍ ചിതറിയോടി'

'കോഴി പറന്നുവന്നപ്പോള്‍ ലീഗ് അണികള്‍ ചിതറിയോടി'
'കോഴി പറന്നുവന്നപ്പോള്‍ ലീഗ് അണികള്‍ ചിതറിയോടി'

മുസ്ലിം ലീഗ് കേരള രാഷ്ട്രീയ ചരിത്രത്തിൽ സമാനതകളില്ലാത്ത ഒരു പാർട്ടിയാണ്. 'ഹലാൽ ' രാഷ്ട്രീയം ആദ്യം തുറന്നത് മുസ്ലിം ലീഗാണ്. പാണക്കാട് തങ്ങന്മാരുടെ ആശിർവാദം എപ്പോഴും ആ പാർട്ടിക്ക് തണലും മുസ്ലിം / സുന്നി പിന്തുണയും ഉറപ്പു വരുത്തി. ഞങ്ങളുടെ നാട്ടിലെ മുസ്ലിം ലീഗ് കോട്ടയിൽ ഐ.എൻ.എൽ രൂപപ്പെട്ടപ്പോൾ മുസ്ലിം ലീഗിൻ്റെ പ്രാദേശിക തലത്തിൽ അറിയപ്പെടുന്ന തലമുതിർന്ന ഒരു നേതാവ് പറഞ്ഞു: ഇവിടെ മുസ്ലിം കുടുംബത്തിൽ ജനിക്കുന്ന ഓരോ കുഞ്ഞും ആദ്യം മുസ്ലിം ലീഗും പിന്നെ മുസ്ലിമുമാണ്!'


ജന്മത്തിൽ തന്നെ  മതത്തോടൊപ്പം പാർട്ടിയിലും ജനിച്ചു വീഴുന്ന രാഷ്ട്രീയ വിസ്മയത്തിൻ്റെ പേരാണ് മുസ്ലിം ലീഗ്. രാഷ്ട്രീയ എതിരാളികളുമായി കട്ട പോരിനിറങ്ങുന്ന പാർട്ടി. പച്ചയെന്നാൽ കടുകട്ടി പച്ച. 'യു.ഡി.എഫിൻ്റെ 'ബർക്കത്താണ് ' മുസ്ലിം ലീഗ്. ലീഗ് വെയിലത്ത് നിൽക്കും, വിയർക്കും, ഓരോ വോട്ടും പെട്ടിയിലാക്കും, അവസാനം കോൺഗ്രസ് അധികാരം കൊയ്യും -അതാണ് നടപ്പു രീതി.'മതേതരത്വത്തിന് 'പോറൽ വീഴും എന്ന ഭയം കാരണം, ഏറെ ആലോചിച്ചിട്ടേ ' മുസ്ലിംകൾക്കനുകൂലമായ 'എന്തെങ്കിലും കാര്യത്തിൽ അഭിപ്രായം പറയൂ. പത്തര മാറ്റ് സെക്യുലർ പാർട്ടിയാണ്. കോൺഗ്രസ് ബക്കറ്റിലിടുന്ന എച്ചിൽ നക്കിയാണ് ഉപജീവനമെങ്കിലും, തറവാടിത്തം കൊണ്ട് അത് തുറന്നു പറയില്ല.'നമ്മളല്ലേ കോൺഗ്രസിനെ ജയിപ്പിച്ചത് ' എന്ന് വീമ്പിളക്കും, അതങ്ങ് സമ്മതിച്ചു കൊടുക്കുന്നതിൽ കോൺഗ്രസ്സിന് വിരോധവുമില്ല.

മുറ്റമടിക്കാനും അടുക്കളപ്പണിക്കും ആളെ കിട്ടാത്ത കാലമാണ്. അങ്ങനെയെല്ലാം ചെയ്യുന്ന ഒരു പാർട്ടി ഒപ്പമുണ്ടെങ്കിൽ, തറവാട് മുഴുവൻ ചിതലരിച്ചാലും മുറ്റവും തൊടിയും വൃത്തിയായി നിൽക്കും. മുസ്ലിം ലീഗ് കേരളത്തിൽ ഭരണത്തിൽ വരണമെന്ന് ആത്മാർഥമായി ആഗ്രഹിക്കുന്ന ഒരു വിഭാഗമുണ്ട്, കത്തോലിക്കാ സഭ മുസ്ലിമുകളെ തഴഞ്ഞാലും സഭയെ പിണക്കില്ല.കാരണം, ഒരു മതേതര പാർട്ടിയാണല്ലൊ.


മുസ്ലിം ലീഗിനെ ആർ.എസ്.എസിനു പോലും ഉള്ളു കൊണ്ട് ഇഷ്ടമാണ്.' കോലീബി "സഖ്യത്തിൻ്റെ പരീക്ഷണങ്ങൾക്ക് വിശ്വാസത്തോടെ സമീപിക്കാവുന്ന പാർട്ടിയാണ്. ഹിന്ദു ഐക്യവേദി ശബരിമല വിഷയത്തിൽ ജാഥ നയിച്ചപ്പോൾ നാരങ്ങാവെള്ളം കൊടുത്ത പാർട്ടിയാണ്. നയിക്കാൻ കുഞ്ഞാലിക്കുട്ടിയുള്ളപ്പോൾ പാർട്ടി നേതൃത്വത്തിൽ ഒരു 'കുഞ്ഞാമിന 'യും വേണ്ട എന്നുറപ്പിച്ച പാർട്ടിയാണ്. ആണുങ്ങളുടെ പാർട്ടി.


ഇന്ന് മുസ്ലിം ലീഗിൻ്റെ ദിനമാണ്. മുസ്ലിം ലീഗ്  നില നിൽക്കണം. മതേതര മുസ്ലിം പാർട്ടി എന്ന പ്രതിച്ഛായ ഒരു മുസ്ലിം പാർട്ടിക്കെങ്കിലും വേണമല്ലൊ. ആ നിലയിൽ മുസ്ലിം ലീഗ് രാഷ്ട്രീയത്തിലെ മനോഹരമായ ഒരു കാവ്യബിംബമാണ്.ഈ ദിനത്തിൽ തീർച്ചയായും ഓർമിക്കപ്പെടേണ്ട പേര്, സേട്ടു സാഹിബിൻ്റേതാണ്. ചരിത്രത്തെ മുഖാമുഖം നോക്കി നിന്ന മനുഷ്യൻ.സേട്ടു സാഹിബ് ഐ.എൻ.എൽ രൂപീകരിച്ചപ്പോൾ ഞങ്ങളുടെ നാട്ടിൽ ഗംഭീരമായ സ്വീകരണം നൽകി. വയോധികയായ ഒരു മുസ്ലിം സ്ത്രീ തട്ടമിട്ട് വന്ന്, വഴിയരികിൽ നിന്ന് 'സേട്ടു സാഹിബ്, സിന്ദാബാദ് ' എന്ന് മുദ്രാവാക്യം വിളിച്ചു. പിന്നീട് ഒരു പഞ്ചായത്ത് തിരഞ്ഞെടുപ്പ് കാലത്ത്, മുസ്ലിം ലീഗിൻ്റെ 'നോട്ടപ്പുള്ളി'യായ ഈ സ്ത്രീയുടെ പുരയുടെ മുന്നിൽ നിന്ന് ലീഗ് ചെറുപ്പക്കാർ കൂട്ടത്തോടെ നിന്ന് മുദ്രാവാക്യം വിളിച്ചു. "മുസ്ലിം ലീഗ് സിന്ദാബാദ്, സേട്ടു സാഹിബ് മുർദ്ദാബാദ്! ' അതായിരുന്നു ,മുദ്രാവാക്യം. അപ്പോൾ ആ സ്ത്രീ അടുക്കളമുറ്റത്തേക്ക് പോയി താൻ പോറ്റുന്ന കോഴികളിൽ ഒന്നിന്നെ പിടിച്ച്  മുദ്രാവാക്യം വിളിച്ചു നിൽക്കുന്ന ലീഗ് അണികളുടെ മേലേക്ക്  കോഴിയെ പറത്തി വിട്ട് പറഞ്ഞു: ഞാൻ പോറ്റ്ന്ന കോഴി പോലും വിളിക്കും, സേട്ടു സാഹിബ് സിന്ദാബാദ്!'


ലീഗ് അണികൾ ചിതറിയോടി. ചരിത്രത്തിൽ കോഴിയെ പറപ്പിച്ച് ആണുങ്ങളുടെ ജാഥയെ  തോൽപിച്ച ആ സ്ത്രീയെ ,മുസ്ലിം ലീഗ് സ്ഥാപന ദിനത്തിൽ ഓർക്കുന്നു. ചരിത്രം  മൈക്കിലൂടെ മുഴങ്ങുന്ന ആൺ ശബ്ദങ്ങളുടേതു മാത്രമല്ല, അറിയപ്പെടാത്ത, രേഖപ്പെടുത്താതെ പോയ ഇത്തരം പെൺ ശബ്ദങ്ങളുടേതു കൂടിയാണ്. മുസ്ലിം ലീഗിലെ ഉറ്റമിത്രങ്ങൾക്ക് ,അഭിവാദ്യങ്ങൾ. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com