ആ ട്രോളുകളില്‍ എന്നെ ഏറ്റവുമധികം രസിപ്പിച്ചത് ഇതാണ്; ചിന്താ ജെറോം പറയുന്നു 

ട്രോളുകളെ വളരെ ആസ്വാധ്യകരമായി കാണുന്ന ഒരാളായതുകൊണ്ടുതന്നെ തന്നെകുറിച്ചുവന്ന ട്രോളുകളും ആസ്വദിക്കുകയാണുണ്ടായതെന്ന് ചിന്ത പറയുന്നു 
ആ ട്രോളുകളില്‍ എന്നെ ഏറ്റവുമധികം രസിപ്പിച്ചത് ഇതാണ്; ചിന്താ ജെറോം പറയുന്നു 

ട്രോളര്‍മാരുടെ ഏറ്റവും പുതിയ ഇരകളില്‍ ഒരാളാണ് യുവജനകമ്മീഷണ്‍ ചെയര്‍പേഴ്‌സണും എസ്എഫ്‌ഐ നേതാവുമായ ചിന്താ ജെറോം. യൂട്യൂബില്‍
റെക്കോര്‍ഡ് ഹിറ്റുകള്‍ നേടികൊണ്ടിരിക്കുന്ന മോഹന്‍ലാല്‍ ചിത്രം വെളിപാടിന്റെ പുസ്തകത്തിലെ 'എന്റമ്മേടെ ജിമ്മിക്കി കമ്മല്‍' എന്നുതുടങ്ങുന്ന പാട്ടിനെകുറിച്ചുള്ള ചിന്തയുടെ അഭിപ്രായപ്രകടനങ്ങള്‍ നിരവധി വിമര്‍ശനങ്ങള്‍ക്ക് വിധേയമാകുകയായിരുന്നു. ചര്‍ച്ചചെയ്യപ്പെട്ടുകൊണ്ടിരിക്കുന്ന ചിന്തയുടെ വാക്കുകളെകുറിച്ച് അവര്‍ പറയുന്നതിങ്ങനെ, 'അതൊരു 28മിനിറ്റ് ദൈര്‍ഘ്യമുള്ള പ്രസംഗമായിരുന്നു. അതിലെ 40സെക്കന്റുകള്‍ മാത്രമാണ് ചര്‍ച്ചചെയ്യപ്പെടുന്നത്. ഏതൊരു ശ്രഷ്ടിയാണെങ്കിലും അത് ആളുകളിലേക്ക് എത്തുപ്പോള്‍ അതിന് നല്‍കുന്ന വ്യാഖ്യാനങ്ങള്‍ പലതായിരിക്കുമല്ലോ? ഞാന്‍ പറയാന്‍ ഉദ്ദേശിച്ചത് വളരെ സപഷ്ടമായി പ്രസംഗത്തില്‍ പറഞ്ഞിട്ടുണ്ട്. അത് ഏത് തരത്തിലാണ് ശ്രോതാക്കള്‍ വിലയിരുത്തുന്നത് എന്നുള്ളത് അവരുടെകൂടെ കാഴ്ചപാടിന്റെ അടിസ്ഥാനത്തിലായിരിക്കും. ഞാനതില്‍ പറയാന്‍ ഉദ്ദേശിച്ചതും, പണ്ടുമുതലെ ഞാന്‍ എടുക്കുന്ന നിലപാടും കലയ്ക്ക് സാമൂഹിക പരിവര്‍ത്തനത്തിന് ഇടപെടേണ്ട ഒരു ദൗത്യമുണ്ട് എന്ന് തന്നെയാണ്. കല കലയ്ക്ക്‌വേണ്ടി മാത്രം എന്ന വാദഗതിയോടല്ല ഞാന്‍ ചേര്‍ന്നുനില്‍കുന്നത്. അതുകൊണ്ടുതന്നെ ഇത്തരം ഗാനങ്ങളെകുറിച്ച് നമ്മള്‍ ചര്‍ച്ച ചെയ്യണം എന്നാണ് ഞാന്‍ ഉദ്ദേശിച്ചത്'. അല്ലാതെ ആ ഗാനം മോശമാണെന്നോ അതിന്റെ വരികളെകുറിച്ച് വിധിയെഴുതാനോ ഒന്നും മുതിര്‍ന്നിട്ടില്ലെന്നും ചര്‍ച്ചകള്‍ ഉണ്ടാകണം എന്ന് മാത്രമേ പറഞ്ഞിട്ടൊള്ളുയെന്നും ചിന്ത പ്രതികരിക്കുന്നു.

ട്രോളുകളെ വളരെ ആസ്വാധ്യകരമായി കാണുന്ന ഒരാളായതുകൊണ്ടുതന്നെ തന്നെകുറിച്ചുവന്ന ട്രോളുകളും ആസ്വദിക്കുകയാണുണ്ടായതെന്ന് ചിന്ത പറയുന്നു. തിരക്കുള്ള ജീവിതത്തെ രസകരമാക്കാന്‍ കഴിയുന്നത് ഇത്തരം കാര്യങ്ങളിലൂടെയാണ്. നൈസര്‍ഗ്ഗികമായി പ്രതികരിക്കുകയും ക്രിയേറ്റീവായ അവരുടെ ആശയങ്ങള്‍ അവതരിപ്പിക്കുകയും ചെയ്യുന്നതിനെ വളരെ പോസിറ്റീവായാണ് കാണുന്നത്. ചിന്ത പറയുന്നു.

യഥാര്‍ത്ഥത്തില്‍ ആ പാട്ടിലെ വാക്കുകളെ ഇഴകീറി പരിശോദിക്കുകയായിരുന്നില്ല താന്‍ ചെയ്തത് എന്നിരുന്നാലും അതുമായി ബന്ധപ്പെട്ടുവന്ന ഒട്ടുമിക്ക ട്രോളുകളും കണ്ടിരുന്നെന്ന് ചിന്ത പറയുന്നു. ഏറ്റവും ഇഷ്ടപ്പെട്ട ട്രോളേത് എന്ന ചോദ്യത്തിന് മറുപടി പറയാന്‍ ചിന്തയ്ക്ക് അധികം ആലോചിക്കേണ്ടി പോലും വന്നില്ല. ശാന്തമീരാത്രിയില്‍ വാദ്യഘോഷാദികള്‍ കൊണ്ടുവാ എന്ന പാട്ട് വച്ച് ശാന്തമായിരിക്കുന്ന രാത്രിയില്‍ അലബുണ്ടാക്കുന്നവര്‍കെതിരെ കേസുകൊടുക്കണം എന്ന രീതിയില്‍ വന്ന ട്രോളാണ് ചിന്തയ്ക്ക് എറ്റവും ഇഷ്ടമായത്. അതു വായിച്ച് താന്‍ കുറേനേരം ചിരിച്ചെന്നും വളരെ രസകരമായി തോന്നിയ ട്രോള്‍ ആയിരുന്നു അതെന്നും ചിന്ത പറയുന്നു. 

തനിക്കെതിരെ ഇപ്പോള്‍ ഉയരുന്ന അഭിപ്രായപ്രകടനങ്ങള്‍ താനൊരു സ്ത്രീയായതുകൊണ്ട് ഉയര്‍ന്നുവന്നതാണെന്ന് കരുതുന്നില്ലെന്ന് ചിന്ത പറയുന്നു. വിമര്‍ശനങ്ങളിലൂടെയാണ് സമൂഹം എന്നും വളര്‍ന്ന് വന്നിട്ടുള്ളത് എന്നതുകൊണ്ടുതന്നെ സ്വയം വിമര്‍ശനങ്ങളും തെറ്റുകളും തിരുത്തലുകളുമെല്ലാം എല്ലാരുടെയും ഭാഗത്തുനിന്നുണ്ടാകണമെന്ന് ചിന്ത അഭിപ്രായപ്പെട്ടു. തെറ്റുകള്‍ ചൂണ്ടികാണിക്കാത്ത സമൂഹത്തെയാണ് നമ്മള്‍ ഭയക്കേണ്ടതെന്നും ആരോഗ്യപരമായ ചര്‍ച്ചകള്‍ ഉയര്‍ന്നുവരട്ടെ എന്നുതന്നെയാണ് തന്റെ നിലപാടെന്നും ചിന്ത കൂട്ടിച്ചേര്‍ക്കുന്നു. 

കേരളത്തിലെ എല്ലാ അമ്മമാരും ജിമ്മിക്കിയും കമ്മലും ഇടുന്നവരല്ല, ആ കമ്മല്‍ മോഷ്ടിക്കുന്നവരല്ല അച്ഛന്‍മാര്‍. അഥവാ ആ ജിമ്മിക്കി കമ്മല്‍ ആരെങ്കിലും മോഷ്ടിച്ചാല്‍ അതിന് ബ്രാന്‍ഡി കുടിക്കുന്നവരല്ല അമ്മമാര്‍ എന്നാണ് പാട്ടിനെ കുറിച്ച് ചിന്ത തന്റെ പ്രസംഗത്തില്‍ പരാമര്‍ശിച്ചിരുന്നത്. ആ പാട്ട് എന്തുകൊണ്ട് ഹിറ്റായി എന്നത് ചര്‍ച്ചക്ക് വിധേയമാക്കണമെന്നും ചിന്ത അഭിപ്രായപ്പെട്ടിരുന്നു. ഷാന്‍ റഹ്മാനും അഭിനേതാവും തിരക്കഥാകൃത്തുമായ മുരളി ഗോപിയും ഉള്‍പ്പെടെയുള്ള താരങ്ങളാണ് ചിന്തയെ വിമര്‍ശിച്ച് രംഗത്തെത്തിയത്.

അനില്‍ പനച്ചൂരാനാണ് വരികള്‍ രചിച്ച ഈ ഗാനം പാടിയിരിക്കുന്നത് വിനീത് ശ്രീനിവാസനും രഞ്ജിത് ഉണ്ണിയും ചേര്‍ന്നാണ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com