പെരുമ്പാമ്പിന്റെ പിടിയില്‍പ്പെട്ട് ജീവനുവേണ്ടി പിടയ്ക്കുന്ന ഒരു കറുത്ത നായയുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു.
തായ്‌ലന്‍ഡില്‍നിന്നുള്ള ചങ്കിടിപ്പിക്കുന്ന ദൃശ്യങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വലിയ തോതില്‍ പ്രചരിക്കുന്നത്.
ത്രില്ലര്‍ സിനിമ പോലെ ആകാംഷയും സംഭ്രമവുമുണ്ടാക്കുന്ന വീഡിയോ അതിന്റെ ക്ലൈമാക്‌സ് കൊണ്ടാണ് ഏറെ ജനപ്രിയമാകുന്നത്.
നായയെ വരിഞ്ഞുമുറുക്കി റോഡില്‍ കിടക്കുന്ന പെരുമ്പാമ്പിന്റെ ദൃശ്യങ്ങളാണ് വീഡിയോയില്‍ ആദ്യം. പെരുമ്പാമ്പിന്റെ പിടിയില്‍ നിന്നും രക്ഷപ്പെടാന്‍ കഴിയാതെ കിടക്കുന്ന പട്ടിയെ മോചിപ്പിക്കാന്‍ ഒരു കൂട്ടം നായസ്‌നേഹികള്‍ രംഗത്തുവരുന്നതാണ് പിന്നിട്. കമ്പിട്ടു കുത്തിയും തല്ലിയുമെല്ലാം പാമ്പിന്റെ പിടിയില്‍നിന്ന് നായയെ രക്ഷിക്കാന്‍ അവര്‍ നടത്തുന്ന ശ്രമങ്ങള്‍ തുടക്കത്തില്‍ വിഫലമാകുന്ന കാഴ്ചയാണ് പിന്നിടുളള നിമിഷങ്ങളില്‍. തനിക്ക് കിട്ടിയ ഇരയെ നഷ്ടപ്പെടുത്താന്‍ ഒരുക്കമല്ലെന്ന ഭാവത്തിലാണ് പെരുമ്പാമ്പ്.
രക്ഷകരുടെ ശ്രമം ഒരു ഘട്ടത്തില്‍ അല്‍പം വിജയിക്കുന്നതോടെ നായയുടെ കാലുകള്‍ അല്‍പം സ്വതന്ത്രമാകുന്നു. ഇതിനിടയില്‍ ഒരാള്‍ പെരുമ്പാമ്പിന്റെ വാല്‍ ഭാഗത്ത് പിടിച്ച് വലിക്കുന്നു. അതോടെ നായയ്ക്കു മേലുള്ള പാമ്പിന്റെ ചുറ്റുകള്‍ ഓരോന്നായി അഴിയുന്നു. എന്നാലും നായയുടെ തലഭാഗം വിഴുങ്ങുന്നതിനായി തലയില്‍ കടിച്ചു പിടിച്ചിരിക്കുകയാണ് പാമ്പ്.
ഇരു കാലില്‍ നില്‍ക്കാനായതോടെ ശക്തമായി നായ കുതറുന്നു. ഒപ്പം, മൃഗസ്‌നേഹികളുടെ ശക്തമായ പിന്തുണകൂടിയായപ്പോള്‍ പാമ്പിന്റെ വായില്‍നിന്ന് നായ കഷ്ടിച്ച് രക്ഷപ്പെടുന്നു. നായയെ രക്ഷപ്പെടുത്താന്‍ ശ്രമിക്കുന്ന മനുഷ്യര്‍ക്കൊപ്പം കട്ടയ്ക്കു നില്‍ക്കുന്ന മറ്റൊരാള്‍കൂടിയുണ്ട് വീഡിയോയില്‍. അത് പാമ്പിന്റെ പിടിയില്‍പ്പെട്ട നായയുടെ കൂട്ടുകാരനായ ഒരു വെളുത്ത നായയാണ്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ