ഉള്‍ക്കാഴ്ചയുണ്ട് വേണ്ടുവോളം; പ്രാഞ്ജാല്‍ പാട്ടീല്‍ നടന്നു കയറുന്നത് ചരിത്രത്തിന്റെ പടവുകളിലേയ്ക്ക് 

മഹാരാഷ്ട്രക്കാരി പ്രാഞ്ജാല്‍ പാട്ടീല്‍ ഇന്നു നടന്നു കയറിയത് കാക്കനാട്ടെ കളക്ടറേറ്റിന്റെ പടവുകളല്ല, കേരളചരിത്രത്തിലേയ്ക്കാണ് അവര്‍ പുഞ്ചിരിച്ചു കൊണ്ട് കാലെടുത്തുവച്ചത്
ഉള്‍ക്കാഴ്ചയുണ്ട് വേണ്ടുവോളം; പ്രാഞ്ജാല്‍ പാട്ടീല്‍ നടന്നു കയറുന്നത് ചരിത്രത്തിന്റെ പടവുകളിലേയ്ക്ക് 

ഹാരാഷ്ട്രക്കാരി പ്രാഞ്ജാല്‍ പാട്ടീല്‍ ഇന്നു നടന്നു കയറിയത് കാക്കനാട്ടെ കളക്ടറേറ്റിന്റെ പടവുകളല്ല, കേരളചരിത്രത്തിലേയ്ക്കാണ് അവര്‍ പുഞ്ചിരിച്ചു കൊണ്ട് കാലെടുത്തുവച്ചത്. കേരള കേഡറിലേയ്ക്ക് എത്തിയ കാഴ്ചയില്ലാത്ത ആദ്യ വനിതാ കേഡര്‍ എന്ന റെക്കോഡ് സൃഷ്ടിച്ചുകൊണ്ടാണ് പ്രാഞ്ജാലിന്റെ വരവ്. മാതാപിതാക്കള്‍ക്കൊപ്പം കളക്ട്രേറ്റില്‍ കലക്ടര്‍ മുഹമ്മദ് സഫിറുല്ലയുടെ ചേംബറിലെത്തിയ പ്രാഞ്ജാല്‍ മഹാരാഷ്ട്ര രത്‌നഗിരിയില്‍ നിന്നുള്ള അല്‍ഫോന്‍സ് മാമ്പഴങ്ങള്‍ സഫിറുല്ലയ്ക്കായി കരുതിയിരുന്നു. 

നന്നേ ചെറുപത്തില്‍ കാഴ്ചനഷ്ടപ്പെട്ട പ്രാഞ്ജാല്‍ പാട്ടീലിനെ ഇന്ന് അസിസ്റ്റന്റ് കളക്ടര്‍ പദവിയില്‍ എത്തിച്ചത് നിശ്ചയദാര്‍ഢ്യവും തോറ്റുകൊടുക്കാന്‍ തയ്യാറാകാത്ത മനസുമാണ്. മുംബൈ സെന്റ് സേവ്യേഴ്‌സ് കോളെജില്‍ നിന്ന് പൊളിറ്റിക്കല്‍ സയന്‍സില്‍ മികച്ച മാര്‍ക്കോടെ ബിരുദ പഠനം പൂര്‍ത്തിയാക്കി പ്രാഞ്ജാല്‍ ഡല്‍ഹി സര്‍വകലാശാലയില്‍ നിന്ന് ഇന്റര്‍ നാഷണല്‍ റിലേഷന്‍സില്‍ ബിരുദാനന്തര ബിരുദവും നേടി. പിന്നീടാണ് സിവില്‍ സര്‍വീസ് എന്ന സ്വപ്‌നം സാക്ഷാത്കരിക്കാനുള്ള പരിശ്രമങ്ങളിലേക്ക് കടന്നത്. 

2015ല്‍ യുപിഎസ്‌സിക്കു വേണ്ടി 773ാം റാങ്ക് ലഭിച്ചിരുന്നെങ്കിലും ഉയര്‍ന്ന റാങ്കിനായി പരിശ്രമം തുടരുകയായിരുന്നു. സോഫ്ട് വെയര്‍ ഉപയോഗിച്ച് പേജുകള്‍ സ്‌കാന്‍ ചെയ്തു റീഡ് ചെയ്തായിരുന്നു പഠനം. 124-ാം റാങ്കോടെ സിവില്‍ സര്‍വീസ് പരീക്ഷ വിജയിച്ചാണ് മസൂറിയിലെ ലാല്‍ ബഹാദൂര്‍ ശാസ്ത്രി അക്കാദമിയില്‍ പരിശീലനത്തിനെത്തിയത്. ആറാം വയസില്‍ കാഴ്ച നഷ്ടപ്പെട്ട പ്രാഞ്ജാലിന് താങ്ങായും തണലായും ഒപ്പമുണ്ടായിരുന്നത് മാതാപിതാക്കളും സഹോദരനുമാണ്. 

എറണാകുളം ജില്ലയുടെ സബ് കലക്ടറായി ചുമതലയേല്‍ക്കുന്നതിന്റെ സന്തോഷം പ്രാഞ്ജാല്‍ മറച്ചുവയ്ക്കുന്നില്ല. കേരളം പോലൊരു സംസ്ഥാനത്ത് ആദ്യ നിയമനം ലഭിച്ചതില്‍ സന്തോഷവും പ്രതീക്ഷകളുമുണ്ടെന്നും പുരോഗമന ചിന്താഗതിക്കാരായ നല്ല ആളുകളാണ് കേരളത്തിലുള്ളതെന്നും പ്രാഞ്ജാല്‍ പറഞ്ഞു. ചാര്‍ജ്ജെടുത്തയുടന്‍ കലക്ടറേറ്റ് അഡ്മിനിസ്‌ട്രേഷന്‍ ഹാളിലെത്തി ജീവനക്കാരെ പരിചയപ്പെട്ട പ്രാഞ്ജാല്‍ സഹപ്രവര്‍ത്തകരുടെ പിന്തുണ ആവശ്യപ്പെട്ടിരുന്നു. തനിക്ക് ഒട്ടേറെ മലയാളി സുഹൃത്തുക്കള്‍ ഉണ്ടെന്നും കേരളത്തിലേക്ക് ആദ്യമായി വരുന്നതെങ്കിലും കൂട്ടുകാര്‍ പറഞ്ഞ് കേരളവും കൊച്ചിയുമെല്ലാം തനിക്ക് വളരെയധികം പരിചിതമായ ഇടങ്ങളാണെന്ന് അവര്‍ പറഞ്ഞു. 

കളക്ട്രേറ്റിലെ സ്ഥലമെടുപ്പ്, റവന്യു റിക്കവറി, ധനകാര്യം, ഭൂ പരിഷ്‌കരണം, പൊതുഭരണം, പരാതി പരിഹാരം തുടങ്ങിയ എല്ലാ വിഭാഗങ്ങളിലും നേരിട്ടെത്തിയ പ്രാജ്ഞാല്‍ എല്ലാ വിഭാഗങ്ങളുടെയും പ്രവര്‍ത്തനത്തെകുറിച്ച് ചോദിച്ചറിഞ്ഞു. കൊച്ചിയെ കാണാനല്ല അനുഭവിച്ചറിയാനും കൊച്ചിക്കുവേണ്ടി തന്നെകൊണ്ടാവുന്നതെല്ലാം ചെയ്യാനുമാണ് എത്തിയതെന്ന് പ്രാഞ്ജാല്‍ പറഞ്ഞു. എത്രയും വേഗം മലയാളം പഠിക്കണമെന്നാണ് പ്രാഞ്ജാലിന്റെ ആഗ്രഹം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com