വിവാഹ ദിനം ഏറ്റവും സ്പെഷ്യല്‍ ആക്കണമെന്ന് ചിന്തിക്കുന്നവരാണ് നമ്മള് എല്ലാവരും. റബേക്ക മറൈന്‍ എന്ന 31 കാരിയായ മോഡലിനും തന്റെ വിവാഹ ദിനത്തെക്കുറിച്ച് സ്വപ്നങ്ങളുണ്ടായിരുന്നു. പക്ഷേ ആ സ്വപ്നങ്ങള്‍ റബേക്കയ്ക്ക് വേണ്ടി മാത്രമുള്ളതായിരുന്നില്ല. ഈ ലോകത്തെ തന്നെ ഇരുത്തി ചിന്തിപ്പിക്കുന്നതായിരുന്നു. നിറത്തെക്കുറിച്ചും ശരീര വൈകല്യങ്ങളെക്കുറിച്ചും ഓര്‍ത്ത് ദുഃഖിക്കുന്നവര്‍ കാണേണ്ടതാണ് റബേക്ക ഉയര്‍ത്തിപ്പിടിച്ചിരിക്കുന്ന തങ്ക കൈകള്‍. നിങ്ങളെ കാണിക്കാന്‍ വേണ്ടി തന്നെയാണ് അവള് ആ കൈകള്‍ ധരിച്ചിരിക്കുന്നത്.
വലതു കൈ ഇല്ലാതെയാണ് റബേക്ക ജനിച്ചത്. എന്നാല്‍ ഈ വൈകല്യം ഒരിക്കലും അവളെ തളര്‍ത്തിയില്ല. എല്ലാ പ്രതിസന്ധികളേയും തരണം ചെയ്ത് അവള് അറിയപ്പെടുന്ന ഒരു മോഡലായി. തന്റെ സ്പേഷ്യല്‍ ഡേയ്ക്ക് തന്റെ ഇല്ലായ്മയെ വിളിച്ചു പറഞ്ഞ് മാതൃകയാവുകയാണ് റബേക്ക. വിവാഹത്തിന് മറ്റെന്തിനേക്കാളും കൈകള്‍ക്ക് പ്രാധാന്യം നല്‍കണമെന്ന് അവള് തീരുമാനിച്ചു. അങ്ങനെയാണ് സ്വര്‍ണ്ണ നിറത്തിലുള്ള കൈകള്‍ അവള് സ്വന്തമാക്കുന്നത്.
തന്റെ കൈകള്‍ എല്ലാവരും ശ്രദ്ധിക്കണം ഉദ്ദേശത്തോടെ തന്നെയാണ് അവള്‍ക്കുണ്ടായിരുന്നത്. കാരണം കൈകള്‍ ഇല്ലാതെ ജീവിതത്തിലുണ്ടാക്കിയ നേട്ടങ്ങളില്‍ അവള് അഭിമാനം കൊണ്ടിരുന്നു. ഏപ്രില്‍ ഏഴിനാണ് റബേക്ക ജാറെഡ് പാസ്റ്ററിനെ വിവാഹം കഴിക്കുന്നത്. വിവാഹത്തിനും തന്റെ ഹണിമൂണിലും ഈ കൈകള്‍ തന്നെയാണ് റബേക്ക ഉപയോഗിച്ചത്.
അംഗവൈകല്യവുമായാണ് റെബേക്ക ജനിക്കുന്നത്. ഈ വൈകല്യം വരാന്‍ കാരണം എന്താണെന്ന് ഇതുവരെ ആര്‍ക്കും അറിയില്ല. ചെറുപ്പത്തില്‍ തന്റെ വൈകല്യത്തെക്കുറിച്ച് അവള് ബോധവതിയായിരുന്നില്ല. എന്നാല്‍ പ്രായമായി വരുംതോറും മറ്റുള്ളവരുടെ ചോദ്യങ്ങള്‍ അവളെ അരക്ഷിതാവസ്ഥയിലേക്ക് തള്ളിവിട്ടു.
പിന്നീട് 22ാം വയസില്‍ പ്രോസ്തെറ്റിക് കൈകള്‍ വെക്കാന്‍ തുടങ്ങിയതോടെയാണ് അവളുടെ ആത്മവിശ്വാസം ഉയര്‍ന്നത്. പതിയെ റബേക്ക തന്റെ സ്വപ്നങ്ങള്‍ യാഥാര്‍ത്ഥ്യമാക്കാന്‍ തുടങ്ങി. മോഡലിങ് കരിയര്‍ ആരംഭിച്ചു. ഇപ്പോള്‍ ഒരു വലിയ സന്ദേശം ലോകത്തിന് പകരാനുള്ള ദൗത്യത്തിലാണ് റബേക്ക. ബോഡി പോസിറ്റിവിറ്റിയെക്കുറിച്ച്. തന്റെ പുതിയ വെപ്പു കൈകള്‍ അതിന് സഹായിക്കുമെന്ന വിശ്വാസത്തിലാണ് ഈ സുന്ദരി.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ