നാട്ടുകാരുടെ 'കണ്ണുദോഷ'ത്തില്‍ നിന്ന് വിളകളെ സംരക്ഷിച്ച് സണ്ണി ലിയോണ്‍ ; ബിക്കിനി ചിത്രം തുണച്ചെന്ന് കര്‍ഷകന്‍
By സമകാലിക മലയാളം ഡെസ്‌ക് | Published: 14th February 2018 02:28 PM |
Last Updated: 14th February 2018 02:34 PM | A+A A- |

ഹൈദരാബാദ് : വിളനാശം ഇന്ന് രാജ്യത്ത് ഒരു വാര്‍ത്തയേ അല്ലാതായി മാറിയിട്ടുണ്ട്. എന്നാല്‍ ആളുകളുടെ "കണ്ണുദോഷം" മൂലം വിളകള്‍ നശിക്കുന്നത് തടയാന്‍ ആന്ധ്രയിലെ ഒരു കര്‍ഷകന്‍ ചെയ്ത തന്ത്രം രാജ്യത്ത് ഏറെ ചര്‍ച്ചയായിരിക്കുകയാണ്. ബോളിവുഡിലെ ഹോട്ട് സ്റ്റാര്‍ സണ്ണി ലിയോണിന്റെ ചിത്രമാണ് ഈ കര്‍ഷകന്റെ വിള സംരക്ഷകയായി മാറിയിരിക്കുന്നത്.
ആന്ധ്രപ്രദേശിലെ നെല്ലൂര്‍ ജില്ലയില്‍ ബണ്ഡാ കിണ്ടിപില്ല ഗ്രാമത്തിലെ എ ചെഞ്ചുറെഡ്ഡിയാണ് ഗ്രാമവാസികളുടെ കണ്ണുദോഷത്തില്‍ നിന്നും രക്ഷ നേടാന്‍ ബോളിവുഡ് താരം സണ്ണി ലിയോണിന്റെ ബിക്കിനി ചിത്രം വെച്ചത്. 10 ഏക്കറോളം പാടത്തില്‍ ക്വാളിഫഌര്‍, ക്യാബേജ് തുടങ്ങിയവയാണ് ചെഞ്ചുറെഡ്ഡി കൃഷിചെയ്യുന്നത്. ആ വര്‍ഷം മികച്ച വിളവാണ് തനിക്ക് ലഭിച്ചത്. എന്നാല്‍ ഗ്രാമവാസികളും വഴിയാത്രക്കാരും വിളഞ്ഞുകിടക്കുന്ന കൃഷിയിടത്തിലേക്ക് കൊതിയോടെ നോക്കുന്നത് ചെഞ്ചുറെഡ്ഡിയുടെ ശ്രദ്ധയില്‍പ്പെട്ടു.
ഇതേത്തുടര്‍ന്നാണ് ഗ്രാമീണരുടെയും വഴിപോക്കരുടെയും ശ്രദ്ധ മാറ്റാനുള്ള മാര്‍ഗത്തെക്കുറിച്ച് ചെഞ്ചുറെഡ്ഡി ആലോചിച്ചത്. തുടര്‍ന്നാണ് ഹോട്ട് സ്റ്റാര്‍ സണ്ണി ലിയോണിന്റെ ചുവന്ന ബിക്കിനി ചിത്രം സ്ഥാപിക്കുന്നത്. തെലുങ്കില്‍ "തന്നോട് അസൂയ തോന്നരുത്" എന്ന വാചകത്തോടെയാണ് ഫ്‌ലക്‌സ് സ്ഥാപിച്ചത്.
തന്ത്രം ഫലിച്ചെന്നും ഇപ്പോള്‍ ഗ്രാമീണരുടെ ശ്രദ്ധ സണ്ണി ലിയോണിന്റെ ചിത്രത്തിലേക്കാണെന്നും ചെഞ്ചു റെഡ്ഡി പറഞ്ഞു. ഇതോടെ വിളകള്‍ കണ്ണുദോഷത്തില്‍ നിന്നും രക്ഷപ്പെട്ടെന്നും, ഇത്തവണ മികച്ച വിളവ് ലഭിച്ചെന്നും ചെഞ്ചുറെഡ്ഡി വ്യക്തമാക്കി. കുറേ വര്‍ഷങ്ങളായി കൃഷിയില്‍ നിന്നുള്ള വിളവ് വളരെ മോശമായിരുന്നു. ഇത് ഗ്രാമവാസികളുടെ കണ്ണുദോഷം മൂലമാണെന്നായിരുന്നു ചെഞ്ചുറെഡ്ഡി വിശ്വസിച്ചത്.
ആന്ധ്രയിലെ ഗ്രാമ പ്രദേശങ്ങളില്‍ കണ്ണുദോഷം കിട്ടാതിരിക്കാനായി കര്‍ഷകര്‍ പാടശേഖരങ്ങളില്‍ ബൊമ്മലു ( നോക്കുകുത്തി) നാട്ടുന്നത് പതിവാണ്. എന്നാല്‍ സിനിമാതാരത്തിന്റെ ഫ്‌ലക്‌സ് വെയ്ക്കുന്നത് പുതിയ അനുഭവമാണെന്നാണ് ചിലര്‍ അഭിപ്രായപ്പെട്ടത്.