ജടായുവിനെ ഇനി തൊട്ടടുത്ത് നിന്ന് കാണാം: ആകാശക്കാഴ്ചയൊരുക്കി കേബിള്‍ കാര്‍ സജ്ജമായി

ജടായുപ്പാറയുടെ മുകളിലെത്താന്‍ വിദേശത്തുനിന്ന് ഇറക്കുമതി ചെയ്ത കേബിള്‍ കാര്‍ സജ്ജമായി. 
ജടായുവിനെ ഇനി തൊട്ടടുത്ത് നിന്ന് കാണാം: ആകാശക്കാഴ്ചയൊരുക്കി കേബിള്‍ കാര്‍ സജ്ജമായി

കൊല്ലം: ലോകത്തിലെ ഏറ്റവും വലിയ പക്ഷിശില്‍പമാണ് ജഡായു. സമുദ്രനിരപ്പില്‍നിന്ന് 750 അടി ഉയരത്തില്‍ സ്ഥിതിചെയ്യുന്ന ഇതിന്റെ മനോഹാരിതയും നോക്കെത്താദൂരത്തോളം പരന്നുകിടക്കുന്ന പച്ചപ്പും പശ്ചിമഘട്ട മലനിരയും ഇനി കുറച്ചുകൂടി നന്നായി ആസ്വദിക്കാം. ജടായുപ്പാറയുടെ മുകളിലെത്താന്‍ വിദേശത്തുനിന്ന് ഇറക്കുമതി ചെയ്ത കേബിള്‍ കാര്‍ സജ്ജമായി. 

കൊല്ലം ചടയമംഗലത്തെ ജടായു എര്‍ത്ത്‌സ് സെന്ററില്‍ അത്യാധുനിക സാങ്കേതികവിദ്യയില്‍ നിര്‍മിച്ചിരിക്കുന്ന 16 കേബിള്‍ കാറുകളാണ് ഒരുക്കിയത്. സ്വിറ്റ്‌സര്‍ലന്‍ഡില്‍ നിര്‍മ്മിച്ചിരിക്കുന്ന കേബിള്‍ കാറിന്റെ ഘടകങ്ങള്‍ കപ്പല്‍ മാര്‍ഗമാണ് കൊച്ചിയില്‍ എത്തിച്ചത്. ഒന്നരമാസമാണ് ഇതിനു വേണ്ടിവന്നത്. കേബിള്‍ കാറുകളും അനുബന്ധ സാമഗ്രികളും കൂറ്റന്‍ ട്രെയിലറുകളിലാണ് കൊച്ചിയില്‍നിന്ന് ചടയമംഗലത്തേക്ക് റോഡുമാര്‍ഗം കൊണ്ടുവന്നത്. 220 പേരാണ് കേബിള്‍ കാര്‍ സംവിധാനം സ്ഥാപിക്കുന്നതിന്റെ വിവിധ ഘട്ടങ്ങളില്‍ നേരിട്ട് പങ്കാളികളായത്. ചിങ്ങ ഒന്നിനാണ് കേബിള്‍ കാറുകള്‍ ഉദ്ഘാടനം ചെയ്യുന്നത്. 

കേബിള്‍ കാറുകള്‍ക്ക് വേണ്ടി 40 കോടിയോളം രൂപയാണ് മുതല്‍ മുടക്കിയിരിക്കുന്നത്. എന്നാല്‍ 400 രൂപ മാത്രമാണ് ജടായുപ്പാറയുടെ മുകളിലേക്കും താഴേക്കും സഞ്ചരിക്കുന്നതിന് ഈടാക്കുകയെന്ന് ജടായു എര്‍ത്ത്‌സ് സെന്റര്‍ സിഎംഡി രാജീവ് അഞ്ചല്‍ വ്യക്തമാക്കി.

പാറക്കെട്ടുകള്‍ നിറഞ്ഞ ജടായുപ്പാറയിലെ കുത്തനെയുള്ള ഭൂപ്രകൃതിയില്‍ സാധാരണ റോപ് വേ അപകടകരമാകുമെന്നതിനാലാണ് അത്യാധുനിക കേബിള്‍ കാര്‍ സംവിധാനം ഇറക്കുമതി ചെയ്യാന്‍ തീരുമാനിച്ചത്. കിഴുക്കാംതൂക്കായ പാറക്കെട്ടുകള്‍ക്കിടയില്‍ കേബിള്‍ കാറിന്റെ റോപ്പുകള്‍ ഘടിപ്പിക്കാനുള്ള ടവറുകള്‍ സ്ഥാപിച്ചത് ഏറെനാളത്തെ സുരക്ഷാ പരിശോധനകള്‍ക്കു ശേഷമാണ്. യൂറോപ്യന്‍ സാങ്കേതികവിദ്യയില്‍ നിര്‍മിച്ച കേബിള്‍ കാറിന് പരിസ്ഥിതി മലിനീകരണമില്ലെന്ന പ്രത്യേകതയുമുണ്ട്. ഉത്തരേന്ത്യന്‍ കമ്പനിയായ ഉഷാ ബ്രേക്കോയ്ക്കാണ് കേബിള്‍ കാര്‍ സംവിധാനത്തിന്റെ നിര്‍വഹണച്ചുമതല.

ജടായുപ്പാറയുടെ താഴ്‌വാരത്ത് നിര്‍മിച്ച ബേസ് സ്‌റ്റേഷനില്‍നിന്ന് പാറമുകളിലെ ശില്പത്തിന് അരികിലെത്താന്‍ കേബിള്‍ കാറില്‍ പത്ത് മിനിറ്റില്‍ താഴെ മതി. ഒരു കേബിള്‍ കാറില്‍ ഒരേസമയം എട്ടുപേര്‍ക്ക് സുഖമായി യാത്ര ചെയ്യാം. 16 കാറുകള്‍ സുസജ്ജം. 512 പേര്‍ക്ക് ഒരേസമയം സഞ്ചരിക്കാനുള്ള ശേഷി റോപ്പിനുണ്ട്. പത്തുവര്‍ഷത്തിലേറെ നീണ്ട കാത്തിരിപ്പിനൊടുവിലാണ് 17ന് ജടായു എര്‍ത്ത്‌സ് സെന്റര്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com